കുടുംബശ്രീ നാട്ടുചന്തയില്‍ ഇനി മീനും കിട്ടും

വിഷരഹിത മീനുകളുമായി മത്സ്യവിപണി പിടിക്കാന്‍ കുടുംബശ്രീ

കുടുംബശ്രീ നാട്ടുചന്തയില്‍  ഇനി മീനും കിട്ടും

തിരുവനന്തപുരം: മീൻ വിൽപ്പനയിലും ഒരു കൈനോക്കാന്‍ കുടുംബശ്രീ. വിഷരഹിത മീനുകളുമായാണ് മത്സ്യവിപണി പിടിക്കാന്‍ കുടുംബശ്രീ ഇറങ്ങുന്നത്.

ഫിഷറീസ് വകുപ്പിന്റെ സംയോജിത മത്സ്യകൃഷി പദ്ധതിയുമായി സഹകരിച്ച് കുടുംബശ്രീ നാട്ടുചന്തകൾ വഴിയാണ് മീൻ വിൽപ്പന നടത്തുന്നത്. ഇതിനായി സ്വാഭാവിക, കൃത്രിമ കുളങ്ങൾ കണ്ടെത്തും. വിളവെടുത്ത മീനുകൾ നാട്ടുചന്തകളിൽ വിൽപ്പനയ്ക്ക് വയ്ക്കും. ഫോർമാലിൻ ഇല്ലാത്ത മീനും ജൈവപച്ചക്കറിയും ഇനി ഒരിടത്തുനിന്നുതന്നെ സഞ്ചിയിലാക്കാം.

ജില്ലാ മിഷനുകളുടെ കാർഷിക വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ സി.ഡി.എസുകളിൽ ആഴ്ചചന്തയായും മാസച്ചന്തയായും നാട്ടുചന്തകൾ സംഘടിപ്പിക്കുന്നുണ്ട്. ജൈവപച്ചക്കറികൾക്കും ഉല്പന്നങ്ങൾക്കും ഊന്നൽകൊടുക്കുന്ന നാട്ടുചന്തകൾ വഴിയാണ് ഇനി മീൻ വിൽപ്പനയും. നിലവിൽ മത്സ്യകൃഷി നടത്തുന്ന കുടുംബശ്രീ യൂണിറ്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.

ഇവർക്ക് നാട്ടുചന്തയിലൂടെ ഒരു സ്ഥിരം വിപണി കണ്ടെത്തുകയാണ് കുടുംബശ്രീ. കുളങ്ങൾ വൃത്തിയാക്കാനും നിർമ്മിക്കാനും ഫിഷറീസ് വകുപ്പ് സഹായം നൽകും. മഴക്കാലത്തോടെ ആരംഭിക്കുന്ന മത്സ്യകൃഷിക്ക് മത്സ്യക്കുഞ്ഞുങ്ങളെയും ഫിഷറീസ് വകുപ്പ് നൽകും.

Read More >>