'ഇതാണ് നുമ്മ പറഞ്ഞ പഞ്ചായത്ത്'

പ്രകൃതിസംരക്ഷണത്തിലൂടെ എങ്ങനെ വരുമാനമുണ്ടാക്കാം എന്നുകൂടി കാട്ടിത്തരുന്നു കോളയാട്. ഉപയോഗശേഷം റോഡരികിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ കോളയാട് ഗ്രാമ പഞ്ചായത്തിന് മികച്ച വരുമാന സ്രോതസ്സാണ്. ഉപയോഗശൂന്യമായ ബോട്ടിലുകൾ ബോട്ടിൽ ബൂത്ത് വഴി ശേഖരിച്ച് വിൽപ്പന നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നത്.

ഇതാണ് നുമ്മ പറഞ്ഞ പഞ്ചായത്ത്

സന്ദീപ് എസ്.നായര്‍

കണ്ണൂർ: മീന്‍ വേണോ..? പാത്രം വേണം, ബോൾ പേന പറ്റില്ല മഷിപ്പേനമാത്രം, വാട്ടർബോട്ടിൽ സ്റ്റീൽ മാത്രം, കല്യാണത്തിന് ഡിസ്പോസബിൾ ഉൽപ്പന്നങ്ങൾ ഒഴിവാക്കി സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും... ഇങ്ങനെ ഒട്ടനവധി പദ്ധതികളുമായി പുതുവഴിയിലൂടെ മുന്നേറുകയാണ് കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്ത്.

പ്രകൃതിസംരക്ഷണത്തിലൂടെ എങ്ങനെ വരുമാനമുണ്ടാക്കാം എന്നുകൂടി കാട്ടിത്തരുന്നു കോളയാട്. ഉപയോഗശേഷം റോഡരികിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ കോളയാട് ഗ്രാമ പഞ്ചായത്തിന് മികച്ച വരുമാന സ്രോതസ്സാണ്. ഉപയോഗശൂന്യമായ ബോട്ടിലുകൾ ബോട്ടിൽ ബൂത്ത് വഴി ശേഖരിച്ച് വിൽപ്പന നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നത്.


ഒരു സ്‌ക്വയർ മീറ്ററിലുള്ള ബോട്ടിൽ ബൂത്തുകളാണ് ബോട്ടിലുകൾ ശേഖരിക്കുന്നതിന് പഞ്ചായത്ത് സ്ഥാപിക്കുന്നത്. 14 വാർഡുകളിലായി 25 കേന്ദ്രങ്ങളിൽ ബൂത്തുകൾ സ്ഥാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച ആറ് ബൂത്തുകളിൽ നിന്നുമാത്രം ലഭിച്ച ബോട്ടിലുകൾ വിറ്റ വകയിൽ മാത്രം 10000 രൂപയാണ് പഞ്ചായത്തിന് ലഭിച്ചത്. ഒരു കിലോ ബോട്ടിലിന് 20 രൂപ വീതമാണ് പഞ്ചായത്തിനു ലഭിക്കുന്നത്. കഴിഞ്ഞവർഷമാണ് പഞ്ചായത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആരംഭിച്ച് ഒരു വർഷത്തിനകം തന്നെ ബൂത്തുകളെല്ലാം നിറഞ്ഞു. പഞ്ചായത്തിലെ റോഡുകളും പുഴകളും തോടുകളുമടക്കമുള്ള പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടിയപ്പോഴാണ് ബോട്ടിൽ ബൂത്ത് എന്ന ആശയം നടപ്പാക്കാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് കെ.പി. സുരേഷ്‌കുമാർ പറഞ്ഞു. മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നു ലഭിക്കുന്നത്. വീടുകളിൽ നിന്നും മറ്റു പരിപാടികളിൽ നിന്നും ലഭിക്കുന്ന ബോട്ടിലുകൾ നാട്ടുകാർ കൃത്യമായി ബൂത്തുകളിൽ നിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാലിന്യനിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി മാലിന്യരഹിത മംഗല്യമാണ് പഞ്ചായത്തിൽ നടപ്പാക്കുന്ന മറ്റൊരു പദ്ധതി. വിവാഹം അടക്കമുള്ള ആഘോഷ പരിപാടികളിൽ ഡിസ്പോസിബ്ൾ ഉൽപ്പന്നങ്ങൾ ഒഴിവാക്കി സ്റ്റീൽപ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതാണു പദ്ധതി.ആഘോഷ പരിപാടികൾ നടക്കുന്ന വീടുകളിൽ ദിവസങ്ങൾക്കു മുമ്പുതന്നെ അധികൃതരെത്തി നിർദ്ദേശം നൽകും. ആവശ്യമുള്ളവർക്ക് പ്ലേറ്റുകളും ഗ്ലാസുകളും സൗജന്യമായി എത്തിച്ചുകൊടുക്കും. നിർദ്ദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച് നടത്തുന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് നൽകില്ലെന്ന നിലപാടും പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്.

പൊതു ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പഞ്ചായത്തിനു കീഴില്‍ ഗ്രീൻ പ്രോട്ടോക്കോൾ വിജിലൻസ് സ്‌ക്വാഡുമുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം കോളയാട്ടുകാര്‍ തുണിസഞ്ചിയും ശീലമാക്കി.

കോളയാട് പഞ്ചായത്തിന്റെ ഫേസ്ബുക്ക് പേജ്

Next Story
Read More >>