ആളകമ്പടിയില്ലാതെ എത്തിയ ഇന്ദിരാ ​ഗാന്ധി; കുഞ്ഞുപൈതലായ രാഹുലിനെ ഏറ്റുവാങ്ങിയ രാത്രി

ഓര്‍മകളുടെ തീരങ്ങളില്‍ രാജമ്മയുടെ മാലാഖ ജീവിതം

ആളകമ്പടിയില്ലാതെ എത്തിയ ഇന്ദിരാ ​ഗാന്ധി;   കുഞ്ഞുപൈതലായ രാഹുലിനെ ഏറ്റുവാങ്ങിയ രാത്രി

ബിന്‍ സൂഫി

കൽപ്പറ്റ: പ്രധാനമന്ത്രിയുടെ പൗത്രനെ പ്രസവിക്കുന്നത് നേരിട്ട് കാണാനും വർഷങ്ങൾക്കിപ്പുറം ആ കുഞ്ഞ് രാജ്യത്തിന്റെ പ്രതീക്ഷയായി മാറുന്നത് കാണാനും ഭാഗ്യം ലഭിച്ചതിന്റെ നിർവൃതിയിൽ മറ്റൊരു അന്തർദേശീയ നഴ്‌സസ് ദിനം ആഘോഷിക്കുകയാണ് ബത്തേരി നായ്ക്കട്ടി സ്വദേശിനി രാജമ്മ രാജൻ എന്ന നഴ്‌സ്. യാദൃശ്ചികമായി നഴ്‌സിങ് തെരഞ്ഞെടുക്കുകയും ജീവിതം തന്നെ മാറ്റിമറിക്കാൻ മാത്രം ശക്തമായ കരിയറായി അത് മാറിയതും തന്റെ ജീവിതത്തിലെ ഭാഗ്യമായാണ് ഈ 72കാരി കരുതുന്നത്. ജീവിതത്തിലെ നല്ലൊരു പങ്കും ആസ്പത്രിമുറികളിൽ കഴിഞ്ഞ രാജമ്മക്ക് ജീവിതപങ്കാളിയെ നൽകിയതും നഴ്‌സ് ജീവിതമാണ്. ഇപ്പോൾ കല്ലൂരിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന അവർ പഴയമാലാഖക്കാലം ഓർത്തെടുക്കുന്നു.

ഡൽഹി ഹോളി ഫാമിലി ആസ്പത്രിയിൽ തന്റെ നഴ്‌സിങ് കരിയറിലെ രണ്ടാം വർഷമാണ് രാഹുൽ ഗാന്ധിയുടെ പ്രസവം രാജമ്മ അടുത്തുകണ്ടത്. 1970 ജൂണ്‍ 19ന് ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയുടെയും നാലു മണിയുടെയും ഇടയിലാണ് രാഹുലിനെ സോണിയാ ഗാന്ധി രാജമ്മയുൾപ്പെടെയുള്ള എട്ടോളം നഴ്‌സുമാരുടെ സാന്നിധ്യത്തിൽ പ്രസവിക്കുന്നത്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഗോയ് ആയിരുന്നു സോണിയ ഗാന്ധിയെ പരിശോധിച്ചിരുന്നത്. പ്രസവം കഴിഞ്ഞയുടനെ അച്ഛൻ രാജീവ് ഗാന്ധിയും പിതൃസഹോദരൻ സഞ്ജയ് ഗാന്ധിയും ആസ്പത്രിയിലെത്തി. പ്രധാനമന്ത്രിയായിരുന്ന മുത്തശ്ശി രണ്ട് ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ കാണാൻ എത്തുന്നത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പോലുമില്ലാതെ പട്ടുസാരിയുമുടുത്ത് ഇന്ദിര ആസ്പത്രിയിൽ വന്നത് ഇപ്പോഴും ഓർമകളിൽ തിളങ്ങി നിൽക്കുന്നതായി രാജമ്മ പറയുന്നു.


നഴ്‌സിങ് കരിയറിലേക്ക് യാദൃശ്ചികമായി എത്തിപ്പെട്ടതായിരുന്നു രാജമ്മ. എസ് എസ് എൽ സി പരീക്ഷയിൽ ഡിസ്റ്റിംഗ്ഷൻ മാർക്കോടെ കണ്ണൂർ സെന്റ് മേരീസ് സ്‌കൂളിൽ നിന്ന് പാസായിരുന്നു. പല്ല് വേദന കാരണം ആസ്പത്രിയിൽ പോയ സമയത്തു കുറച്ച് വിദ്യാർത്ഥിനികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് വന്നത് അപ്പോഴാണ്. അവരോട് നഴ്‌സിങ്ങിനെ കുറിച്ച് അന്വേഷിക്കുകയും അവിടെ തന്നെ അപേക്ഷ കൊടുക്കുകയും ചെയ്തു. പരീക്ഷയിൽ നല്ല മർക്കുണ്ടായിരുന്നത് കൊണ്ട് ഹോളി ഫാമിലി ഹിസ്പിറ്റലിൽ നഴ്‌സിങ്ങിന് അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല. 3 വർഷത്തെ പഠനത്തിന് ശേഷമാണ് ജോലിക്ക് കയറിയത്. ഭാരിച്ച ഫീസ് കൊടുത്തെങ്കിൽ മാത്രം പഠിക്കാൻ കഴിയുന്ന ഇക്കാലത്തെ അപേക്ഷിച്ച് പഠന കാലയളവിൽ ആദ്യ വർഷം 3 രൂപയും രണ്ടാം വർഷം 8 രൂപയും മൂന്നാം വർഷം 12 രൂപയും സ്‌റ്റൈപന്റ് കിട്ടിയിരുന്നതായി അവർ ഓർത്തെടുത്തു. 1969ലാണ് പട്‌നയിലെ ഹോളി ഫാമിലി ആസ്പത്രിയിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. ഒരു വർഷത്തിന് ശേഷം ഡൽഹി ഹോളി ഫാമിലി ആസ്പത്രിയിലേക്ക് മാറി. അന്ന് 22 വയസ്സായിരുന്നു പ്രായം. രണ്ട് വർഷത്തിന് ശേഷം പട്ടാളക്കാരൻ രാജനെ വിവാഹം കഴിച്ചു.

പ്രിയങ്ക ഗാന്ധിയെ പ്രസവിച്ചതും ഹോളി ഫാമിലി ഹോസ്പിറ്റലിൽ നിന്നാണ്. തുടർന്ന് 1972 ൽ ഇന്ത്യൻ ആർമിയിൽ നഴ്‌സായി പത്തര വർഷം ജോലി ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച നഴ്‌സിങ് കൂട്ടം കേരളത്തിലെ നഴ്‌സുമാരാണെന്നും അവരുടെ സേവനങ്ങളെ പൊതു സമൂഹം ഏറെ ബഹുമാനത്തോടെ അംഗീകരിക്കണമെന്നുമാണ് രാജമ്മയുടെ അഭിപ്രായം. ഏറ്റവും സന്തോഷത്തോടെയാണ് ഞാൻ നഴ്‌സിങ് ജോലി ചെയ്തത്. അക്കാലത്ത് നഴ്‌സുമാർക്ക് വലിയ പരിഗണന ലഭിച്ചിരുന്നു. കാലം മാറി. പുതിയകാലത്ത് കൂലിക്ക് വേണ്ടി സമരം നടത്തേണ്ട ഗതികേടിലാണ് നഴ്‌സുമാരെന്നും രാജമ്മ പറഞ്ഞു.

Read More >>