കവളപ്പാറയില്‍ ജി.പി.ആര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ പരാജയം; വയനാട്ടിലേക്ക് പോകുന്നതില്‍ അവ്യക്തത

കാണാതായവരുടെ ആറു മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. ഇതോടെ ഇവിടെ മരണത്തിന് കീഴടങ്ങിയവര്‍ 46 ആയി.

കവളപ്പാറയില്‍ ജി.പി.ആര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ പരാജയം; വയനാട്ടിലേക്ക് പോകുന്നതില്‍ അവ്യക്തത

നിലമ്പൂര്‍: കവളപ്പാറയില്‍ ജിപിആര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്‍ പരാജയമെന്ന് വിലയിരുത്തല്‍. പ്രദേശത്ത് വെള്ളത്തിന്റെ അളവ് കൂടുതലാണെന്ന് ജിപിആര്‍ വിദഗ്ധന്‍ ആനന്ദ് കെ. പാണ്ഡേ മനോരമ ന്യൂസിനോട് പറഞ്ഞു. വയനാട്ടിലേക്ക് പോകുന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാണാതായവരുടെ ആറു മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. ഇതോടെ ഇവിടെ മരണത്തിന് കീഴടങ്ങിയവര്‍ 46 ആയി. 13 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ന് തെരച്ചില്‍. പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായ ആനന്ദ് കെ പാണ്ഡെ, രത്നാകര്‍ ദാക്തെ, ടെക്നിക്കല്‍ അസിസ്റ്റന്റ് ദിനേശ് കെ സഹദേവന്‍, സീനിയര്‍ റിസര്‍ച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയര്‍ റിസര്‍ച് ഫെലോകളായ സതീഷ് വര്‍മ, സഞ്ജീവ് കുമാര്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്.

രണ്ട് സെറ്റ് ജിപിആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍) ഉപകരണം സംഘത്തിന്റെ കയ്യിലുണ്ട്. ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍ നിന്ന് വരെയുള്ള സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ ഉപകരണത്തിന് സാധിക്കും. കണ്‍ട്രോള്‍ യൂനിറ്റ്, സ്‌കാനിങ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിന്റെ ഭാരം.

Read More >>