സമനില തെറ്റി കേരള ബ്ലാസ്‌റ്റേഴ്‌സ്; ഉറപ്പായ ജയം ഇഞ്ച്വറി ടൈമില്‍ കൈവിട്ടു

ആറു കളികളില്‍ നിന്ന് അഞ്ച് പോയിന്റാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം

സമനില തെറ്റി കേരള ബ്ലാസ്‌റ്റേഴ്‌സ്; ഉറപ്പായ ജയം ഇഞ്ച്വറി ടൈമില്‍ കൈവിട്ടു

കൊച്ചി: ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കു നടുവില്‍ വീണ്ടും അങ്കത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഒരിക്കല്‍ക്കൂടി നിരാശാജനകമായ സമനില. ഇഞ്ച്വറി ടൈമില്‍ വഴങ്ങിയ ഗോളിനാണ് കേരള ടീം സമനിലക്കുരുക്കില്‍പ്പെട്ടത്. രണ്ടു തവണ മുന്നില്‍ നിന്ന ശേഷമാണ് ടീം ലീഡ് കളഞ്ഞു കുളിച്ചത്. സ്‌കോര്‍ 2-2.

രണ്ടാം മിനിറ്റില്‍ തന്നെ രാജു ഗെയ്ക്‌വാദിന്റെ ത്രൂപാസില്‍ നിന്ന് ഹാഫ് വോളി തൊടുത്ത് മിഡ്ഫീല്‍ഡര്‍ സിഡോ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കെയാണ് മുര്‍താദ് സെറിഗിന്‍ ഗോവയ്ക്കായി ഗോള്‍ നേടിയത്. ഗോളി രഹനേഷിന്റെ പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍.

അമ്പത്തിയൊന്നാം മിനിറ്റില്‍ പ്രശാന്തിന്റെ ക്രോസില്‍ നിന്ന് മെസ്സി ബൗളി സോഫ്റ്റ് ടച്ചിലൂടെ വീണ്ടും ഗോള്‍ കണ്ടെത്തി. രണ്ടു മിനിറ്റിനുള്ളില്‍ ഒഗ്ബച്ചയെ ഫൗള്‍ ചെയ്ത മുര്‍താദ ചുവപ്പ് കാര്‍ഡ് പുറത്തു പോയി. പിന്നീട് പത്തു പേരെ വെച്ചു കളിച്ച അവര്‍ ഇഞ്ച്വറി ടൈമില്‍ റെനി റോഡിഗ്രസിന്റെ ഗോളില്‍ വീണ്ടും സമനില പിടിച്ചു.

ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവാണ് ഗോളിന് കാരണമായത്. പ്രതിരോധ താരം ജൈറെ ക്ലിയര്‍ ചെയ്യാന്‍ പരാജയപ്പെട്ട പന്തില്‍ നിന്നാണ് ഗോവയുടെ നീക്കമുണ്ടായത്. ഗോവന്‍ താരത്തിന്റെ ആദ്യ ഷോട്ട് ഗോളി രഹനേഷ് തടുത്തെങ്കിലും റീബൗണ്ട് ലനി ഗോളാക്കുകയായിരുന്നു.

ആറു കളികളില്‍ നിന്ന് അഞ്ച് പോയിന്റാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. രണ്ടു സമനിലയും ഒരു ജയവും. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ ഒരു ഗോള്‍ മാത്രമാണ് കേരള ടീമിന്റെ ആശ്വാസ ജയം.

Read More >>