ജോളിയുടെ ഇരകള്‍ ഇനിയുമേറെ? സഹായിക്കാന്‍ രാഷ്ട്രീയ നേതാക്കളും പൊലീസും- തത്സമയം അന്വേഷണം

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങളുടെ ഉള്ളറകളിലേക്ക് തത്സമയം അന്വേഷണം

ജോളിയുടെ ഇരകള്‍ ഇനിയുമേറെ? സഹായിക്കാന്‍ രാഷ്ട്രീയ നേതാക്കളും പൊലീസും- തത്സമയം അന്വേഷണം

ആര്‍ രോഷിപാല്‍

ഒരു ക്രൈം ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന കൂടത്തായി കൊലപാതക പരമ്പരയുടെ രഹസ്യങ്ങള്‍ ചുരുളഴിയുമ്പോള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യങ്ങള്‍ നിരവധി. പൊന്നാമറ്റത്ത് ജോളി ജോസഫിന്റെ ക്രൂരക്രൃത്യങ്ങള്‍ കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ കൂടത്തായിയെ മാത്രമല്ല മലയാളിക്കരയാകെ വിറങ്ങലിപ്പിച്ചിരിക്കുകയാണ്. 17 വര്‍ഷങ്ങള്‍ക്കപ്പുറം ഭര്‍തൃമാതാവ് അന്നമ്മയില്‍ തുടങ്ങിയ കൊലപാതകം 14 വര്‍ഷത്തിനിടയില്‍ ആറു പേരിലാണ് അവസാനിച്ചത്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് ജോളി നടത്തിയ കൊലപാതകങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് സൂചന. ഇതിനൊപ്പം മൂന്ന് കൂട്ടികള്‍ ജോളിയുടെ ക്രൂരതയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ നടത്തിയ വെളിപ്പെടുത്തലും ചര്‍ച്ചയാവുകയാണ്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങളുടെ ഉള്ളറകളിലേക്ക് തത്സമയം അന്വേഷണം.........

അന്വേഷണത്തിന്റെ നാള്‍ വഴികള്‍

2019 ജൂണ്‍ 25 ന് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ചുമതല ഏറ്റതിന് പിന്നാലെ കെ.ജി സൈമണിന് ലഭിച്ച ഒരു പരാതിയിലെ അന്വേഷണത്തിനൊടുവില്‍ കൂടത്തായി കൊലപാതക പരമ്പരയുടെ സത്യങ്ങള്‍ മറനീക്കി. പൊന്നാമറ്റത്തെ ആറു മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്സിന്റെ സഹോദരന്‍ റോജിയുടെ പരാതിയാണ് വഴിത്തിരിവായത്. തന്റെ മാതാപിതാക്കളും സഹോദരനുമടക്കം ആറു പേരുടെ മരണങ്ങളിലെ ദുരൂഹത അന്വേഷിക്കാന്‍ മുന്‍ എസ്.പി യു അബ്ദുള്‍കരീമിനും റോജി പരാതി നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പില്ലെന്നും ഇത് സ്വത്തുതര്‍ക്കം മാത്രമാണെന്നുമുള്ള താമരശ്ശേരി ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ ചുവപ്പുനാടയിലെ കുരുക്കഴിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജീവന്‍ ജോര്‍ജ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന സത്യങ്ങളിലേക്ക് വെളിച്ചം വീശിയത്. എസ്.പിയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ ഇസ്മയിലും നല്‍കിയ അകമഴിഞ്ഞ പിന്തുണ കരുത്താക്കിയായിരുന്നു അന്വേഷണം.

