ഡല്‍ഹി കലാപം; ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മുരളീധറിനെ തെറിപ്പിച്ചു- പഞ്ചാബ് ഹരിയാന കോടതിയിലേക്ക് സ്ഥലം മാറ്റം

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുമായി രാഷ്ട്രപതി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സ്ഥലം മാറ്റമെന്ന് കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഡല്‍ഹി കലാപം; ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മുരളീധറിനെ തെറിപ്പിച്ചു- പഞ്ചാബ് ഹരിയാന കോടതിയിലേക്ക് സ്ഥലം മാറ്റം

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന് സ്ഥലം മാറ്റം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുമായി രാഷ്ട്രപതി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സ്ഥലം മാറ്റമെന്ന് കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പരിഗണിക്കാനിരിക്കെയാണ് സ്ഥലം മാറ്റ ഉത്തരവ് വന്നത്. ഫെബ്രുവരി 12ന് ഇദ്ദേഹത്തെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സുപ്രിംകോടതി കൊളീജിയം നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ ബാര്‍ അസോസിയേഷന്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്നാമത്തെ ജഡ്ജാണ് ജസ്റ്റിസ് മുരളീധര്‍.

കലാപത്തില്‍ വിശദമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് ഇന്ന് ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ച് പരിഗണിച്ചത്. കേസ് നാളത്തേക്ക് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല

സോളിസിറ്റര്‍ ജനറലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി ഇത് അടിയന്തര വിഷയമല്ലേയെന്നും അക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ടില്ലേയെന്നും കോടതി ചോദിച്ചു. ആവശ്യമായ വിവരങ്ങളുമായി നാളെ തിരിച്ച് വരാമെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി.

എന്നാല്‍ കപില്‍ മിശ്രയുടെ വീഡിയോ കണ്ടില്ലേയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. എന്തുകൊണ്ട് വിഷയത്തില്‍ നപടിയെടുത്തില്ലെന്ന് പൊലീസിനോട് കോടതി ചോദിക്കുകയും ചെയ്തു. എന്നാല്‍ വീഡിയോ കണ്ടില്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥന്റെ മറുപടി. തുടര്‍ന്ന് വീഡിയോ ഹൈക്കോടതിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ ബുധനാഴ്ച തന്നെ കേസെടുക്കാനും ജസ്റ്റിസ് മുരളീധര്‍ ആവശ്യപ്പെട്ടിരുന്നു. കേസ് എടുക്കാന്‍ എന്തു കൊണ്ടാണ് വൈകിയത് എന്ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

എല്ലാ വിദ്വേഷ പ്രസംഗങ്ങളും ഇന്ന് തന്നെ ഇരുന്നു കണ്ട് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്തു കൊണ്ടാണ് കപില്‍ മിശ്ര, പര്‍വേശ് ശര്‍മ്മ, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കാത്തത്? - എന്നായിരുന്നു ജസ്റ്റിസ് മുരളീധറിന്റെ ചോദ്യം.

പൊതുസ്വത്ത് നശിപ്പിച്ചതിന് എതിരെ നിങ്ങള്‍ കേസെടുത്തിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളില്‍ കേസില്ല. നിങ്ങള്‍ക്ക് ഒരു കുറ്റം നടക്കുന്നത് അറിയില്ലേ? വീഡിയോകള്‍ പ്രകോപനപരമാണ് എന്ന് സോളിസിറ്റര്‍ ജനറല്‍ പറയുന്നു. കേസെടുക്കാത്തതെന്ത്? രാജ്യം മുഴുവന്‍ ചോദിക്കുന്നത് ആ ചോദ്യമാണ്. കേസെടുത്തിട്ടില്ല എങ്കില്‍ അതിന്റെ പ്രത്യാഘാതം ഓര്‍ക്കണം- കോടതി മുന്നറിയിപ്പു നല്‍കി.

Next Story