പി.എസ്.എ ബോര്‍ഡ് റബര്‍ സ്റ്റാംപ്; കശ്മീരില്‍ പൊതുസുരക്ഷാ നിയമപ്രകാരം തടവിലുള്ളത് 227 പേര്‍

1978ല്‍ നിയമം നിലവില്‍ വന്ന ശേഷം ഇതുവരെ ഇരുപതിനായിരത്തിലേറെ പേരെ ഇതുപ്രകാരം തടങ്കലില്‍ വച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍

പി.എസ്.എ ബോര്‍ഡ് റബര്‍ സ്റ്റാംപ്; കശ്മീരില്‍ പൊതുസുരക്ഷാ നിയമപ്രകാരം തടവിലുള്ളത് 227 പേര്‍

ന്യൂഡല്‍ഹി: പബ്ലിക് സേഫ്റ്റി ആക്ട് (പി.എസ്.എ)-പൊതുസുരക്ഷാ നിയമം- പ്രകാരം കശ്മീരില്‍ തടവില്‍ കഴിയുന്നത് 227 പേര്‍. 230 അപേക്ഷകളാണ് ഇത്തരം ഉത്തരവുകള്‍ പരിശോധിക്കുന്ന പി.എസ്.എ ബോര്‍ഡിന് മുമ്പില്‍ കിട്ടിയത്. ഇതില്‍ മൂന്നെണ്ണം മാത്രമാണ് പുനഃപരിശോധനയ്ക്കായി ബോര്‍ഡ് മാറ്റിയത്. ഇതില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കും.

ഞായറാഴ്ച രാത്രി മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയെ വീട്ടില്‍ തടങ്കലില്‍ വെച്ചതോടെയാണ് പൊതുസുരക്ഷാ നിയമം വീണ്ടും ചര്‍ച്ചകളില്‍ വന്നത്. അന്യായമായി ഫാറൂഖിനെ തടങ്കലില്‍ വയ്ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് എം.ഡി.എം.കെ നേതാവ് വൈക്കോ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി സുപ്രിംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തെ തടങ്കലിലാക്കിയത്.

രണ്ടു വര്‍ഷം വരെ കുറ്റമൊത്തും ചുമത്താതെ തടങ്കലില്‍ വയ്ക്കാവുന്ന നിയമമാണ് പൊതുസുരക്ഷാ നിയമം. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷമാണ് സര്‍ക്കാര്‍ പി.എസ്.എ ബോര്‍ഡിന്റെ അദ്ധ്യക്ഷനെ നിയമിക്കുന്നത്.

എന്നാല്‍ ഇത് സര്‍ക്കാര്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സിലൂടെ മറികടന്നിട്ടുണ്ട്. ഭേദഗതി പ്രകാരം ചീഫ് സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിക്ക് പി.എസ്.എ ബോര്‍ഡിലെ അംഗങ്ങളെ തെരഞ്ഞെടുക്കാം. ബോര്‍ഡ് ചെയര്‍മാനായി സിറ്റിങ് ജഡ്‌ജോ ജില്ലാ ജഡ്‌ജോ ഉണ്ടെങ്കില്‍ മാത്രമേ സമിതി അംഗങ്ങളെ തീരുമാനിക്കുന്നതില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിക്കേണ്ടത് ഉള്ളൂ എന്നാണ് ഭേദഗതിയില്‍ പറയുന്നത്.

മുന്‍ ഹൈക്കോടതി ജഡ്ജ് ജനക് രാജ് കോട്ട്‌വാലാണ് നിലവില്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍. അമിത് ഷാ ആഭ്യന്തര മന്ത്രിയായ ശേഷം ബോര്‍ഡിന് മുമ്പാകെ എത്തിയ എല്ലാ തടങ്കല്‍ ഉത്തരവുകളും ശരിവയ്ക്കപ്പെട്ടതായി ആര്‍.ടി.ഐ ആക്ടിവിസ്റ്റുകളായ വെങ്കടേഷ് നായിക്, ഡോ. ശൈഖ് ഗുലാം റസൂല്‍ എന്നിവര്‍ ശേഖരിച്ച വിവരങ്ങള്‍ പറയുന്നു.

1978ല്‍ നിയമം നിലവില്‍ വന്ന ശേഷം ഇതുവരെ ഇരുപതിനായിരത്തിലേറെ പേരെ ഇതുപ്രകാരം തടങ്കലില്‍ വച്ചതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.

പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ഫെബ്രുവരി 14 മുതല്‍ ഓഗസ്റ്റ് നാലു വരെ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിലായവര്‍ക്കു വേണ്ടി 150 ഹേബിയസ് കോര്‍പസ് ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 80 ശതമാനം കേസുകളിലും തടങ്കലില്‍ വെച്ചയാളെ വിട്ടയക്കാനായിരുന്നു കോടതിയുടെ ഉത്തരവ്.

Read More >>