ഹവ്വ മുത്തശ്ശിയുടെ ഖബറിടത്തില്‍

'മുത്തശ്ശി' എന്നാണു ജിദ്ദ എന്ന വാക്കിന്റെ അർത്ഥം. മനുഷ്യ കുലത്തിന്റെ മുത്തശ്ശി ഈ നഗരത്തിൽ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന വിശ്വാസത്താലാണ് ഈ നഗരത്തിനു ആ പേര് ലഭിച്ചത്.

ഹവ്വ മുത്തശ്ശിയുടെ ഖബറിടത്തില്‍

കെ.എം ഇർഷാദ്

പുതുതായി താമസം മാറിയ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നാൽ കാണുന്ന ഒരു സ്ഥലമുണ്ട്, ജിദ്ദയിലെ പ്രാധാന വാണിജ്യ കേന്ദ്രമായ ബലദിന്റെ തുടക്കത്തിൽ, "ഷവർമ സൂക്കിന്റെ" തൊട്ടപ്പുറത്തായി ഒരു വലിയ മതിൽക്കെട്ട്. ജിദ്ദ എന്ന ഈ നഗരത്തിനു ആ പേര് വരാൻ കാരണമായ ഇടം.

'മുത്തശ്ശി' എന്നാണു ജിദ്ദ എന്ന വാക്കിന്റെ അർത്ഥം. മനുഷ്യ കുലത്തിന്റെ മുത്തശ്ശി ഈ നഗരത്തിൽ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന വിശ്വാസത്താലാണ് ഈ നഗരത്തിനു ആ പേര് ലഭിച്ചത്.

സ്വർഗ്ഗത്തിൽ നിന്ന് വിലക്കപ്പെട്ട കനി ഭക്ഷിച്ച് ഭൂമിയിലെത്തപ്പെട്ട ആദമും ഹവ്വയും വ്യത്യസ്ത ദേശങ്ങളിലാണ് എത്തിച്ചേര്‍ന്നത്. അതിൽ ആദം ഇന്ത്യയിലും ഹവ്വ ജിദ്ദയിലും എത്തപ്പെട്ടു. പിന്നീട് മക്കയിലെ അറഫ താഴ്വരയിൽ വെച്ച് കണ്ടുമുട്ടി എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

ശേഷമവർ നൂറ്റാണ്ടുകൾ ഭൂമിയിൽ ജീവിക്കുകയും പിന്നീടെപ്പോഴോ മരിച്ചു പോവുകയും ചെയ്തു. നരവംശ ശാസ്ത്രജ്ഞര്‍ യുഗങ്ങളായി ആദമും ഹവ്വയും എവിടെ അടക്കപ്പെട്ടുവെന്നു അന്വേഷിച്ചുകൊണ്ടിരിക്കുന്നു; ആദമിൻറെത് കണ്ടത്തിയില്ലെങ്കിലും ഹവ്വയുടേത് ജിദ്ദയിലാണന്നു വിശ്വസിക്കപ്പെടുന്നു.

ഒരു വെള്ളിയാഴ്ചയുടെ ആലസ്യത്തിൽനിന്ന് ഒറ്റക്ക് ഇറങ്ങി നടക്കുകയാണ് ആ മതിലിനു ചുറ്റും. പല പ്രാവശ്യം ഇവിടെ വരാനാഗ്രഹിച്ചിരുന്നെങ്കിലും അതൊന്നും നടന്നിരുന്നില്ല. മതിലും ചുറ്റി "മക്ബറ ഹവ്വ" എന്ന് അറബിയിൽ എഴുതി വെച്ചിട്ടുള്ള കവാടത്തിലൂടെ അകത്തേക്ക്... വലിയ ഗേറ്റും നീണ്ട ഇടനാഴിയും കഴിഞ്ഞാൽ കുറെ കോൺഗ്രീറ്റ് കളങ്ങളായി തിരിച്ചിട്ടുള്ള കബറുകൾ. കവാടത്തിൽ മൂന്നോ നാലോ സെക്യൂരിറ്റി ജീവനക്കാർ പിന്നെ സന്ദർശനത്തിനെത്തിയുട്ടുള്ള കുറച്ചു പേരും.

ഇസ്്ലാം-ക്രിസ്ത്യൻ-ജൂത വിശ്വാസ പ്രകാരം ഭൂമിയിലെ ആദ്യത്തെ മനുഷ്യരാണ് ആദമും ഹവ്വയും. മനുഷ്യ കുലത്തിന്റെ മാതാവും പിതാവും. ചരിത്രപരമായ രേഖകളോ തെളിവുകളോ ഈ ഖബറിടത്തിനില്ല; ശതാബ്ദങ്ങളായി ആളുകൾ വിശ്വസിച്ചു പോരുന്നു. അതുകൊണ്ട് തന്നെ സൗദി ഗവൺമെന്റോ ടൂറിസം വകുപ്പോ ഈ 'ചരിത്ര'സ്മാരകത്തിന് പ്രാചരണം നൽകുകയോ ആളുകളെ ഇവിടെയെത്താൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിരവധി ഉംറ തീർത്ഥാടകർ ഈ ഖബറിടം കാണാനെത്തുന്നു.

