17 യു.എസ് ചാരൻമാർ പിടിയിൽ; ചിലരെ വധശിക്ഷയ്ക്ക് വിധിച്ചു: ഇറാൻ

ഇറാനും ബ്രിട്ടനും ഇടയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ വഷളാക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര രാഷ്ട്രീയ ശക്തികളെ നിയന്ത്രിക്കണം

17 യു.എസ് ചാരൻമാർ പിടിയിൽ; ചിലരെ വധശിക്ഷയ്ക്ക് വിധിച്ചു: ഇറാൻ

ദുബൈ: യു.എസ് ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയ്ക്കുവേണ്ടി പ്രവർത്തിച്ച 17 പേരെ പിടികൂടിയെന്ന് ഇറാൻ. ഇതിൽ പലരേയും വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണെന്നും ഇറാൻ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇന്റലിജൻസ് മന്ത്രാലയത്തെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇറാനും യു.എസ്സും തമ്മിലുള്ള ബന്ധം നാൾക്കുനാൾ വഷളായിക്കൊണ്ടിരിക്കുകയാണ്. 2015ലെ ആണവകരാറിൽ നിന്ന് ഏകപക്ഷീയമായി യു.എസ് പിൻമാറിയതോടെ വിള്ളൽ വീണ ബന്ധം പിന്നീടുണ്ടായ ആക്രണ-പ്രത്യാക്രമണങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി.

ബ്രിട്ടന്റെ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തതാണ് ഒടുവിലായി യു.എസ്സിന് തെഹ്‌റാൻ നൽകിയ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിൽ വച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ടാങ്കർ പിടിച്ചെടുത്തതായി ഇറാൻ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഹോർമുസ് കടലിടുക്കിൽ വെച്ച് അജ്ഞാത ഹെലികോപ്ടർ എണ്ണ ടാങ്കറിനെ സമീപിച്ചതായി കപ്പൽ ഉടമകൾ അറിയിച്ചു. 23 ജീവനക്കാരാണ് ടാങ്കറിലുള്ളത്. ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ടാങ്കറിലുള്ളവരുമായി ആശയവിനിമയം നടത്താനാകുന്നില്ലെന്നും ഉടമകൾ അറിയിച്ചു. റവല്യൂഷനറി ഗാർഡിന്റെ നാവിക വിഭാഗമാണ് കപ്പൽ പിടിച്ചെടുത്തതായി അവകാശ വാദമുന്നയിച്ചത്. നേരത്തെ ഇറാന്റെ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. ഇറാന്റെ നടപടിക്കെതിരെ യു.എസ് ശക്തമായി രംഗത്തെത്തിയിരുന്നു.

അതേസമയം, ബ്രിട്ടന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാനും ബ്രിട്ടനും ഇടയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ വഷളാക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര രാഷ്ട്രീയ ശക്തികളെ നിയന്ത്രിക്കണമെന്നാണ് ഇറാൻ മുന്നറിയിപ്പു നൽകുന്നത്. ഈ മേഖലയിൽ ഇത്രയും സങ്കീർണമായ ഒരു അവസ്ഥയിൽ ഇത്തരമൊരു പ്രകോപനം അപകടകരമാണെന്നും ബ്രിട്ടനിലെ ഇറാൻ സ്ഥാനപതി ഹാമിദ് ബെയ്ദിനജാദ് ട്വിറ്ററിലൂടെ വ്യക്തമാക്കി. എന്നിരുന്നാലും ഇറാൻ ഏത് പ്രതിസന്ധി നേരിടാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ബ്രിട്ടീഷ് ഓയിൽ ടാങ്കർ പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ ഇറാന്റെ റവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അന്താരാഷ്ട്ര ജലനിയമങ്ങൾ പാലിക്കാത്തതിനാലാണ് ടാങ്കർ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ റവല്യൂഷണറി ഗാർഡിന്റെ വിശദീകരണം.

Read More >>