കോണ്‍ഗ്രസില്‍ അഭിപ്രായ അനൈക്യം? ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ താര പ്രചാരക പട്ടികയിലും പ്രിയങ്കയില്ല

ആദ്യഘട്ട പട്ടിക മാത്രമാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകണം

കോണ്‍ഗ്രസില്‍ അഭിപ്രായ അനൈക്യം? ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ താര പ്രചാരക പട്ടികയിലും പ്രിയങ്കയില്ല

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയില്ല. നാല്‍പ്പത് പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കിയത്. സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, രാഹുല്‍ഗാന്ധി എന്നിവടെ പേരുകള്‍ എല്ലാം ഉള്‍പ്പെട്ടപ്പോഴാണ് പ്രിയങ്ക അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയ ആയത്.

ആദ്യഘട്ട പട്ടിക മാത്രമാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകണം. രണ്ടാം താരപ്രചാരകരുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നും അവര്‍ പറയുന്നു. നേരത്തെ, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പിലും താരപ്രചാരകരുടെ പട്ടികയില്‍ ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരി ഉണ്ടായിരുന്നില്ല.

മഹാരാഷ്ട്രയിലും ഹരിയാനയിലും നേരത്തെ ഗാന്ധി കുടുംബം പ്രചാരണത്തിന് വേണ്ടത്ര സജീവമാകാതിരുന്നത് ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലും സോണിയയും പ്രിയങ്കയും പ്രചാരണത്തിന്റെ ഭാഗഭാക്കായിരുന്നില്ല. രാഹുല്‍ ഏഴിടത്ത് മാത്രമാണ് പ്രസംഗിച്ചത്.

നവംബര്‍ 30 മുതല്‍ അഞ്ചു ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍. നവംബര്‍ 30, ഡിസംബര്‍ 07, ഡിസംബര്‍ 12, ഡിസംബര്‍ 16, ഡിസംബര്‍ 20 തിയ്യതികളിലാണ് വോട്ടെടുപ്പ് നടക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം, ബി.ജെ.പി അധികാരത്തിലിരിക്കുന്ന മൂന്നാമത് സംസ്ഥാനത്താണ് തെരഞ്ഞെടുപ്പ് എത്തുന്നത്. മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലായിരുന്നു ആദ്യ തെരഞ്ഞെടുപ്പുകള്‍. ഒക്ടോബര്‍ 21നായിരുന്നു ഇവിടങ്ങളിലെ ജനവിധി.

Read More >>