പിടിയിലാകും മുമ്പ് ജോളി ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീനെ വിളിച്ചെന്ന് ഫോണ്‍ രേഖകള്‍; വിളി വക്കീലിനെ ഏര്‍പ്പാടാക്കാന്‍

പിടിയിലാകുന്നത് മണത്തറിഞ്ഞ ജോളി ലീഗ് നേതാവിനെ നേരിട്ടു വന്നു കാണുകയും നിരന്തരം വിളിക്കുകയും ചെയ്തിരുന്നു

പിടിയിലാകും മുമ്പ് ജോളി ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീനെ വിളിച്ചെന്ന് ഫോണ്‍ രേഖകള്‍; വിളി വക്കീലിനെ ഏര്‍പ്പാടാക്കാന്‍

കോഴിക്കോട്: കൂടത്തായി ദുരൂഹ മരണക്കേസില്‍ പൊലീസ് പിടിയിലാകും മുമ്പ് പ്രതി ജോളി മുസ്‌ലിംലീഗ് ശാഖാ പ്രസിഡണ്ട് ഇമ്പിച്ചി മൊയ്തീനെ വിളിച്ചതായി ഫോണ്‍ രേഖകള്‍. വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായിരുന്നു വിളിയെന്ന് മൊയ്തീന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പിടിയിലാകുന്നത് മണത്തറിഞ്ഞ ജോളി ലീഗ് നേതാവിനെ നേരിട്ടു വന്നു കാണുകയും നിരന്തരം വിളിക്കുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. എന്നാല്‍ കാര്യമെന്താണ് എന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം പറയുന്നു. വക്കീലിനെ ഏര്‍പ്പാടാക്കിയിരുന്നുവെങ്കിലും മറ്റൊരു വക്കീലിനെ കണ്ടുപിടിച്ചതായി തന്നോട് ജോളി പറഞ്ഞതായും അദ്ദേഹം പൊലീസിന് മുമ്പാകെ അറിയിച്ചു.

ജോളിയില്‍ നിന്ന് അമ്പതിനായിരം രൂപ കടം വാങ്ങിയെന്ന് കഴിഞ്ഞ ദിവസം ഇമ്പിച്ചി മൊയ്തീന്‍ പറഞ്ഞിരുന്നു. അതു തിരിച്ചു നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജോളി കൈക്കലാക്കിയ കുടുംബ സ്വത്തിന്റെ നികുതി അടയ്ക്കാന്‍ താന്‍ ശ്രമിച്ചെന്നും എന്നാല്‍ അതിനായില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ, സഹായം തേടി ജോളി ജയിലില്‍ നിന്ന് സഹോദരന്‍ നോബിയെയും വിളിച്ചിരുന്നു. വസ്ത്രങ്ങള്‍ എത്തിച്ചു തരണം എന്നാവശ്യപ്പെട്ടാണ് സഹോദരന്‍ നോബിയെ വിളിച്ചത്. സഹോദരനില്‍ നിന്ന് അനുകൂല മറുപടിയല്ല കിട്ടിയത് എന്നാണ് സൂചന.

നിലവില്‍ കോഴിക്കോട് ജയില്‍ കഴിയുന്ന ജോളിയെ നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ, മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു.

ജോളി അടക്കമുള്ള പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. രാവിലെ പത്തു മണിക്ക് ഹാജരാക്കാനാണ് താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുള്ളത്. പ്രൊഡക്ഷന്‍ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ മാത്യുവിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കുന്നുമുണ്ട്.

Next Story
Read More >>