അവസാന നാട്ടങ്കത്തിന് ബ്ലാസ്‌റ്റേഴ്‌സ്; മാനം കാക്കാന്‍ ഒരു ജയമെങ്കിലും- എതിരാളികള്‍ ബംഗളൂരു

ഇന്നത്തെ കളിയില്‍ സൂപ്പര്‍ താരം സുനില്‍ഛേത്രി കളിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ട്.

അവസാന നാട്ടങ്കത്തിന് ബ്ലാസ്‌റ്റേഴ്‌സ്; മാനം കാക്കാന്‍ ഒരു ജയമെങ്കിലും- എതിരാളികള്‍ ബംഗളൂരു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ ആറാം സീസണില്‍ അവസാന ഹോം മല്‍സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ലീഗില്‍ നിന്ന് പുറത്തായ ബ്ലാസ്റ്റേഴ്സിനെ നേരിടുന്നത് അവസാന നാലിലേക്ക് യോഗ്യത നേടിക്കഴിഞ്ഞ കരുത്തരായ ബാംഗ്ലൂര്‍ എഫ്.സിയാണ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കിക്കോഫ്.

ആദ്യപാദത്തില്‍ ബാംഗ്ലൂരിന്റെ മണ്ണില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. സ്വന്തം കാണികളുടെ മുന്നില്‍ ആ തോല്‍വിക്ക് പകരംവിട്ടുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.

കാര്യമായൊന്നും ചെയ്യാനാകാതെയാണ് ബ്ലാസ്റ്റേഴ്സ് ആറാം സീസണിന്റെ അവസാനത്തോട് അടുക്കുന്നത്. ആകെ കളിച്ച 16 മല്‍സരത്തില്‍ നിന്ന് ലഭിച്ച 15 പോയിന്റാണ് കൈയ്യിലുള്ളത്. ഇതില്‍ മൂന്ന് ജയവും ആറ് സമനിലയും ഏഴ് തോല്‍വിയുമുണ്ട്. പോയിന്റ് നിലയില്‍ എട്ടാം സ്ഥാനത്താണ് മഞ്ഞപ്പട. മറുവശത്ത് മൂന്നാം സ്ഥാനത്ത് 29 പോയിന്റുള്ള ബംഗളൂരു എഫ്.സി അവസാന നാലില്‍ ഇടം ഉറപ്പിച്ചുകഴിഞ്ഞു.

ഇന്നത്തെ കളിയില്‍ സൂപ്പര്‍ താരം സുനില്‍ഛേത്രി കളിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ഛേത്രിയില്ലെങ്കിലും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ടീമാണ് ബംഗ്‌ളൂരു.

16 കളിയില്‍ 10 വിജയിച്ചപ്പോള്‍ തോല്‍വി മൂന്നണ്ണം മാത്രം. മൂന്ന് സമനിലയും അവരുടെ അക്കൗണ്ടിലുണ്ട്. എഫ്.സി ഗോവ, കൊല്‍ക്കത്ത ടീമുകളാണ് പ്ലേ ഓഫിലേക്ക് കയറിയവര്‍. ശേഷിക്കുന്ന ഒരു സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നത് ചെന്നൈയും ഒഡീഷയും മുംബൈയുമാണ്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ഒരു സീസണാണ് അവസാനമാകുന്നത്. ഒരു എവേ മല്‍സരംകൂടി അവശേഷിക്കുന്നുണ്ട്. അവസാന ഹോം മല്‍സരമാണെന്ന തിരിച്ചറിവില്‍ ആരാധകര്‍ക്ക് ഒരു ആശ്വാസ ജയം സമ്മാനിക്കുവാനുള്ള തയാറെടുപ്പിലാണ് ടീം. കൊച്ചിയില്‍ കളിച്ച എട്ടു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കേരള ടീമിന് ജയിക്കാനായത്. അവസാന ഹോം മത്സരത്തില്‍ ചെന്നൈയ്‌നെതിരെ 3-6നായിരുന്നു തോല്‍വി.

സസ്പെന്‍ഷന്‍ കഴിഞ്ഞ് കോച്ച് എല്‍കോ ഷാട്ടോരിയും ഇന്ന് പരിശീലകന്റെ കുപ്പായമണിയും. രണ്ട് മത്സരങ്ങളിലെ സസ്‌പെന്‍ഷന് ശേഷമാണ് ഷട്ടോരി ഡഗ്ഔട്ടില്‍ തിരിച്ചെത്തുന്നത്. തുടര്‍ പരിക്കുകളാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ വലച്ചത്. പ്രതീക്ഷയോടെ ടീമിലെത്തിച്ച വിദേശകളിക്കാരെ കാര്യമായെന്നും ഉപയോഗിക്കുവാന്‍ ഷാട്ടോരിക്ക് കഴിഞ്ഞില്ല. പ്രീ സീസണില്‍ പരിക്കേറ്റ സന്ദേശ് ജിങ്കന്‍ ഒരു കളി പോലും കളിക്കാതെയാണ് ആറാം സീസണില്‍ നിന്ന് കളമൊഴിഞ്ഞത്. ഗോളടിച്ച് കൂട്ടുന്ന ഒഗ്ബച്ചേയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍. അവസാന മല്‍സരത്തിലെ ഹാട്രിക് അടക്കം 11 ഗോളുകളാണ് ഒഗ്ബച്ചേ നേടിയത്. മെസി ബൗളിയും ഗോളുകള്‍ കണ്ടെത്തിയെങ്കിലും പ്രതിരോധ നിരയിലുള്ള വിള്ളലുകളാണ് ടീമിനെ പ്രകടനത്തെ ബാധിച്ചത്. ആദ്യം മുന്നിലെത്തിയ ആറ് മല്‍സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്.

Next Story
Read More >>