ജാഗ്രതൈ; മാര്‍ച്ച് അവസാനത്തോടെ രണ്ടു ലക്ഷം കോടി പിരിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് ടാര്‍ഗറ്റ്- മേല്‍നോട്ടം മോദിയുടെ ഓഫീസിന്

സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഇരിക്കുന്ന വിവാദ് സേ വിശ്വാസ് ബില്‍ പ്രകാരമാണ് പുതിയ ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത്

ജാഗ്രതൈ; മാര്‍ച്ച് അവസാനത്തോടെ രണ്ടു ലക്ഷം കോടി പിരിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് ടാര്‍ഗറ്റ്- മേല്‍നോട്ടം മോദിയുടെ ഓഫീസിന്

ന്യൂഡല്‍ഹി: കുറച്ചു ഇന്ത്യയ്ക്കാര്‍ മാത്രമേ നികുതി ഒടുക്കുന്നുള്ളൂ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, 45 ദിവസത്തിനുള്ളില്‍ രണ്ടു ലക്ഷം കോടി രൂപ പിരിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് നിര്‍ദ്ദേശം. മാര്‍ച്ച് 31ന് അകം ലക്ഷ്യം നേടിയിരിക്കണം എന്നാണ് ഉത്തരവ്. ദേശീയ മാദ്ധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഇരിക്കുന്ന വിവാദ് സേ വിശ്വാസ് ബില്‍ പ്രകാരമാണ് പുതിയ ലക്ഷ്യം (ടാര്‍ഗറ്റ്) നിശ്ചയിച്ചിട്ടുള്ളത്. നികുതി പ്രശ്‌നങ്ങള്‍ അതിവേഗത്തില്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലാണിത്. അടുത്ത സഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

ഈ ടാര്‍ഗറ്റ് മറികടക്കാന്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരും. നികുതിദായകരെ ഉപദ്രവിക്കുന്ന തീരുമാനമായി ഇതു മാറുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വിവാദ് സെ വിശ്വാസ് ബില്‍ പ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. റവന്യൂ സെക്രട്ടറി അജയ്ഭൂഷണ്‍ പാണ്ഡെ, സി.ബി.ഡി.ടി ചെയര്‍മാന്‍ പി.സി പാണ്ഡെ എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. പദ്ധതിക്കു കീഴില്‍ പരിച്ചെടുക്കുന്ന പണത്തെ കുറിച്ച് സമിതി പ്രതിവാര യോഗം നടത്തും.

Read More >>