ജറുസലേമിലെ ഫലസ്തീനികളുടെ വീടുകള്‍ ഇസ്രായേല്‍ ഇടിച്ചുനിരത്തുന്നു

ഈ വരുന്ന വെള്ളിയാഴ്ചയോടെ ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നൽകിയ സമയപരിധി അവസാനിക്കും.

ജറുസലേമിലെ ഫലസ്തീനികളുടെ വീടുകള്‍ ഇസ്രായേല്‍ ഇടിച്ചുനിരത്തുന്നു

ജറുസലേം: കിഴക്കൻ ജറുസലേമിലെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് ഫലസ്തീനികളുടെ വീടുകൾ ഇസ്രായേൽ സർക്കാർ ഇടിച്ചുനിരത്തുന്നു. നൂറുകണക്കിന് സൈനികരും ബുൾഡൗസറും പൊലീസും ചേർന്നാണ് വീടുകൾ ഇടിച്ചുനിരത്തുന്നത്. തിങ്കളാഴ്ച ഫലസ്തീൻ ഗ്രാമമായ സുർ ബഹെറിലേക്ക് ഇസ്രായേൽ സൈന്യം എത്തി. അതിർത്തിയിൽ 100ഓളം ഫലസ്തീനി വീടുകൾ ഇടിച്ചുനിരത്തുകയാണ് ലക്ഷ്യം.

ഇസ്രായേൽ സൈന്യത്തിന് അനുകൂലമായി സുപ്രിം കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് നീക്കം. സുർ ബഹെറിലെ വീടുകൾ ഇടിച്ചുനിരത്തുന്നത് മറ്റ് പ്രദേശങ്ങളിലെ ഫലസ്തീനി വീടുകൾ നശിപ്പിക്കുന്നതിന് ഒരു മാതൃകയാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

വീടുകൾ പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി പ്രദേശവാസികളെ സൈന്യം ഒഴിപ്പിക്കാൻ തുടങ്ങി. രണ്ട് നിലകളുള്ള കെട്ടിടങ്ങൾ ഇതിനോടകം പൊളിക്കാൻ തുടങ്ങിയതായി വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. ' പുലർച്ചെ രണ്ട് മണി മുതൽ സൈന്യം വീടുകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങുകയും സ്‌ഫോടക വസ്തുക്കൾ വീടുകളിൽ വയ്ക്കുകയും ചെയ്തു'- സുർ ബഹെറിലെ ഫലസ്തീനി നേതാവ് ഹമദ ഹമദ പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് സുർ ബഹെറിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഇസ്രായേൽ സുപ്രിം കോടതി ഉത്തരവിട്ടത്. ഈ വരുന്ന വെള്ളിയാഴ്ചയോടെ ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നൽകിയ സമയപരിധി അവസാനിക്കും.

Read More >>