വീട്ടുകാര്‍ക്ക് പോലും സംശയം തോന്നാതിരിക്കാന്‍ രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് ജീവന്‍ ജോര്‍ജ്ജ് കൂടത്തായിയിലേക്ക് പോയിരുന്നത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. പൊലീസുകാരനാണെന്ന് മനസിലാകാതിരിക്കാന്‍ വേഷവിധാനങ്ങളിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടത്തായിക്ക് പുറമെ മുക്കം എന്‍.ഐ.ടിയിലും താമരശ്ശേരിയിലും പലവേഷങ്ങളില്‍ അന്വേഷണത്തിനായി ജീവന്‍ ജോര്‍ജ് എത്തിയത് പൂച്ച കുഞ്ഞുപോലും അറിഞ്ഞിരുന്നില്ല. അത്ര രഹസ്യമായിരുന്നു ഓരോ നീക്കങ്ങളും. അന്വേഷണ പുരോഗതി എസ്.പിയും ഡി.വൈ.എസ്.പിയുമല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. 200 ലേറെ പേരെ ചോദ്യം ചെയ്തപ്പോഴും ഒരു വരി വാര്‍ത്തപോലും മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

രണ്ട് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ജീവന്‍ ജോര്‍ജ് നല്‍കിയ റിപ്പോര്‍ട്ടിന്റെ മൂന്ന് പേജുകളും ഒരു വട്ടം വായിച്ചപ്പോഴേക്കും എസ്.പി കെ.ജി സൈമണ്‍ മരണത്തിലെ അസ്വാഭാവികത മനസിലാക്കിയിരുന്നു. കൂടുതല്‍ ആലോചിക്കാതെ പുനരന്വേഷണത്തിന് അനുമതി തേടി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയേയും ഉത്തമേഖലാ ഐ.ജി അശോക് യാദവിനേയും സമീപിച്ചു. പിന്നാലെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ആറു മരണങ്ങളിലേയും ജോളിയുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്ന ജീവന്‍ ജോര്‍ജ്ജിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ശരിവെക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സങ്കീര്‍ണ്ണമായ കുറ്റകൃത്യങ്ങള്‍ തെളിയിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പടെ 200 ഓളം പുരസ്‌കാരങ്ങള്‍ നേടിയ എസ്.പി കെ.ജി സൈമണിന്റെ അന്വേഷണ വൈഭവത്തിന് മുന്നില്‍ ജോളിയുടെ ചെപ്പടിവിദ്യകളൊന്നും വിജയിച്ചില്ലെന്നതാണ് സത്യം.

ക്രൂര കൊലപാതകങ്ങളും, കാരണങ്ങളും

കൂടത്തായിയിലെ അറിയപ്പെടുന്ന തറവാട്ടുകാരാണ് പൊന്നാമറ്റത് ടോം തോമസ്സും ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മയും. പെരുമാറ്റത്തിലെ സ്‌നേഹ വാല്‍ത്സല്ല്യത്തിലൂടെ നാട്ടുകാരുടെ പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. ടോം തോമസ്സ്- അന്നമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഒരാളായ റോയി തോമസ്സിന്റെ ഭാര്യയായാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളി ജോസഫ് കൂടത്തായിയില്‍ എത്തിയത്. മുക്കം എന്‍.ഐ.ടിയിലെ അസി. പ്രഫസര്‍ എന്ന പേരില്‍ നാട്ടില്‍ വിലസിയ ജോളി കൂടത്തായി ലുര്‍ദ്ദ് മാതാ പള്ളിയിലെ പ്രീ മേര്യേജ് കോഴ്‌സ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. നാട്ടുകാരുടെ കണ്ണിലുണ്ണിയായ മരുമകള്‍ ശരവേഗത്തില്‍ കൊലയാളിയായി മാറിയതോടെ 2002 സെപ്തംബര്‍ 22 ന് അന്നമ്മ കൊല്ലപ്പെട്ടു. ആട്ടിന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന് മൂന്നാഴ്ച്ച മുമ്പ് സമാന ലക്ഷണങ്ങളുമായി അന്നമ്മ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. നേരത്തെയും വധശ്രമം നടന്നതിന്റെ സുചനയാണിതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വീട്ടിലെ അധികാരം പിടിച്ചെടുക്കാനാണ് അന്നമ്മയെ വകവരുത്തിയത്.

