തല കുത്തി വീണ് വാഹനവിപണി, കാര്‍ വില്‍പ്പനയില്‍ 36% ഇടിവ്; രണ്ട് പതിറ്റാണ്ടിനിടെയുള്ള വലിയ വീഴ്ച

വാഹന വ്യവസായ മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലും തൊഴില്‍ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വില്‍പ്പനയിലും ഇടിവു സംഭവിക്കുന്നത്.

തല കുത്തി വീണ് വാഹനവിപണി, കാര്‍ വില്‍പ്പനയില്‍ 36% ഇടിവ്; രണ്ട് പതിറ്റാണ്ടിനിടെയുള്ള വലിയ വീഴ്ച

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആഭ്യന്തര വാഹന വില്‍പ്പന താഴോട്ട്. ജൂലൈ മാസത്തില്‍ 30.9 ശതമാനത്തിന്റെ ഇടിവാണ് യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ ഒമ്പതാം മാസമാണ് വില്‍പ്പന താഴോട്ടു വീഴത്. പാസഞ്ചര്‍ കാറുകളുടെ വില്‍പ്പന 35.95 ശതമാനം താഴ്ന്ന് 1.22 ലക്ഷം യൂണിറ്റിലെത്തി. ആഭ്യന്തര ടു വീലര്‍ വില്‍പ്പനയും 16.8 ശതമാനം ഇടിഞ്ഞു. 15.11 ലക്ഷം യൂണിറ്റാണ് വില്‍പ്പന. ആഭ്യന്തര ട്രക്ക്, ബസ് വില്‍പ്പന 25.7 ശതമാനം ഇടിഞ്ഞു. 56,866 യൂണിറ്റ് മാത്രമായിരുന്നു ഉത്പാദനം.

19 വര്‍ഷത്തിനിടെ ആദ്യമായാണ് കാര്‍ വില്‍പ്പന ഇത്രയും താഴേക്കു പോകുന്നത്. 2000 ഡിസംബറിലാണ് ഇതിനു മുമ്പ് ഇത്രയും വലിയ വീഴ്ചയുണ്ടായത്; 39.86%.

വാഹന വ്യവസായ മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലും തൊഴില്‍ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വില്‍പ്പനയിലും ഇടിവു സംഭവിക്കുന്നത്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ(എസ്.ഐ.എ.എം) കണക്കു പ്രകാരം രാജ്യത്തെ വാഹനനിര്‍മാതാക്കള്‍ ജൂലൈയില്‍ വിറ്റത് 200,790 യാത്രാവാഹനങ്ങളാണ്. ജൂലൈയില്‍ യാത്രാവാഹനങ്ങളുടെ ആഭ്യന്തര നിര്‍മ്മാണം 17 ശതമാനം കുറഞ്ഞതായും പഠനം പറയുന്നു.

ഏതാനും മാസങ്ങളില്‍ മൂന്നര ലക്ഷം തൊഴിലാളികള്‍ക്ക് മേഖലയില്‍ തൊഴില്‍ നഷ്ടമുണ്ടായെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയതിരുന്നു. കാര്‍, മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കള്‍ പിരിച്ചുവിട്ടത് 15000 പേരെയാണ്. അനുബന്ധ സാമഗ്രി നിര്‍മാതാക്കള്‍ ഒരു ലക്ഷം പേരെയും പിരിച്ചു വിട്ടു. മറ്റു തൊഴില്‍ നഷ്ടങ്ങള്‍ ഡീലര്‍മാരുടെ മേഖലയിലാണ്. നിരവധി ഡീലര്‍മാര്‍ വില്‍പ്പന ഉപേക്ഷിച്ചു പോയിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ സിംഹഭാഗവും താല്‍ക്കാലിക ജീവനക്കാരാണെന്നും റോയിട്ടേഴ്സ് പറയുന്നു.

നിലവിലെ മാന്ദ്യം എല്ലാ വ്യവസായ ഹബ്ബുകളെയും ബാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ജപ്പാനീസ് മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ യമഹ മോട്ടോര്‍, ഫ്രഞ്ച് കമ്പനിയായ വലെയോ എന്നിവ ഇന്ത്യയിലെ 1700 താല്‍ക്കാലിക ജീവനക്കാരെയാണ് ഈയിടെ പിരിച്ചുവിട്ടത്. സുസുക്കി മോട്ടോര്‍ കോര്‍പറേഷനിലും ജപ്പാന്റെ ഡെന്‍സോ കോര്‍പറേഷനിലും ഓഹരിയുള്ള സുബ്രോസ് കമ്പനി എട്ടായിരം ജീവനക്കാരെ പിരിച്ചുവിട്ടു.

രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാക്കളായ മാരുതി സുസുകി കഴിഞ്ഞ ആറു മാസത്തിനിടെ തങ്ങളുടെ തൊഴില്‍ ശേഷിയില്‍ ആറു ശതമാനം കുറവാണ് വരുത്തിയിട്ടുള്ളത്. ടാറ്റ മോട്ടോഴ്സിന്റെ നാലു പ്ലാന്റുകള്‍ രണ്ടാഴ്ചയായി അടഞ്ഞു കിടക്കുകയാണ്. മഹീന്ദ്രയിലും രണ്ടാഴ്ചയായി ഉല്‍പ്പാദനമില്ല. ജൂലൈ 16 മുതല്‍ ചില മോഡല്‍ കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി ഹോണ്ട അറിയിച്ചിട്ടുണ്ട്.

Read More >>