അടി കിട്ടിയാല്‍ തിരിച്ചു കൊടുക്കാതിരിക്കാന്‍ താന്‍ ഗാന്ധിയനല്ല. യു.ഡി.എഫില്‍ നിന്ന് വന്നതു കൊണ്ട് അതിന്റെ കറ ശരീരത്തിലുണ്ട് - ജലീല്‍

ചെന്നിത്തലയുടെ മകനെതിരെ പറഞ്ഞത് വസ്തുതയാണ് എന്നും ആരോപമല്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു

അടി കിട്ടിയാല്‍ തിരിച്ചു കൊടുക്കാതിരിക്കാന്‍ താന്‍ ഗാന്ധിയനല്ല. യു.ഡി.എഫില്‍ നിന്ന് വന്നതു കൊണ്ട് അതിന്റെ കറ ശരീരത്തിലുണ്ട് - ജലീല്‍

തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്ു മന്ത്രി കെ.ടി ജലീല്‍. അദാലത്തിന്റെ തീരുമാനത്തില്‍ താന്‍ പങ്കാളിയല്ലെന്നും തന്നെ ഉത്തരവാദിയാക്കുന്നതിലെ ഗൂഢോദ്ദ്യേശം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ക്ക് ദാനത്തില്‍ പിന്തുണയുടെ പ്രശ്‌നം ഉദിക്കുന്നില്ല. അദാലത്ത് നടത്തിയത് എം.ജി സര്‍വകലാശാലയാണ്. യൂണിവേഴ്‌സിറ്റി അധികൃതരുടെ കുറ്റം തന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്. സര്‍വകലാശാലയുടെ അധികാരത്തില്‍ ഇടപെട്ടിട്ടില്ല. യു.ഡി.എഫില്‍ നിന്ന് വന്നതു കൊണ്ട് അതിന്റെ കറ എന്റെ ശരീരത്തിലുണ്ട്. ഒരടി കിട്ടിയാല്‍ അടി കൊടുക്കാതിരിക്കാന്‍ താന്‍ ഗാന്ധിയനല്ല. ഇനിയുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ തീരുമാനിക്കട്ടെ- ജലീല്‍ പറഞ്ഞു.

ചെന്നിത്തലയുടെ മകനെതിരെ പറഞ്ഞത് വസ്തുതയാണ് എന്നും ആരോപമല്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാവികമാണ്. അന്ന് ചെന്നിത്തല ഡല്‍ഹിയില്‍ പോയിരുന്നു- അദ്ദേഹം ആരോപിച്ചു.

അതിനിടെ, വിവാദത്തില്‍ സംസ്ഥാന ഗവര്‍ണര്‍ക്കു വീണ്ടും കത്തു നല്‍കാന്‍ പ്രതിപക്ഷ നീക്കമുണ്ട്. എം.ജിക്കു പിന്നാലെ മറ്റു സര്‍വകലാശാലകളിലും സമാനമായ ആരോപണം മന്ത്രിക്കെതിരെ ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുള്‍പ്പെടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ പരാതി നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. ഇതോടൊപ്പം ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനും പ്രതിപക്ഷം തീരുമാനിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീലിനെതിരെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തി പരാതി നല്‍കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. മാര്‍ക്കുദാന വിഷയത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും മന്ത്രിക്കു മറുപടിയില്ല.

മാര്‍ക്കുദാനത്തിനു മാത്രമല്ല, സര്‍വകലാശാലകളുടെ അക്കാദമിക്-പരീക്ഷാ കലണ്ടറുകളില്‍ മാറ്റം വരുത്താനും മന്ത്രിയും ഓഫീസും ഇടപെട്ടതിനു തെളിവു പുറത്തുവന്നു. എം.ജി സര്‍വകലാശാലയ്ക്കു പുറമെ മറ്റു സര്‍വകലാശാലകളിലും സമാനമായ ക്രമക്കേടുകള്‍ നടന്നതായാണ് പരാതി ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയമായതിനാലാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിലൊന്നും മുഖ്യമന്ത്രി പ്രതികരിക്കാത്തത് അത്ഭുതമുളവാക്കുന്നതായും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.