അര്‍ദ്ധരാത്രി വീട്ടില്‍ക്കയറി വന്ന് കശ്മീരി മാദ്ധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്ത് സുരക്ഷാ സേന

ദക്ഷിണ കശ്മീരിലെ ത്രാലിലെ വീട്ടില്‍ നിന്ന് ബുധനാഴ്ച രാത്രി പതിന്നൊരയ്ക്കാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് കുടുംബം പറയുന്നു.

അര്‍ദ്ധരാത്രി വീട്ടില്‍ക്കയറി വന്ന് കശ്മീരി മാദ്ധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്ത് സുരക്ഷാ സേന

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം കശ്മീരില്‍ ആദ്യമായി മാദ്ധ്യമപ്രവര്‍ത്തകന്‍ സുരക്ഷാ സേനയുടെ കസ്റ്റഡിയില്‍. ശ്രീനഗര്‍ ആസ്ഥാനമായ ദിനപത്രം ഗ്രേറ്റര്‍ കശ്മീരിന്റെ 26കാരന്‍ റിപ്പോര്‍ട്ടര്‍ ഇര്‍ഫാന്‍ അമീന്‍ മാലികിനെയാണ് സേന കസ്റ്റഡിയിലെടുത്തത്.

ദക്ഷിണ കശ്മീരിലെ ത്രാലിലെ വീട്ടില്‍ നിന്ന് ബുധനാഴ്ച രാത്രി പതിന്നൊരയ്ക്കാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് കുടുംബം പറയുന്നു.

ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ റിപ്പോര്‍ട്ടറാണ് ഇദ്ദേഹം. 'രാത്രി പതിനൊന്നരയ്ക്കാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ വീട്ടിലെത്തിയത്. ഇര്‍ഫാന്‍ പുറത്തുവന്ന ഉടനെ അവരോടൊപ്പം പോകാന്‍ അവനോട് ആവശ്യപ്പെടുകയായിരുന്നു. നേരിട്ട് ത്രാല്‍ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്' - ഇര്‍ഫാന്റെ പിതാവ് അമിന്‍ മാലിക് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പിന്നീട് മകനെ കാണാന്‍ പൊലീസ് അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

എന്തിനാണ് തന്നെ തടങ്കലില്‍ വെച്ചത് എന്ന് ഇര്‍ഫാന് അറിയില്ലെന്ന് മാതാവ് ഹസീന പറഞ്ഞു. മകനെ മോചിപ്പിക്കാന്‍ വേണ്ടി പൊലീസിനോട് പറഞ്ഞിരുന്നു. അവന്‍ തെറ്റൊന്നും ചെയ്തിട്ടില്ല- അവര്‍ പറഞ്ഞു.

പ്രത്യേക പദവി ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള നിരോധനാജ്ഞ നിലനില്‍ക്കെ, പുല്‍വാമയില്‍ നിന്ന് ശ്രീനഗറില്‍ എത്തിയ കുടുംബം മാദ്ധ്യമപ്രവര്‍ത്തകരോട് വിവരം അറിയിക്കുകയായിരുന്നു. ഇര്‍ഫാന്‍ ജോലി ചെയ്യുന്ന മാദ്ധ്യമസ്ഥാപനം പൂട്ടിയ നിലയിലാണ്.

വിഷയം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ വിശദീകരണം നല്‍കുമെന്നും സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയ നിരവധി നേതാക്കള്‍ കശ്മീരില്‍ വീട്ടുതടങ്കലില്‍ ആണിപ്പോള്‍. കശ്മീരില്‍ നിലവിലെ സംഭവങ്ങളില്‍ കസ്റ്റഡിയിലാകുന്ന ആദ്യത്തെ മാദ്ധ്യമപ്രവര്‍ത്തകനാണ് ഇര്‍ഫാന്‍.

Read More >>