ഇന്ത്യയിലെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ മോശമെന്ന് ഐ.എം.എഫ്; ജി.എസ്.ടിയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം

ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനത്തില്‍ മാറ്റം വരുത്താനാണ് നീക്കം

ഇന്ത്യയിലെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ മോശമെന്ന് ഐ.എം.എഫ്; ജി.എസ്.ടിയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും അതീവ ദുര്‍ബലമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). കോര്‍പറേറ്റ്, പരിസ്ഥിതി റെഗുലേറ്ററി മേഖലയിലെ അരക്ഷിതാവസ്ഥയും ബാങ്കേതര ധനകാര്യസ്ഥാപനങ്ങളുടെ ദൗര്‍ബല്യവും വളര്‍ച്ചാ മുരടിപ്പിന് കാരണമായതായി ഐ.എം.എഫ് വക്താവ് ജെറി റൈസ് പറഞ്ഞു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ അഞ്ചു ശതമാനമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

നേരത്തെ, 2019-20 വര്‍ഷത്തേക്കുള്ള വളര്‍ച്ചാ പ്രവചനം ഐ.എം.എഫ് ഏഴ് ശതമാനത്തില്‍ നിന്ന് 0.3 ശതമാനം കുറച്ചിരുന്നു.

നിര്‍മാണ മേഖല തളര്‍ന്നതും കാര്‍ഷികോല്‍പ്പാദനം ഇടിഞ്ഞതും മാന്ദ്യത്തിന് കാരണമായതായി സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

അതിനിടെ, ജിഎസ്ടിയില്‍ മാറ്റം വരുത്താന്‍ ധനമന്ത്രാലം ആലോചിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനത്തില്‍ മാറ്റം വരുത്താനാണ് നീക്കം. ഏറ്റവും താഴ്ന്ന നിരക്ക് എട്ട് ശതമാനമാക്കി ഉയര്‍ത്താനാണ് നിര്‍ദേശം. 12 ശതമാനം, 18 ശതമാനം നികുതി സ്ലാബുകള്‍ ലയിപ്പിക്കാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന വാഹന മേഖലയ്ക്ക് ഇളവ് നല്‍കും.

യാത്രാവാഹനങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കാണമെന്നാണ് വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ശതമാനം മുതല്‍ 22 ശതമാനം വരെയുള്ള സെസ്സിലും മാറ്റം ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം ബിസ്‌ക്കറ്റിന്റെ നികുതി 18ല്‍ നിന്ന് 12 ശതമാനമായി കുറച്ചേക്കും. നികുതി ഘടനയിലെ മാറ്റം മൂലമുണ്ടാകുന്ന വരുമാന നഷ്ടം സംസ്ഥാനങ്ങള്‍ കൂടി വഹിക്കേണ്ടിവരും.

ഇക്കാര്യത്തില്‍ ജി.എസ്.ടി കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഈ മാസം 20ന് ഗോവയിലാണ് കൗണ്‍സില്‍.

Next Story
Read More >>