കാരാട്ട് റസാഖിന് എം.എല്‍.എയായി തുടരാം; നിയമസഭയില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല

കരാട്ട് റസാഖ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ.

കാരാട്ട് റസാഖിന് എം.എല്‍.എയായി തുടരാം;    നിയമസഭയില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല

കരാട്ട് റസാഖ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ. എന്നാല്‍ എം.എല്‍.എ എന്ന നിലയില്‍ നിയമസഭ സമ്മേളനത്തില്‍ റസാഖിന് വോട്ട് ചെയ്യാനോ ആനുകൂല്യങ്ങള്‍ പറ്റാനോ കഴിയില്ല. കൊടുവള്ളി നിയമസഭാ മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന കരാട്ട് റാസാഖിന്റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചത്.

തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് മണ്ഡലത്തിലെ വോട്ടര്‍മാരായ കെ.പി. മുഹമ്മദും മൊയ്തീന്‍ കുഞ്ഞിയും നല്‍കിയ ഹരജി അനുവദിച്ചാണ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു നേരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. അതേസമയം, തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി മുസ്‌ലിം ലീഗിലെ എം.എ. റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു.

നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാനോ ആനുകൂല്യങ്ങള്‍ പറ്റാനോ പാടില്ലെന്ന ഉപാധികളോടെ ഹൈകോടതി സ്‌റ്റേ അനുവദിച്ചിരുന്നു. തുടര്‍ന്നാണ് റസാഖ് സുപ്രീംകോടതിയില്‍ സമീപ്പിച്ചത്.

തെരഞ്ഞെടുപ്പു കാലത്ത് എതിര്‍ സ്ഥാനാര്‍ഥി എം.എ. റസാഖിനെതിരെ അപകീര്‍ത്തികരമായ രീതിയില്‍ വീഡിയോ പ്രദര്‍ശനം നടത്തിയതായും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയതായും ചൂണ്ടിക്കാട്ടിയായിരുന്നു കെ.പി. മുഹമ്മദിന്റെയും മൊയ്തീന്‍ കുഞ്ഞിയുടെയും ഹരജി. റസാഖിനെ വെറുതെവിട്ട് കോടതി തീര്‍പ്പു കല്‍പിച്ച വിഷയമാണ് അപമാനിക്കാനായി ഡോക്യുമെന്ററിയിലൂടെ ഉന്നയിച്ചതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. മുസ്ലീംലോഗ് കോട്ടയായ കൊടുവള്ളിയില്‍ 573 വോട്ടിനായിരുന്നു കാരാട്ട് റസാഖിന്റെ വിജയം.

Read More >>