മോദിക്ക് പുരസ്‌കാരം; അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ഹോളിവുഡ് താരങ്ങള്‍

സെപ്തംബര്‍ 25-26 തിയ്യതികളില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ലിങ്കണ്‍ സെന്ററിലാണ് പുരസ്‌കാരദാനം

മോദിക്ക് പുരസ്‌കാരം; അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ഹോളിവുഡ് താരങ്ങള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഹോളിവുഡ് താരങ്ങളായ റിസ് അഹ്മദും ജമീല ജമീലും. മാദ്ധ്യമപ്രവര്‍ത്തകരായ ആസാദ് ഈസയാണ് ഇവരുടെയും തീരുമാനങ്ങള്‍ ട്വീറ്റ് ചെയ്തത്.

മോദിയുടെ സ്വപ്‌ന പദ്ധതിയായ സ്വാച്ഛ് ഭാരത് ആണ് പുരസ്‌കാരത്തിന് അര്‍ഹമായിരുന്നത്. ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് ആണ് ഫൗണ്ടേഷന്‍ മോദിക്ക് സമ്മാനിക്കുന്നത്. യു.എസ് സന്ദര്‍ശനത്തിനിടെ പുരസ്‌കാരം സമ്മാനിക്കുമെന്നാണ് ഫൗണ്ടേഷന്‍ വ്യക്തമാക്കിയിരുന്നത്.

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ദെനും ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് സൂചനയുണ്ട്.

സെപ്തംബര്‍ 25-26 തിയ്യതികളില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ലിങ്കണ്‍ സെന്ററിലാണ് പുരസ്‌കാരദാനം.

നേരത്തെ, 1976ല്‍ സമാധാനത്തിന് പുരസ്‌കാരം നേടിയ ഐറിഷ് ആക്ടിവിസ്റ്റ് മൈറീഡ് മാഗ്വിര്‍, 2011ല്‍ സമാധാന നൊബേല്‍ നേടിയ യമനി സന്നദ്ധ പ്രവര്‍ത്തക തവക്കുല്‍ കര്‍മാന്‍, 2003ല്‍ പുരസ്‌കാരം നേടിയ ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഷീരീന്‍ ഇബാദി എന്നിവര്‍ മോദിക്ക് പുരസ്‌കാരം നല്‍കുന്നതിനെതിരെ കത്തയച്ചിരുന്നു.

കശ്മീര്‍ കുട്ടികള്‍ക്ക് പള്ളിക്കൂടത്തില്‍ പോകാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അദ്ദേഹത്തിന് കൈ കഴുകാനാകില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വംശവിവേചനത്തിനും ഇസ്‌ലാമോഫോബിയക്കും എതിരെ ശക്തമായി സംസാരിച്ച നടനാണ് ചടങ്ങില്‍ നിന്നു വിട്ടു നില്‍ക്കുന്ന റിസ് അഹ്മദ്. എമ്മി പുരസ്‌കാര ജേതാവാണ്.

ബോഡി ഷെയ്മിങിനെതിരെ ധൈര്യപൂര്‍വ്വം സംസാരിച്ച നടിയാണ് ജമില്‍.

മോദിക്ക് പുറമേ, മുന്‍ വര്‍ഷങ്ങളില്‍ യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍, ഡെപ്യൂട്ടി യു.എന്‍ സെക്രട്ടറി ജനറല്‍ ആമിന മുഹമ്മദ്, നൊബേല്‍ ജേതാക്കളായ മലാല യൂസഫ്‌സായ്, നാദിയ മുറാദ് എന്നിവര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.

Read More >>