ജോളി സൂക്ഷിച്ച സയനൈഡ് തേടി പൊലീസ്; കൂക്കി വിളിച്ച് ജനം, അസഭ്യവര്‍ഷവും

എട്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയിലാണ് പ്രതികളെ പൊന്നാമറ്റത്തെത്തിച്ചത്.

ജോളി സൂക്ഷിച്ച സയനൈഡ് തേടി പൊലീസ്; കൂക്കി വിളിച്ച് ജനം, അസഭ്യവര്‍ഷവും

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ പ്രതികളുമായി പോലീസ് കൂടത്തായി പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. വന്‍ സുരക്ഷയിലാണ് പൊലീസ് പ്രതികളെ വീട്ടിലെത്തിച്ചത്. ജോളി അടക്കമുള്ള പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശത്ത് വന്‍ജനക്കൂട്ടം എത്തിയിരുന്നു. കൂകിവിളിച്ചും അസഭ്യവര്‍ഷം നടത്തിയുമാണ് പ്രതികളെ ജനക്കൂട്ടം വരവേറ്റത്. അന്വേഷണ സംഘത്തോടൊപ്പം ഫൊറന്‍സിക് വിദഗ്ദ്ധരുമുണ്ടായിരുന്നു.

എട്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയിലാണ് പ്രതികളെ പൊന്നാമറ്റത്തെത്തിച്ചത്. ആദ്യം ജോളിയെ ആണ് ഇവിടെയെത്തിച്ചത്. തൊട്ടുപിന്നാലെ മാത്യുവിനേയും പ്രജികുമാറിനേയും കൊണ്ടുവന്നു. സീല്‍ ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചാണ് അന്വേഷണസംഘം അകത്തുകയറിയത്. കൊലപാതക പരമ്പരയിലെ ആദ്യ മൂന്ന് കൊലപാതകങ്ങള്‍ നടന്നത് പൊന്നാമറ്റത്തെ വീട്ടിലാണ്. അവശേഷിക്കുന്ന സയനൈഡും ജോളിയുടെ ഫോണും കണ്ടെടുക്കുക എന്നതാണ് പ്രധാനം.

രാവിലെ വടകര പോലീസ് സ്റ്റേഷനില്‍ നിന്നിറക്കി എസ്.പി ഓഫീസിലെത്തിച്ചതിനു ശേഷമാണ് ജോളിയുമായി അന്വേഷണ സംഘം കൂടത്തായിയിലേക്ക് തിരിച്ചത്. പൊന്നാമറ്റത്തെ തെളിവെടുപ്പിന് ശേഷം രണ്ടാമത്തെ തെളിവെടുപ്പിനായി നാലാമത്തെ മരണം നടന്ന മാത്യുവിന്റെ വീട്ടിലെത്തിക്കും. മൂന്നാമത്തെ തെളിവെടുപ്പിനായി ആല്‍ഫൈന്റെ മരണം നടന്ന ഷാജുവിന്റെ വീട്ടിലെത്തിക്കും. നാലാമത്തെ തെളിവെടുപ്പിനായി സിലിയുടെ മരണം നടന്ന ദന്തല്‍ ക്ലിനിക്കിലും എത്തിക്കും.

Read More >>