സര്‍വേയിലെ അപാകത പ്രളയ ദുരിതമൊഴിയാതെ പൊങ്ങലക്കരി

മെത്രാന്‍ കായലാല്‍ ചുറ്റപ്പെട്ട കോളനിയില്‍ 127 വീടുകളാണുള്ളത്.

സര്‍വേയിലെ അപാകത  പ്രളയ ദുരിതമൊഴിയാതെ പൊങ്ങലക്കരി

കോട്ടയം: പ്രളയാനന്തര ജീവിതത്തില്‍ ദുരിതങ്ങളുമായി കുമരകം പൊങ്ങലക്കരി കോളനി നിവാസികള്‍. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് കോളനി നിവാസികളെ ദുരിതത്തിലാഴ്ത്തിയത്. വീടുകള്‍ തകര്‍ന്നതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍വേ നടത്തിയിരുന്നു.

എന്നാല്‍ സര്‍വേയിലെ അപാകത മൂലം അര്‍ഹരായ നിരവധി കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ സഹായം ലഭ്യമായില്ലെന്നാണ് കോളനി വാസികള്‍ പറയുന്നത്.

ഉറപ്പു കുറഞ്ഞ് ജലാംശം കൂടുതല്‍ ഉള്ള ചതുപ്പ് സമാനമായ ഭൂപ്രദേശമാണ് പൊങ്ങലക്കരി കോളനി. മെത്രാന്‍ കായലാല്‍ ചുറ്റപ്പെട്ട കോളനിയില്‍ 127 വീടുകളാണ് ഉള്ളത്. ഇതില്‍ 15ലധികം വീടുകള്‍ പൂര്‍ണ്ണമായും 20ല്‍ താഴെ വീടുകള്‍ ഭാഗികമായും തകര്‍ന്നതായി പ്രദേശവാസികള്‍ പറയുന്നു. ദിവസങ്ങളോളം ഈ പ്രദേശം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു.

ഇതോടെ ചതുപ്പ് സമാനമായ ഭൂമിയിലേക്ക് വീടുകള്‍ താഴ്ന്നതോടെ ഭിത്തികള്‍, മേല്‍ക്കൂര തുടങ്ങിയവ തകര്‍ന്നു. ഇത്തരം വീടുകളുടെ നാശനഷ്ടം കൃത്യമായി കണക്കാക്കാന്‍ സര്‍വ്വേയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കാത്തതത് മൂലം ഗുണഭോക്തക്കളെ കണ്ടെത്തിയതി ല്‍ വന്‍ അപകതയാണ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത്.

വീട് ഇടിഞ്ഞ് വീഴുമെന്ന ഭീതിയില്‍ മൂന്ന് കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇടിഞ്ഞു വീണ ഭിത്തി ഭാഗങ്ങള്‍ പ്ലാസ്റ്റിക്ക് ചാക്കുകള്‍ കൊണ്ട് മറച്ചും മറ്റുമാണ് ഓരോ കുടുംബവും കഴിയുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ ധനസഹായം 10000 രൂപ എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്. സര്‍വേയിലെ അപാകത ചൂണ്ടിക്കാട്ടി പരാതി നല്‍കിയപ്പോള്‍ പഞ്ചായത്ത് നിലവില്‍ തയ്യാറാക്കിയ പട്ടിക പ്രകാരമുള്ളത് നല്‍കിയ ശേഷം മാത്രമേ പരാതികള്‍ പരിഗണിക്കാനാകൂ എന്നാണത്രെ പറയുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആദ്യ ഘട്ടത്തില്‍ എന്‍ജിനീയര്‍മാരും ഓവര്‍സിയര്‍മാരും സര്‍വേ നടത്തിയിരുന്നു.

ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെ പിന്നീട് റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ കേവലം ഏഴ് ദിവസങ്ങള്‍ കൊണ്ട് കുമരകത്ത് നടത്തിയ സര്‍വേ പ്രകാരമാണ് തദ്ദേശഭരണകൂടം ഭവന നിര്‍മ്മാണ ധനസഹായത്തിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വേ വിശദമായി പഠിക്കാതെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതാണ് ആക്ഷേപങ്ങള്‍ക്ക് കാരണമായതെന്ന് ഗ്രാമപഞ്ചായത്ത് അംഗം പി.കെ സേതു പറഞ്ഞു. നിലവില്‍ തയ്യാറിക്കിയ ഗുണഭോക്ത ലിസ്റ്റ് റദ്ദാക്കണമെന്നും സര്‍വേയില്‍ വൈദഗ്ദ്ധ്യമുള്ള എന്‍ജിനീയറിങ് ഉദ്യോഗസ്ഥരെ കൊണ്ട് റീ സര്‍വേ നടത്തണം. കൂടാതെ ധനസഹായത്തിന് അര്‍ഹരായവര്‍ ഭവന നിര്‍മ്മാണം നടത്തുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തി മാത്രം പണം കൈമാറണമെന്നും ഗ്രാമപഞ്ചായത്തീഗം പി.കെ.സേതു ആവശ്യപ്പെട്ടു.

റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണ് ഏഴ് ദിവസം കൊണ്ട് സര്‍വേ പൂര്‍ത്തീകരിച്ചത്. ഇത് പ്രകാരം 7000 ല്‍ പരം വീടുകളുള്ള കുമരകത്ത് പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്ന 1665 ഭവനങ്ങളാണുള്ളത്. സര്‍വേയില്‍ പരാതി ഉള്ളവര്‍ക്ക് കളക്ടറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സമിതിക്ക് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. സമിതി റീ- സര്‍വേ നടത്തി പരിഹാരം നടപ്പിലാക്കുമെന്ന് കുമരകം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി സുരേഷ് കുമാര്‍ പറഞ്ഞു

Read More >>