ഗാന്ധി സ്ഥാപിച്ച കോളജില്‍ ഇടിച്ചു കയറി ഗുജറാത്ത് പൊലീസ്; സി.എ.എ വിരുദ്ധ സമരം തടസ്സപ്പെടുത്തി

മൂന്ന് വാഹനങ്ങളിലായി പന്ത്രണ്ടിലേറെ പൊലീസുകാരാണ് ഇന്ന് രാവിലെ പത്തു മണിക്ക് പരിപാടി നടന്ന ക്യാംപസ് ഗ്രൗണ്ടിലെത്തിയത്.

ഗാന്ധി സ്ഥാപിച്ച കോളജില്‍ ഇടിച്ചു കയറി ഗുജറാത്ത് പൊലീസ്; സി.എ.എ വിരുദ്ധ സമരം തടസ്സപ്പെടുത്തി

അഹമ്മദാബാദ്: 1919ല്‍ മഹാത്മാ ഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തില്‍ നടന്ന സി.എ.എ വിരുദ്ധ പ്രതിഷേധം അലങ്കോലമാക്കി പൊലീസ്. സി.എ.എയ്‌ക്കെതിരെ പട്ടംപറത്തിയുള്ള പ്രതിഷേധത്തിനെതിരെയാണ് പൊലീസ് രംഗത്തുവന്നത്. അധികൃതരുടെ അനുമതിയില്ലാതെയാണ് പൊലീസ് ക്യാമ്പസിനകത്തേക്ക് പ്രവേശിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് പൊലീസ് ക്യാമ്പസിനകത്ത് പ്രവേശിക്കുന്നത്.

മൂന്ന് വാഹനങ്ങളിലായി പന്ത്രണ്ടിലേറെ പൊലീസുകാരാണ് ഇന്ന് രാവിലെ പത്തു മണിക്ക് പരിപാടി നടന്ന ക്യാംപസ് ഗ്രൗണ്ടിലെത്തിയത്. തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസുകാര്‍ ചോദിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

കഴിഞ്ഞയാഴ്ച വിഖ്യാതമായ ഐ.ഐ.എം അഹമ്മദാബാദിലും പ്രതിഷേധ പരിപാടി പൊലീസ് തടഞ്ഞിരുന്നു. മെഴുകുതി വെട്ടത്തില്‍ ഇരുന്ന് ഭരണഘടന വായിച്ച് നടത്തേണ്ട പ്രതിഷേധമാണ് പൊലീസ് തടഞ്ഞത്. തുറന്ന ഗ്രൗണ്ടില്‍ നടക്കേണ്ട പ്രതിഷേധം പിന്നീട് ക്ലാസ് മുറിയിലേക്ക് മാറ്റുകയായിരുന്നു.

'ഹോസ്റ്റലിന് മുമ്പില്‍ പൊലീസിനെ കണ്ട് ഞങ്ങള്‍ ഞെട്ടി. ഒരു പൊലീസുകാരന്‍ ഐ.ഡികാര്‍ഡ് ചോദിച്ചു. പ്രതിഷേധിച്ചപ്പോള്‍ പൊലീസ് ഒച്ചയെടുത്തു. ക്യാംപസില്‍ കടന്നു വരാന്‍ ആരുടെയും അനുമതി വേണ്ട എന്ന് പറഞ്ഞു' - ഗാന്ധിയന്‍ ഫിലോസഫിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹിമന്‍ഷു ശര്‍മ്മ പറഞ്ഞു.

ജെ.എന്‍.യു, ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള പൊലീസ് ക്രൂരതയില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത് എന്ന് ഗവേഷക വിദ്യാര്‍ത്ഥിയും സംഘാടകരില്‍ ഒരാളുമായ ഉത്പല്‍ ആനിഷ് പറഞ്ഞു. പ്രതിഷേധമെന്ന നിലയില്‍ സി.എ.എ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ പട്ടം പറപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്യാംപസിന് അകത്ത് ഇത്തരത്തില്‍ ഒരു പ്രതിഷേധം നടത്തുന്നതില്‍ നിയമപരമായ പ്രശ്നങ്ങളൊന്നുമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ, നിര്‍ജാരി സിന്‍ഹ, ഷംഷാദ് പത്താന്‍, നചികേത ദേശായി തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Read More >>