എന്‍.ആര്‍.സി: നട്ടെല്ലു നിവര്‍ത്തി ബംഗാളി സിനിമാ ലോകം പറയുന്നു- ഞങ്ങള്‍ രേഖകള്‍ കാണിക്കില്ല

സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്

എന്‍.ആര്‍.സി: നട്ടെല്ലു നിവര്‍ത്തി ബംഗാളി സിനിമാ ലോകം പറയുന്നു- ഞങ്ങള്‍ രേഖകള്‍ കാണിക്കില്ല

കൊല്‍ക്കത്ത: പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കനത്ത എതിര്‍ശബ്ദമുയര്‍ത്തി ബംഗാളി സിനിമാ ലോകം. പൗരത്വം തെളിയിക്കാന്‍ ഒരു രേഖയും തങ്ങള്‍ സമര്‍പ്പിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി. സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ ഇവര്‍ പങ്കുവച്ചിട്ടുണ്ട്.

'കജോ അംരാ ദേഖാബോന (ഞങ്ങള്‍ രേഖകള്‍ കാണിക്കില്ല)' - എന്നാണ് ധൃതിമാന്‍ ചാറ്റര്‍ജി, സബ്യസാചി ചക്രബര്‍ത്തി, കൊങ്കണ സെന്‍ ശര്‍മ്മ, നന്ദന സെന്‍, സ്വസ്തിക മുഖര്‍ജി, സുമന്‍ മുഖോപാദ്ധ്യായ, രുപം ഇസ്‌ലാം തുടങ്ങിയവര്‍ പറയുന്നത്. വീഡിയോയില്‍ സിനിമാ ലോകത്തു നിന്നുള്ള 12 പേരാണ് ഉള്ളത്.

സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നിങ്ങളെ സമ്മതിക്കില്ല. ഞങ്ങള്‍ രേഖകള്‍ കാണിക്കില്ല എന്ന് വീഡിയോവില്‍ കൊങ്കണ ശര്‍മ്മ പറയുന്നു. ഭരണാധികാരികള്‍ വരും പോകും, ഞങ്ങള്‍ രേഖ കാണിക്കില്ല എന്നാണ് സബ്യസാചിയുടെ പ്രതികരണം.

പൗരത്വനിയമത്തിനും എന്‍.ആര്‍.സിക്കും എതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെയാണ് നിലപാട് വ്യക്തമാക്കി ബംഗാളി ചലചിത്ര ലോകം രംഗത്തു വന്നിരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നിയമത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.

Read More >>