കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നില്ല; യോഗി സര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ ഹേമമാലിനി- ഞെട്ടിത്തരിച്ച് ബി.ജെ.പി

ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് മികവുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ല

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നില്ല; യോഗി സര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ ഹേമമാലിനി- ഞെട്ടിത്തരിച്ച് ബി.ജെ.പി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെ പാര്‍ലമെന്റില്‍ രൂക്ഷമായി വിമര്‍ശിച്ച് മഥുര മണ്ഡലത്തിലെ ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. തന്റെ മണ്ഡലത്തിലെ പല സ്‌കൂളുകളും തുറസ്സായ പ്രദേശത്താണ് പ്രവര്‍ത്തിക്കുന്നത് എന്നും നല്ല വിദ്യഭ്യാസം കുട്ടികള്‍ക്ക് അന്യമാണ് എന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതാണ് ഹേമമാലിനിയുടെ വാക്കുകള്‍.

' എന്റെ മണ്ഡലത്തിലെ നിരവധി ഗ്രാമീണ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ തുറസ്സായ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് മികവുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പൊതു-സര്‍ക്കാര്‍ പങ്കാളിത്തം ഞാന്‍ ആവശ്യപ്പെടുന്നു' - അവര്‍ പറഞ്ഞു.

'സ്വാതന്ത്ര്യം കിട്ടി 62 വര്‍ഷത്തിനു ശേഷമാണ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്. അതിനു ശേഷമാണ് രാജ്യത്ത് സ്‌കൂളുകളും അധ്യാപകരും കൂടുതലായി വന്നത്. എന്നിട്ടും 60 ശതമാനത്തില്‍ താഴെയാണ് സ്‌കൂളുകളിലെ പ്രവേശന നിരക്ക്. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ എത്താന്‍ കഴിയുന്നില്ല' - അവര്‍ ചൂണ്ടിക്കാട്ടി.

തെലങ്കാനയിലെ യുവഡോക്ടറ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലും അവര്‍ പ്രതികരിച്ചു. ഇവരെ ഒരിക്കലും ജയിലില്‍ നിന്ന് മോചിപ്പിക്കാതിരിക്കുകയാണ് വേണ്ടത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read More >>