ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ട്; അവരുമായി സൗഹൃദമുണ്ട്- ജോണ്‍സന്റെ വെളിപ്പെടുത്തല്‍

എന്നാല്‍ കൊലപാതകത്തല്‍ തനിക്ക് പങ്കില്ല

ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ട്; അവരുമായി സൗഹൃദമുണ്ട്- ജോണ്‍സന്റെ വെളിപ്പെടുത്തല്‍

കോഴിക്കോട്: കൂടത്തായി ദുരൂഹമരണ കേസിലെ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ ജോണ്‍സണ്‍. ആ സൗഹൃദം കാരണമാണ് ഫോണില്‍ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ട്. കുടുംബത്തോടൊപ്പം വിനോദ യാത്രയും നടത്തിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തല്‍ തനിക്ക് പങ്കില്ല- ജോണ്‍സണ്‍ പറഞ്ഞു.

ജോളിയുടെയും ഷാജുവിന്റെയും വിവാഹത്തിന് വ്യാജ കത്തുണ്ടാക്കി കോടഞ്ചേരി സെന്റ് മേരീസ് പള്ളിയെ കബളിപ്പിച്ചെന്നും ജോണ്‍സണ്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. വിവാഹത്തിന് കൂടത്തായി ലൂര്‍ദ് മാതാ പള്ളി വികാരി കത്ത് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന്് പള്ളിയില്‍ നിന്ന് ലെറ്റര്‍പാഡ് മോഷ്ടിക്കുകയായിരുന്നു. ഇതിലാണ് വ്യാജ കത്തുണ്ടാക്കിയത്.

ജോളിയുമായി പണമിടപാടുകള്‍ ഇല്ലെന്നും എന്നാല്‍ പലപ്പോഴായി സ്വര്‍ണം പണയം വയ്ക്കാനായി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട് എന്നറിയുന്നു.

അറസ്റ്റിലാകും മുമ്പ് ജോളിയുടെ മൊബൈല്‍ നിന്ന് ഏറ്റവും കൂടുതല്‍ ഫോണ്‍ കോള്‍ വന്നത് ജോണ്‍സന്റെ ഫോണിലേക്കായിരുന്നു. കൂടത്തായി സ്വദേശിയായ ജോണ്‍സണ്‍ ഇപ്പോള്‍ തിരുപ്പൂരിലാണ് ജോലി ചെയ്യുന്നത്.

അതിനിടെ, കേസില്‍ പൊലീസ് പിടിയിലാകും മുമ്പ് പ്രതി ജോളി മുസ്‌ലിംലീഗ് ശാഖാ പ്രസിഡണ്ട് ഇമ്പിച്ചി മൊയ്തീനെ വിളിച്ചതായി ഫോണ്‍ രേഖകളുണ്ട്. വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായിരുന്നു വിളിയെന്ന് മൊയ്തീന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പിടിയിലാകുന്നത് മണത്തറിഞ്ഞ ജോളി ലീഗ് നേതാവിനെ നേരിട്ടു വന്നു കാണുകയും നിരന്തരം വിളിക്കുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. എന്നാല്‍ കാര്യമെന്താണ് എന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം പറയുന്നു. വക്കീലിനെ ഏര്‍പ്പാടാക്കിയിരുന്നുവെങ്കിലും മറ്റൊരു വക്കീലിനെ കണ്ടുപിടിച്ചതായി തന്നോട് ജോളി പറഞ്ഞതായും അദ്ദേഹം പൊലീസിന് മുമ്പാകെ അറിയിച്ചു.

Next Story
Read More >>