സൗദിയില്‍ സ്വദേശിവല്‍ക്കരണം പൊതുമേഖലയിലേക്കും; ഇന്ത്യക്കാരെ ബാധിക്കും

14,743 പേർ വിദ്യാഭ്യാസ മേഖലയിലും 43,386പേർ ആരോഗ്യ മേഖലയിലുമുണ്ടെന്ന് അൽ മദീന പത്രം സിവിൽ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. പൊതുമേഖലയെ സംബന്ധിച്ച ധാരണ തിരുത്തി സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലുമാണ് മന്ത്രാലയം

സൗദിയില്‍ സ്വദേശിവല്‍ക്കരണം പൊതുമേഖലയിലേക്കും; ഇന്ത്യക്കാരെ ബാധിക്കും

റിയാദ്: ഇന്ത്യക്കാരുൾപ്പെടെ വിദ്യാഭ്യാസ ആരോഗ്യരംഗത്ത് പൊതുമേഖലയിൽ ജോലി ചെയ്യുന്നവരിലേക്കും സ്വദേശിവൽക്കരണം നീളുന്നു. സിവിൽ സർവീസ് മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കണക്ക് പ്രകാരം പൊതുമേഖലയിൽ ജോലിനോക്കുന്ന വിദേശികളുടെ എണ്ണം 60,386 ആയി.

14,743 പേർ വിദ്യാഭ്യാസ മേഖലയിലും 43,386പേർ ആരോഗ്യ മേഖലയിലുമുണ്ടെന്ന് അൽ മദീന പത്രം സിവിൽ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. പൊതുമേഖലയെ സംബന്ധിച്ച ധാരണ തിരുത്തി സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലുമാണ് മന്ത്രാലയം. മാനവ വിഭവ ഏജൻസിയെ സ്വദേശികൾക്ക് വേണ്ടി ജോലി സൃഷ്ടിക്കാൻ നിർബന്ധിക്കുന്ന നടപടികൾ സർക്കാർ എടുക്കുന്നതായി മന്ത്രാലയം അറിയിച്ചു. സിവിൽ സർവീസ് മന്ത്രാലയം വിദ്യാഭ്യാസ വകുപ്പിന് ഇതു സൂചിപ്പിച്ച് കത്ത് നൽകിയിരിക്കുകയാണ്. അദ്ധ്യാപക മേഖലയിൽ സ്വദേശികൾക്ക് നിജപ്പെടുത്തിയ മുഴുവൻ തസ്തികകളിൽ നിന്നും സൗദികളല്ലാത്തവരെ നീക്കം ചെയ്യാനാവശ്യപ്പെട്ടാണിത്. ഈ മേഖലകളിലെ വൈദഗ് ദ്ധ്യം വർദ്ധിപ്പിക്കുന്നതിനും വ്യവഹാരങ്ങൾ കൂടുതൽ എളുപ്പമാകുന്നതിനും പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ളവ നടപ്പാക്കുകയും കൂടുതൽ ഫണ്ട് വിലയിരുത്തുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.അര ലക്ഷം തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനും തൊഴിൽ പരിശീലനത്തിലൂടെ പ്രാപ്തരാക്കി മാറ്റി മൂവായിരം അനാഥകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും ഭക്ഷ്യവസ്തു മേഖലയിൽ എഴുപതിനായിരം സൗദികളുടെ നൈപുണ്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചു. സാമ്പത്തിക, ആസൂത്രണ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

മാനവശേഷി വികസന നിധിയുമായും റെസ്റ്റോറന്റ്സ് ആന്‍ഡ് കഫെസ് അസോസിയേഷനുമായുമാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. തൊഴിലവസരങ്ങൾ സൗദിവൽക്കരിക്കുന്നതിന് പിന്തുണ നൽകുന്നതിന് ലക്ഷ്യമിട്ട് പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയെന്നോണമാണ് പുതിയ ധാരണാപത്രം ഒപ്പുവെച്ചതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.