ആറ് വര്‍ഷത്തിന് ശേഷം 2008 ആഗസ്ത് 26 ന് ഭര്‍ത്താവ് റോയ് സ്ഥലത്തില്ലാത്ത തക്കം നോക്കി കപ്പയില്‍ സയനൈഡ് കലര്‍ത്തി ടോം തോമസ്സിനെ കൊലപ്പെടുത്തി. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അതിനിടയില്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കിയിരുന്നു. ടോമിന്റെ മരണശേഷം റോയിക്കും ജോളിക്കും സ്വത്തുകളുടെ പൂര്‍ണ്ണ അവകാശം ലഭിക്കുന്ന തരത്തിലാണ് ഔസ്യത്ത് ചമച്ചത്. തന്റെ വഴിവിട്ട സൗഹൃദങ്ങള്‍ക്ക് വിലങ്ങുതടിയായതോടെ 2011 സെപ്തംബര്‍ 30 ന് ഭര്‍ത്താവ് റോയ് തോമസ്സിനേയും ജോളി വധിച്ചു. ചോറിലും കടലക്കറിയിലും സയനൈഡ് കലര്‍ത്തിയാണ് കൊലപാതകം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും അത് ആത്മഹത്യയായി ചിത്രീകരിക്കപ്പെട്ടു.

റോയ് തോമസ്സിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചതിന്റെ വൈരാഗ്യം അന്നമ്മയുടെ സഹോദരന്‍ എം.എം മാത്യുവിന്റെ കൊലപാതകത്തിന് കാരണമായി. 2014 ഫെബ്രുവരി 24 ന് മാത്യുവിനെ കട്ടന്‍ കാപ്പിയില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്. കാമുകനായ ഭര്‍തൃപിതാവിന്റെ സഹോദരന്‍ സഖറിയാസിന്റെ മകന്‍ ഷാജുവിനെ സ്വന്തമാക്കാന്‍ മകള്‍ ഒരു വയസ്സുകാരി അല്‍ഫൈനെയും കൊലപ്പെടുത്തി. മാത്യൂസ് മരിച്ച് രണ്ട് മാസത്തിന് ശേഷം മെയ്യ് 3 നാണ് അല്‍ഫൈന്‍ കൊല്ലപ്പെട്ടത്. ഒടുവില്‍ ഷാജുവിന്റെ ഭാര്യ സിലിയെയാണ് വധിച്ചത്. 2016 ജനുവരി 11 ന് ദന്താശുപത്രിയുടെ വരാന്തയില്‍ പാനീയത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് കൃത്യം നിര്‍വ്വഹിച്ചത്. സിലിയുടെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ജോളി ഷാജുവിനെ വിവാഹം കഴിക്കുകയായിരുന്നു.

ജോളിയുടെ ഇരകള്‍ ഇനിയുമേറെ?

കൊലപാതക പരമ്പരകളുടെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഇരകളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന സൂചനയാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്നത്. അയല്‍വാസി ഇലക്ട്രീഷ്യന്‍ ബിച്ചുണ്ണിയുടേയും എന്‍.ഐ.ടിക്ക് സമീപം മണ്ണിലേതില്‍ രാമകൃഷ്ണന്റെയും മരണങ്ങളില്‍ ജോളിക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. ഇതിനൊപ്പം ജോളിയുമായി അടുപ്പമുണ്ടായിരുന്ന ചിലരുടെ അസ്വാഭാവിക മരണങ്ങളും സംശയത്തിനിടയാക്കിയിട്ടുണ്ട്. രാമകൃഷ്ണന്റെ മകന്‍ രോഹിത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടയിലാണ് ജോളി മൂന്ന് പെണ്‍കുട്ടികളെ കൂടി വധിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആദ്യ ഭര്‍ത്താവ് റോയ് മാത്യുവിന്റെ സഹോദരി റെഞ്ചിയുടെ മകളേയും ജോളിക്ക് വ്യാജ ഒസ്യത്ത് ചമക്കാന്‍ സഹായിച്ച ഡപ്പ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മകളേയും മറ്റൊരു വിദേശത്തുള്ള സുഹൃത്തിന്റെ മകളേയുമാണ് വകവരുത്താന്‍ ശ്രമിച്ചത്. 2003 ല്‍ അന്നമ്മയുടെ മരണത്തിന് പിന്നാലെ തന്നെയും വധിക്കാന്‍ ശ്രമിച്ചതായി റെഞ്ചിയും വെളിപ്പെടുത്തിയിട്ടുണ്ട്.

