ചരടുവലിച്ചത് മന്ത്രി വി മുരളീധരനും ബി.എല്‍ സന്തോഷും; കൃഷ്ണദാസിനെ വെട്ടി സുരേന്ദ്രന്‍ ബി.ജെ.പി അദ്ധ്യക്ഷനാകുമ്പോള്‍

വി. മുരളീധരന്‍ പക്ഷക്കാരാനായ സുരേന്ദ്രനെ പ്രസിഡന്റാക്കിയതില്‍ കൃഷ്ണദാസ് വിഭാഗം കടുത്ത അതൃപ്തിയിലാണ്.

ചരടുവലിച്ചത് മന്ത്രി വി മുരളീധരനും ബി.എല്‍ സന്തോഷും; കൃഷ്ണദാസിനെ വെട്ടി സുരേന്ദ്രന്‍ ബി.ജെ.പി അദ്ധ്യക്ഷനാകുമ്പോള്‍

സി.വി ശ്രീജിത്ത്

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ അവരോധിക്കാന്‍ കേന്ദ്ര നേതൃത്വത്തിനായെങ്കിലും വിഭാഗീയതയ്ക്കു പരിഹാരമായില്ല. വി. മുരളീധരന്‍ പക്ഷക്കാരാനായ സുരേന്ദ്രനെ പ്രസിഡന്റാക്കിയതില്‍ കൃഷ്ണദാസ് വിഭാഗം കടുത്ത അതൃപ്തിയിലാണ്. വര്‍ഷങ്ങളുടെ പരിചയ സമ്പത്തും മികച്ച പ്രതിഛായയുമുള്ള എം.ടി രമേശിനെ തഴഞ്ഞതിനു പിന്നില്‍ ചില നേതാക്കളുടെ ഇടപെടലാണെന്ന പരാതിയാണ് കൃഷ്ണദാസിനു ഒപ്പമുള്ളവര്‍ക്ക്. കേന്ദ്ര സഹമന്ത്രി വി. മുരളീധരനും സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷും നടത്തിയ സമര്‍ത്ഥമായ നീക്കമാണ് എം.ടി രമേശിന്റെ സാദ്ധ്യത ഇല്ലാതാക്കിയതെന്ന വികാരമാണ് അവര്‍ പങ്കുവെയ്ക്കുന്നത്.

മുന്‍ അദ്ധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനു അര്‍ഹമായ പദവി പ്രഖ്യാപിക്കാത്തതില്‍ ആര്‍.എസ്.എസും അതൃപ്തിയിലാണ്. ഫലത്തില്‍ പുതിയ അദ്ധ്യക്ഷന്റെ പ്രഖ്യാപനത്തോടെ വിഭാഗീയ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാദ്ധ്യത. അതേസമയം, കെ. സുരേന്ദ്രനെ പ്രസിഡന്റാക്കിയ നടപടിക്കൊപ്പം തന്നെ കൃഷ്ണദാസ് പക്ഷത്തെയും ആര്‍.എസ്.എസിനെയും തൃപ്തിപ്പെടുത്തുന്ന ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ടെന്നും വൈകാതെ പ്രഖ്യാപനം നടത്തുമെന്നും കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇതോടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് നേതാക്കളുടെ വിശ്വാസം.

സുരേന്ദ്രനെ പ്രസിഡന്റു പദവിയില്‍ നിയമിച്ചതു വഴി പാര്‍ട്ടിക്കുള്ളിലെ യുവാക്കളില്‍ ആവേശം പകരാനും അതുവഴി സംഘടനാ സംവിധാനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാമെന്നും നേതൃത്വം കരുതുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വം സക്രിയമാകുന്നതോടെ പാര്‍ട്ടിയിലേക്കു കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാകുമെന്നും ബി.ജെ.പി നേതൃത്വം കണക്കു കൂട്ടുന്നു. അതേസമയം സംഘടനാ തലത്തില്‍ നിലവിലുള്ള നേതാക്കളില്‍ ഭൂരിപക്ഷവും കൃഷ്ണദാസ് വിഭാഗത്തിനൊപ്പം നില്‍ക്കുന്നവരാണ്. പോഷക സംഘടനകളിലും ഈ സ്വാധീനം വലുതാണ്.

പുന:സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തങ്ങളുടെ ഭാഗം പരിഗണിക്കാത്ത നിലപാടു തിരുത്തിയില്ലെങ്കില്‍ സംഘടനാ തലത്തില്‍ അതു ബാധിക്കുമെന്നു കൃഷ്ണദാസിനൊപ്പമുള്ളവര്‍ പറയുന്നു. എം.ടി രമേശിനു കേന്ദ്ര ഭാരവാഹിത്വമോ നെഹ്റു യുവക് കേന്ദ്രയുടെ ചുമതലയോ നല്‍കണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തിയിട്ടുണ്ട്. ഇതോടൊപ്പം മുതിര്‍ന്ന നേതാക്കളും പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടുകയും ചെയ്ത ശോഭ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കും തത്തുല്യമായ പദവി നല്‍കേണ്ടി വരും.

ആര്‍.എസ്.എസിനും സമാനമായ അതൃപ്തിയുണ്ട്. തങ്ങളോടു ആലോചിക്കാതെ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചതു മുതല്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ആര്‍.എസ്.എസ് വിയോജിച്ചു നില്‍ക്കുകയാണ്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ശുപാര്‍ശ കൂടി തള്ളിയതോടെ ആര്‍.എസ്.എസിനു കടുത്ത പ്രതിഷേധമുണ്ട്. പി.എസ്. ശ്രീധരന്‍പിള്ളയ്ക്കു പകരം കുമ്മനത്തെ വീണ്ടും പരിഗണിക്കാമെന്ന ചര്‍ച്ചകള്‍ വന്നപ്പോള്‍ ആര്‍.എസ്.എസ് മുഖം തിരിച്ചു. കേന്ദ്ര തലത്തില്‍ അര്‍ഹമായ പദവി കുമ്മനത്തിനു നല്‍കണമെന്നാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്. ദേശീയ ഭാരവാഹിത്വമോ അതല്ലെങ്കില്‍ ക്യാബിനറ്റ് പദവിയിലുള്ള മന്ത്രിസ്ഥാനമോ നല്‍കണമെന്നാണ് അവരുടെ ആവശ്യം.

കുട്ടനാട് ഉപതെരഞ്ഞെടുപ്പും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ പ്രശ്നങ്ങള്‍ക്കു അതിവേഗം പരിഹാരം കാണേണ്ടതുണ്ട്. പാതിവഴിയില്‍ മുടങ്ങിയ ജില്ലാ-മണ്ഡലം തലത്തിലെ പുന:സംഘടന പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. വി. മുരളീധര പക്ഷത്തിനു മുന്‍തൂക്കം ലഭിച്ച സാഹചര്യത്തില്‍ പുന:സംഘടനയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കൃഷ്ണദാസിനൊപ്പമുള്ളവര്‍ തയ്യാറാകില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പരിക്കുകള്‍ മാറ്റി പാര്‍ട്ടിയെ സജ്ജമാക്കുകയാണ് സുരേന്ദ്രനു മുന്നിലെ ആദ്യ കടമ്പ. ഇതു ഭാരിച്ച ഉത്തരവാദിത്തമാണ്. പ്രത്യേകിച്ചും ഇരുവിഭാഗവും വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍.

Next Story
Read More >>