പ്രശസ്ത അമേരിക്കൻ ആർക്കിയോളജിസ്റ്റ് വില്യം ഡെവർ പറയുന്നത് "രണ്ടായിരമോ മൂവായിരമോ വർഷങ്ങളായി ഈ കഥ ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നു, പക്ഷെ നമുക്ക് മുന്നിൽ ആർക്കിയോളജിക്കലായിട്ടുള്ള ഒരു തെളിവുമില്ല" എന്നാണ്. ഹംദാനി, ഇബ്നു ജബയ്യറിനെ പോലോത്ത അറേബ്യൻ പശ്ചിമേഷ്യൻ ചരിത്രകാരൻമാർ ഇതിനു സ്ഥിരീകരണം നൽകിയപ്പോൾ, ഇബ്നു ബത്തൂത്തയെപ്പോലുള്ളവർ ഇതിനെ അവഗണിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.

സൗദി അറേബ്യയിലെ എല്ലാ കബറിടങ്ങളെയും പോലെ പ്രാവുകൾ കൂട്ടമായി കൂടി നിൽക്കുകയും, ആളുകൾ അടുത്ത് പോവുമ്പോൾ പറന്നുയരുകയും ചെയ്യുന്നു; ആ കാഴ്ചകൾ മൊബൈൽക്യാമറയിൽ പകർത്തി ഖബറിടത്തിലൂടെ കുറെ നേരം വെറുതെ നടന്നു. ഇവിടെ ആദ്യം 120 മീറ്ററോളം നീളമുള്ള വലിയ ഖബറണ്ടായിരുന്നത്രെ. ഗൂഗിളിൽ തിരഞ്ഞു നോക്കിയാൽ നമുക്ക് ആ പഴയ ചിത്രങ്ങൾ കാണാം. പിന്നീട് തീർത്ഥാടകർ ഇവിടെ വ്യാപകമായി എത്താൻ തുടങ്ങിയതോടെ 1975 ൽ ആധികാരിക ചരിത്ര പശ്ചാത്തലമില്ലാത്ത ഈ സ്ഥലം ഗവൺമെന്റ് സീൽ ചെയ്ത് തിരിച്ചറിയാൻ കഴിയാത്ത വിധം മറ്റു ഖബറുകളെപ്പോലെ ആക്കിയതാണത്രെ.

തിരിച്ച് ഗേറ്റിനടുത്തത്തിയപ്പോൾ സെക്യൂരിറ്റിക്കാരൻ അറബിയിൽ എന്തിനാണ് ഫോട്ടോ എടുത്തതെന്നും ഇവിടെ ഫോട്ടോയെടുക്കാൻ പാടില്ലന്നറിയില്ലേ എന്നും ചോദിച്ച് മൊബൈൽ വാങ്ങി. ഒരു ക്ഷമാപണം നടത്തിയോതോടെ അതിലുണ്ടായിരുന്ന ഫോട്ടോകൾ ഡിലീറ്റ് ചെയ്തു മൊബൈൽ തിരിച്ചു തന്നു. തിരിച്ച് പുറത്തിറങ്ങുമ്പോൾ നേരത്തെ മൊബൈൽ വാങ്ങിയ സെക്യൂരിറ്റിക്കരാൻ വാതിൽക്കൽ നിൽക്കുന്നുണ്ട്, അവനോട് കൈ കൊടുത്ത് സലാം പറഞ്ഞു പോവുമ്പോൾ 'ഹവ്വ മക്ബറ' എന്ന ഈ ബോർഡിന്റെ ഫോട്ടോ എടുത്തോട്ടെയെന്ന് വെറുതെ ചോദിച്ചു. ആദ്യം സമ്മതിച്ചില്ലെങ്കിലും പോകാനൊരുങ്ങുമ്പോൾ തിരിച്ചു വിളിച്ച് എടുത്തോളൂ എന്ന് പറഞ്ഞു. ചരിത്രത്തിനും ചരിത്രാതീത കാലത്തിനും മുൻപേ ജീവിച്ച ഒരാളുടെ ഓർമകളുള്ള ഒരു സ്മാരകത്തിൽനിന്ന് പടിയിറങ്ങുന്നത് വലിയൊരു കാഴ്ചയിലേക്കാണ്. യുനോസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള പൈതൃക ന​ഗരിയിലേക്ക്.

Read More >>