സഹായിക്കാന്‍ രാഷ്ട്രീയ നേതാക്കളും പൊലീസും

ജോളിയെ ചില രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വഴിവിട്ട് സഹായിച്ചിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. സി.പി.എം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ മനോജാണ് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിനൊപ്പം മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി ഉള്‍പ്പടെ പലനേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണ് ജോളി ആദ്യഘട്ടത്തിലെ അന്വേഷണം അട്ടിമറിച്ചതെന്നാണ് സൂചന. ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണുമായി നിരന്തരം ഫോണില്‍ സംസാരിച്ചതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.

ഉത്തരമില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങള്‍

കേന്ദ്ര സ്ഥാപനമായ എന്‍.ഐ.ടിയില്‍ ജോളിക്ക് സൈ്വര്യവിഹാരത്തിന് സഹായം നല്‍കിയത് ആരാണ്. വ്യാജ ഐഡന്റിറ്റി കാര്‍ഡ് നിര്‍മ്മിക്കാനും അതുപയോഗിച്ച് വര്‍ഷങ്ങളായി കാമ്പസില്‍ കറങ്ങി നടന്നിട്ടും പിടിക്കപ്പെടാതിരുന്നത് അവിശ്വസനീയമാണെന്നാണ് വിലയിരുത്തല്‍. എന്‍.ഐ.ടിയിലെ ഉദ്യോഗസ്ഥരുടെ സഹായം ജോളിക്ക് ലഭിച്ചതായി സംശയം ഉയരുന്നുണ്ട്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്സിന്റെ ശരീരത്തില്‍ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും അന്വേഷണം കാര്യക്ഷമമായി നടക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ല. ഇതിനൊപ്പം ആദ്യ മൂന്ന് മരണങ്ങളില്‍ പരസ്യമായി സംശയം പ്രകടിപ്പിച്ച എം.എം മാത്യു മരിച്ചിട്ടും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഇത്രയേറെ മരണം നടന്നിട്ടും പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണം ചില സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്. റോജോ ആദ്യം നല്‍കിയ പരാതിയിലെ അന്വേഷണം വഴിതെറ്റാന്‍ കാരണം ബാഹ്യ സ്വാധീനമാണെന്നാണഅ സൂചന.

അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളികളേറെ

കൂടത്തായി കൊലപാതകത്തിന്റെ മുഖ്യപ്രതി ജോളി ജോസഫ്, കൂട്ടു പ്രതികളായ കക്കാട്ട് മഞ്ചാടിയില്‍ എം.എസ് മാത്യു, താമരശ്ശേരി തച്ചന്‍പൊയില്‍ മുള്ളമ്പലത്ത് പ്രജികുമാര്‍ എന്നിവര്‍ വലയിലായെങ്കിലും കേസില്‍ ശിക്ഷ ഉറപ്പാക്കാന്‍ ശക്തമായ തെളിവുകള്‍ ആവശ്യമാണ്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നത് ഉള്‍പ്പടെ അന്വേഷണ സംഘത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നും സയനൈഡ് വേര്‍തിരിച്ചെടുക്കുക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധന വിദേശ ലാബുകളില്‍ നടത്താന്‍ തീരുമാനിച്ചത്. സാക്ഷി മൊഴികളും പരമാവധി തെളിവുകളും ശേഖരിക്കാന്‍ അഹോരാത്രം പ്രയത്‌നിക്കുകയാണ് അന്വേഷണ സംഘം. റൂറല്‍ എസ്.പി കെ.ജി സൈമണിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍ ഹരിദാസാണ് കേസ് അന്വേഷിക്കുന്നത്. എ.എസ്.പി കെ.ജി സുബ്രഹ്മണ്യവും അന്വേഷണ സംഘത്തിന് സഹായം നല്‍കുന്നുണ്ട്.

Read More >>