മോദിയെ പ്രശംസിച്ചത് 'എന്താണ് ഈ രാജ്യത്ത് നടക്കുന്നത്? സുപ്രിംകോടതിക്ക് ഒരു വിലയുമില്ലേ?' എന്നു ചോദിച്ച ജഡ്ജ്

രാഷ്ട്രീയച്ചായ്‌വുള്ള പ്രതികരണങ്ങളില്‍ നിന്ന് ജഡ്ജുമാര്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന വികാരമാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിറയുന്നത്.

മോദിയെ പ്രശംസിച്ചത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രംഗത്തെത്തിയത്, 'എന്താണ് ഈ രാജ്യത്ത് നടക്കുന്നത്? സുപ്രിംകോടതിക്ക് ഒരു വിലയുമില്ലേ? എന്ന് ഈയിടെ ചോദിച്ച ജഡ്ജ്. ടെലികോം കമ്പനികള്‍ക്കെതിരെയുള്ള കേസ് പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചോദ്യം. ഫെബ്രുവരി 14ന് ചോദിച്ച ചോദ്യത്തിന്റെ അലയൊലി അടങ്ങും മുമ്പാണ് പ്രധാനമന്ത്രിയെ പ്രശംസ കൊണ്ട് മൂടി ജസ്റ്റിസ് മിശ്ര രംഗത്തു വന്നത്.

സുപ്രിം കോടതിയില്‍ നടന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് 2020- ജുഡീഷ്യറിയും മാറുന്ന ലോകവും' പരിപാടിയിലാണ് ജസ്റ്റിസ് മിശ്ര മോദിയെ കുറിച്ച് വാചാലനായത്. 'അന്തസുറ്റ മാനുഷിക അസ്തിത്വമാണ് നമ്മുടെ പ്രധാന പരിഗണന. ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതിലും കോണ്‍ഫറന്‍സിനായി അജണ്ട ക്രമീകരിക്കുന്നതിലും പ്രചോദനാത്മകമായ പ്രസംഗം നല്‍കുന്നതിന് ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുയും ചെയ്യുന്ന ബഹുമുഖ പ്രതിഭയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നാം നന്ദി പറയണം'- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

രാഷ്ട്രീയച്ചായ്‌വുള്ള പ്രതികരണങ്ങളില്‍ നിന്ന് ജഡ്ജുമാര്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന വികാരമാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിറയുന്നത്. സംഗീതജ്ഞന്‍ ടി.എം കൃഷ്ണ അടക്കമുള്ളവര്‍ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നു. ജസ്റ്റിസ് മിശ്രയുടെ പ്രസ്താവനയെ അനുകൂലിച്ചുള്ള പ്രതികരണങ്ങളും ട്വിറ്ററിലുണ്ട്.

ടെലികോം കമ്പനികള്‍ക്കെതിരെയുള്ള കേസ് പരിഗണിക്കുന്ന വേളയില്‍ മിശ്ര പറഞ്ഞ വാക്കുകളും സാമൂഹിക മാദ്ധ്യമങ്ങളില്‍ നിറയുന്നുണ്ട്.

Next Story
Read More >>