വിദ്യാര്‍ത്ഥികളെ വട്ടംകറക്കി കേരള സര്‍വകലാശാല; പരീക്ഷ ഒഴിയാതെ ത്രിവല്‍സര എല്‍.എല്‍.ബി കോഴ്‌സ്

മൂന്നുമാസമാണ് ഓരോ സെമസ്റ്റുകള്‍ക്കിടയിലും പരീക്ഷയ്ക്കുള്ള കാലാവധി. എന്നാല്‍ ജൂലൈ, ഓഗസ്റ്റ് , സെപ്റ്റംബര്‍ മാസത്തില്‍ മൂന്ന് സെമസ്റ്റര്‍ പരീക്ഷകള്‍ ആണ് തുടര്‍ച്ചയായി വിദ്യാര്‍ത്ഥികള്‍ എഴുതി കൊണ്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥികളെ വട്ടംകറക്കി കേരള സര്‍വകലാശാല; പരീക്ഷ ഒഴിയാതെ ത്രിവല്‍സര എല്‍.എല്‍.ബി കോഴ്‌സ്

സുധീര്‍ കെ. ചന്ദനത്തോപ്പ്

തിരുവനന്തപുരം: കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട പരീക്ഷ ഒരുമിച്ച് നടത്തി കേരള സര്‍വകലാശാല എല്‍.എല്‍.ബി ത്രിവല്‍സര വിദ്യാര്‍ത്ഥികളെ വട്ടംകറക്കുന്നു. ഓരോ സെമസ്റ്റര്‍ പരീക്ഷകളും ഇടവേളകള്‍ ഇല്ലാതെ നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസവും നിരവധി പരാതികള്‍ ലഭിച്ചിട്ടും ത്രിവത്സര എല്‍.എല്‍.ബി മൂന്നാം സെമസ്റ്റര്‍ പരീക്ഷ തീരുന്നതിനു മുന്‍പ് നാലാം സെമസ്റ്റര്‍ പരീക്ഷാ സമയവും യൂനിവേഴ്‌സിറ്റി പുറത്ത് വിട്ടു.

മൂന്നുമാസമാണ് ഓരോ സെമസ്റ്റുകള്‍ക്കിടയിലും പരീക്ഷയ്ക്കുള്ള കാലാവധി. എന്നാല്‍ ജൂലൈ, ഓഗസ്റ്റ് , സെപ്റ്റംബര്‍ മാസത്തില്‍ മൂന്ന് സെമസ്റ്റര്‍ പരീക്ഷകള്‍ ആണ് തുടര്‍ച്ചയായി വിദ്യാര്‍ത്ഥികള്‍ എഴുതി കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ 18 ന് മൂന്നാം സെമസ്റ്റര്‍ പരീക്ഷ അവസാനിക്കും. സെപ്റ്റംബര്‍ 24 ന് നാലാം സെമസ്റ്റര്‍ പരീക്ഷക്ക് വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും യൂനിവേഴ്‌സിറ്റി ഫീസ് ഇടാക്കി തുടങ്ങുകയും ചെയ്തു. നാലാം സെമസ്റ്റര്‍ ചെയ്യേണ്ട ഇന്റേണല്‍ പരീക്ഷകള്‍ ഓണം അവധിക്ക് ശേഷം ഒരാഴ്ചക്കുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍.

മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷ നീണ്ടു പോയി എന്ന കാരണത്താല്‍ നിലവിലെ വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശങ്ങള്‍ കവര്‍ന്നെടുത്തു കൊണ്ട് പരീക്ഷകളും അദ്ധ്യയന വര്‍ഷങ്ങളും ക്രമീകരിക്കാമെന്ന കണ്ടെത്തല്‍ അശാസ്ത്രീയവും നിലവിലെ വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന ക്രൂരതയും ആണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നാലാം സെമസ്റ്റര്‍ വേഗത്തില്‍ നടത്തിയാലും അഞ്ചും ആറും സെമസ്റ്റര്‍ യഥാക്രമം ജനുവരിയിലും ജൂലൈ മാസത്തിലും ആണ് ക്രമീകരിച്ചിരിക്കുന്നത്.

അതിനാല്‍ നാലാം സെമസ്റ്റര്‍ പരീക്ഷ ഒക്ടോബര്‍ അവസാനം നടത്തിയാലും അഞ്ചാം സെമസ്റ്റ്ര്‍ പരീക്ഷ ജനുവരിയില്‍ സുഖമമായി നടത്താന്‍ സാധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നു. പരീക്ഷ നടത്തിപ്പില്‍ തലതിരിഞ്ഞ കേരള സര്‍വകലാശാലയുടെ പരിഷ്‌കാരത്തിനെതിരേ വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാരും ഇടപെടണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

Next Story
Read More >>