മാന്ദ്യം മഹീന്ദ്രയെയും വിഴുങ്ങുന്നു; ചരിത്രത്തില്‍ ആദ്യമായി പ്ലാന്റ് 17 ദിവസത്തേക്ക് അടച്ചിടുന്നു

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാണ കമ്പനിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

മാന്ദ്യം മഹീന്ദ്രയെയും വിഴുങ്ങുന്നു; ചരിത്രത്തില്‍ ആദ്യമായി പ്ലാന്റ് 17 ദിവസത്തേക്ക് അടച്ചിടുന്നു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാണ കമ്പനികളില്‍ ഒന്നായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെയും സാമ്പത്തിക മാന്ദ്യം വിഴുങ്ങുന്നു. ചരിത്രത്തില്‍ ആദ്യമായി കമ്പനിയുടെ ഉത്പാദന യൂണിറ്റുകള്‍ 17 ദിവസത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു.

രാജ്യത്തെ ഓട്ടോ വ്യവസായം വന്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹീന്ദ്രയുടേത്. നേരത്തെ, രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ സുസുക്കി അവരുടെ മനേസര്‍, ഗുരുഗ്രാം പ്ലാന്റുകള്‍ സെപ്തംബര്‍ ഏഴിനും ഒമ്പതിനും അടച്ചിട്ടിരുന്നു. അശോക് ലെയ്‌ലന്‍ഡ് 16 ദിവസത്തേക്കാണ് പ്ലാന്റുകള്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാണ കമ്പനിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. പ്ലാന്റുകള്‍ അടച്ചിടുകയാമെന്ന വിവരം കമ്പനി ഓഹരി വിപണിയെ അറിയിച്ചിട്ടുണ്ട്. ഈ മാസം അവസാനം കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മാണവും മൂന്നു ദിവസം നിര്‍ത്തി വയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

>വില്‍പ്പനയില്‍ ഇടിവ്

ഓഗസ്റ്റ് മാസത്തില്‍ മഹീന്ദ്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 25 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 48324 വാഹനങ്ങള്‍ കമ്പനി വിറ്റപ്പോള്‍ ഈ വര്‍ഷം വില്‍ക്കാനായത് 36085 എണ്ണം മാത്രം.

20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോള്‍ ഓഗസ്റ്റിലെ വാഹന, കാര്‍ വില്‍പ്പന. തുടര്‍ച്ചയായ പത്താം മാസത്തിലാണ് വില്‍പ്പനയില്‍ ഇടിവു കാണിക്കുന്നത്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) തിങ്കളാഴ്ച പുറത്തു വിട്ട കണക്കു പ്രകാരം ഓഗസ്റ്റില്‍ യാത്രാ, വാണിജ്യ, മുച്ചക്ര, ഇരുചക്ര, നാലു ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ മൊത്തം 18.45 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2018 ഓഗസ്റ്റില്‍ 2,816,187 യൂണിറ്റ് വാഹനങ്ങള്‍ ഉല്‍പ്പാദകര്‍ നിര്‍മിച്ചപ്പോള്‍ ഈ വര്‍ഷം ഇത് 2,296,711 ആണ്.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനിയില്‍ 34.22 ശതമാനം ഇടിവാണ് ഉണ്ടായത്. മേഖലയിലെ കയറ്റുമതി 14.73 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 6.93 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുചക്ര വാഹന വില്‍പ്പനയില്‍ 22.24 ശതമാനം കുറവുണ്ടായി. വാനുകളുടെ വില്‍പ്പന 47.36 ശതമാനമായാണ് കുറഞ്ഞത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 38.71 ശതമാനംകുറവ് രേഖപ്പെടുത്തി.

Read More >>