ചില ലീഗ് ബ്രാഹ്മണര്‍ പോഷക സംഘടനയില്‍ ചെലുത്തുന്ന ചാടിക്കളി നിര്‍ത്തിയേ തീരൂ: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ ഹരിത നേതാവ്

ഷഹീന്‍ ബാഗ് സ്‌ക്വായറുകള്‍ ആദ്യം തീര്‍ക്കേണ്ടത് ഇത്തരക്കാരുടെ വീട്ടുമുറ്റത്താണ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ചില ലീഗ് ബ്രാഹ്മണര്‍ പോഷക സംഘടനയില്‍ ചെലുത്തുന്ന ചാടിക്കളി നിര്‍ത്തിയേ തീരൂ: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ ഹരിത നേതാവ്

കോഴിക്കോട്: എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് റിയാസ് പുല്‍പ്പറ്റയെ നീക്കിയതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെ ഹരിത നേതാവ് ഹഫ്‌സ മോള്‍. ഫേസ്ബുക്കിലൂടെയാണ് ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട് കൂടിയായ ഹഫ്‌സയുടെ വിമര്‍ശം.

റിയാസിനെ പുറത്താക്കിയതില്‍ സംഘടനാപരമായ മര്യാദ നേതൃത്വം കാണിച്ചില്ലെന്നും ചില ലീഗ് ബ്രാഹ്മണന്മാര്‍ പോഷക സംഘടനയില്‍ ചെലുത്തുന്ന ചാടിക്കളിക്കെടാ കുട്ടിരാമ രീതി നിര്‍ത്തിയേ തീരൂ എന്നും അവര്‍ പറയുന്നു.

ഭരണഘടനാ സംരക്ഷണത്തിനും ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയുമുള്ള ഷഹീന്‍ ബാഗ് സ്‌ക്വായറുകള്‍ ആദ്യം തീര്‍ക്കേണ്ടത് ഇത്തരക്കാരുടെ വീട്ടുമുറ്റത്താണ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പിനൊപ്പം റിയാസ് പുല്‍പ്പറ്റയെ പുറത്താക്കിയ ചന്ദ്രിക ദിനപത്രത്തിലെ വാര്‍ത്താ കുറിപ്പും അറ്റാച്ച് ചെയ്തിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

സത്യത്തില്‍ നമ്മുടെ പാര്‍ട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാര്‍ കവര്‍ന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കില്‍ പിരിവെട്ടിയവനെ പോലെ നമ്മള്‍ നോക്കി നില്‍ക്കുകയാണ്. നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് താനിത് വരെ വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് തന്നെ മാറ്റി എന്ന് പത്രത്തിലൂടെ അറിയേണ്ടിവരുന്നത് എത്ര ദയനീയമാണ്. മുന്‍പ് ഹരിതയുടെ സംസ്ഥാന കമ്മിറ്റി ഇതുപോലെ പത്രവാര്‍ത്തയിലൂടെ അറിയേണ്ടിവന്നവരാണ് കഴിഞ്ഞ ഹരിത സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍. സംഘടനയ്ക്ക് കെട്ടുറപ്പുള്ള ഒരു ഭരണഘടനയും മഹിതമായ ഒരു പാരമ്പര്യവും ഉണ്ടായിരിക്കെ ഇത്തരത്തിലുള്ള ഫാസിസ്റ്റ് നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്. സ്തുതി പാടുന്നവര്‍ക്കും ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ക്കും മാത്രമേ സംഘടനയില്‍ സ്ഥാനമുള്ളൂ എന്നുള്ള മോഡി സ്‌റ്റൈല്‍ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പ്.

എം.എസ്.എഫിന്റെ ഒരു ജില്ലാ ഘടകത്തിലെ പ്രസിഡന്റിനെ മാറ്റാന്‍ സംസ്ഥാന ാളെ കമ്മിറ്റിയ്ക്കാണ് ഭരണഘടനാപരമായി അധികാരം എന്നിരിക്കെ എന്തധികാരത്തിലാണ് മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റി ഇങ്ങനെയൊരു നിലപാടെടുത്തത്.

സംഘടന തലത്തില്‍ സാമാന്യ മര്യാദയും ഭരണഘടനാപരമായ കീഴ്വഴക്കങ്ങളും കാറ്റില്‍ പറത്തി മലപ്പുറം ജില്ലയിലെ ചില ലീഗ് ബ്രാഹ്മണന്മാര്‍ പോഷക സംഘടനയില്‍ ചെലുത്തുന്ന ചാടിക്കളിക്കെടാ കുട്ടിരാമ രീതി നിര്‍ത്തിയെ തീരൂ.

ഭരണഘടനാ സംരക്ഷണത്തിനും ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയുമുള്ള ഷഹീന്‍ ഗ് സ്‌ക്വായറുകള്‍ ആദ്യം നമ്മള്‍ തീര്‍ക്കേണ്ടത് ഇത്തരക്കാരുടെ വീട്ടുമുറ്റത്താണ്.




Next Story
Read More >>