170 കോടിയുടെ കള്ളപ്പണം സ്വീകരിച്ചെന്ന് ആരോപണം; കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ്

കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

170 കോടിയുടെ കള്ളപ്പണം സ്വീകരിച്ചെന്ന് ആരോപണം; കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ്

ന്യൂഡല്‍ഹി: കള്ളപ്പണം സ്വീകരിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. ഹൈദരാബാദ് ആസ്ഥാനമായ മേഘ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് എഞ്ചിനീയറിങ് ലിമിറ്റഡ് (എം.ഇ.ഐ.എല്‍) എന്ന സ്ഥാപനത്തില്‍ നിന്ന് 170 കോടി രൂപ ഹവാല പണം സ്വീകരിച്ചു എന്നാണ് ആരോപണം. ഇതേക്കുറിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തെലങ്കാനയിലെ പ്രമുഖ അടിസ്ഥാന സൗകര്യവികസന കമ്പനിയാണ് എം.ഇ.ഐ.എല്‍. ഒക്ടോബറില്‍ കമ്പനിയിലും എം.ഡി പി.വി കൃഷ്ണ റെഡ്ഢിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വൈ.എസ്.ആര്‍, ടി.ആര്‍.എസ് പാര്‍ട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യവസായിയാണ് റെഡ്ഢി.

കമ്പനി 100 കോടി രൂപ കോണ്‍ഗ്രസിന് നല്‍കിയതായി അന്ന് സി.എന്‍.എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2018-19ല്‍ കോണ്‍ഗ്രസിന് 143 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത് എന്ന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ദ പ്രോഗ്രസീവ് ഇലക്ടോറല്‍ ട്രസ്റ്റ് എന്ന പേരിലുള്ള കമ്പനിയാണ് ഏറ്റവും കൂടുതല്‍ പണം നല്‍കിയത്; 55 കോടി രൂപ. എന്നാല്‍ ഇതേ കമ്പനി ബി.ജെ.പിക്ക് വല്‍കിയത് 346 കോടി രൂപയാണ്. 800 കോടി രൂപയാണ് മൊത്തം ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത്. ഇലക്ടോറല്‍ ട്രസ്റ്റുകള്‍ വഴി മാത്രം 470 കോടി രൂപ ഭരണകക്ഷിക്ക് ലഭിച്ചിട്ടുണ്ട്.

Read More >>