കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍

നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

1970 മാര്‍ച്ച് 10 ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടിലാണ് കെ. സുരേന്ദ്രന്‍ ജനിച്ചത്. ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം വിദ്യാര്‍ത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലൂടെ ആണ് പൊതുരംഗത്ത് വന്നത്. യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

ലോക്സഭയിലേക്ക് കാസര്‍കോഡ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണയും, നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്.

ശബരിമല സമരത്തില്‍ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ച സുരേന്ദ്രന്‍ ബി.ജെ.പി സമരത്തിന്റെ മുന്നണിപ്പോരാളിയായി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംത്തിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ചു. ആറുമാസത്തിന് ശേഷം കോന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000 ഓളം വോട്ട് നേടി.

ഭാര്യ ഷീബ, മകന്‍ ഹരികൃഷ്ണന്‍ ബിടെക്ക് ബിരുദധാരിയാണ്. മകള്‍ ഗായത്രി പ്ലസ്ടുവിന് പഠിക്കുന്നു.

Read More >>