എറണാകുളത്ത് കോണ്‍ഗ്രസ് കോട്ട; ആരുനിന്നാലും ജയിക്കും- കെ.വി തോമസ്

തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയെന്നും പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് കോണ്‍ഗ്രസ് കോട്ട;  ആരുനിന്നാലും ജയിക്കും- കെ.വി തോമസ്

ബി.ജെ.പിയിലേക്കു പോകുമെന്ന വാദം തള്ളി കെ.വി തോമസ്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയെന്നും പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ് എം.പിയായ കെ.വി. തോമസിന് എറണാകുളം ലോക്സഭാ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് ബി.ജെ.പി അദ്ദേഹത്തെ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കെ.വി തോമസ് വിശദീകരണവുമായി രംഗത്തെത്തിയത്.

എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണെന്നും ആരു നിന്നാലും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

പദവിയിലല്ല പ്രശ്‌നമെന്നും പാര്‍ട്ടിയുടെ സമീപനമാണ് തന്നെ വിഷമിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ മാത്രമായിരുന്നു അറിയിച്ചിരുന്നത്. ആദ്യമായാണ് പുറത്ത് പറയുന്നത്. കോണ്‍ഗ്രസ് എടുക്കുന്ന ഏത്? തീരുമാനവും എത്ര വിഷമമുണ്ടാക്കുന്നതായായലും സ്വീകരിക്കുമെന്നും കെ.വി തോമസ് പറഞ്ഞു.

നിലപാട് മാറ്റത്തിന്റെ ഭാഗമായി കേരളാ ഹൗസിലെത്തിയ കെ.വി തോമസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ അനുനയ നീക്കങ്ങളുടെ ഭാഗമായി വീട്ടിലെത്തിയ ചെന്നിത്തലയോട് കെ.വി തോമസ് ശക്തമായി ക്ഷോഭിച്ചിരുന്നു.


Read More >>