മലപ്പുറത്തെ യുവാക്കളുടെ മരണം ജോസഫ് സിനിമാ സ്റ്റൈല്‍ കൊലപാതകമെന്ന് പരാതി; അന്വേഷണം അവയവ മാഫിയയിലേക്ക്

നജീബുദ്ധീന്റെ പിതാവ് ഉസ്മാന്‍ ആണ് മരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് പൊലീസിനെ സമീപിച്ചത്.

മലപ്പുറത്തെ യുവാക്കളുടെ മരണം ജോസഫ് സിനിമാ സ്റ്റൈല്‍ കൊലപാതകമെന്ന് പരാതി; അന്വേഷണം അവയവ മാഫിയയിലേക്ക്

സ്വന്തം ലേഖകന്‍

പൊന്നാനി: യുവാക്കളുടെ ബൈക്കപകട മരണം ജോസഫ് സിനിമ സ്‌റ്റൈല്‍ കൊലപാതകമാണെന്ന പരാതിയെ കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 2016 നവംബറില്‍ പെരുമ്പടപ്പില്‍ നടന്ന യുവാക്കളുടെ ബൈക്കപകട മരണമാണ് അവയവ മാഫിയയിലേക്ക് വിരല്‍ ചൂണ്ടുന്നതായി മാറുന്നത്. മരണപ്പെട്ടവരില്‍ ഒരാളുടെ പിതാവ് സ്വയം ശേഖരിച്ച തെളിവുകളുമായി രംഗത്തെത്തിയതോടെയാണ് പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ നിയോഗിച്ചിരിക്കുന്നത്.

2016 നവംബര്‍ 20നു രാത്രി പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന് സമീപം അവിയൂര്‍ സ്വദേശിയായ നജീബുദ്ധീന്‍ (16), സുഹൃത്ത് വന്നേരി സ്വദേശി വാഹിദ് ( 16 ) എന്നിവരാണ് ബൈക്കപകടത്തില്‍ മരണപ്പെട്ടത്. നജീബുദ്ധീന്റെ പിതാവ് ഉസ്മാന്‍ ആണ് മരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് സര്‍ക്കാരിനെ സമീപിച്ചത്. തുടര്‍ന്ന് കേസ് മലപ്പുറം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അബ്ദുള്‍ഖാദറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഇന്നലെ അപകട സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. അപകടം നടന്ന രീതിയും, സാദ്ധ്യതകളും സംഘം വിശദമായി വിലയിരുത്തി. ഉസ്മാനില്‍ നിന്ന് വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു. തുടരന്വേഷണത്തിന് ബന്ധുക്കളോട് ബുധനാഴ്ച മലപ്പുറത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവയവ മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉസ്മാന്‍ നേരത്തെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. വാഹിദ് ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും നജീബുദീന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂന്നാംദിവസവുമായിരുന്നു മരണപ്പെട്ടത്.

അന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താനായിട്ടില്ലെന്ന് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുല്‍ഖാദര്‍ തത്സമയത്തോട് പറഞ്ഞു. അപകട സ്ഥലം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഉസ്മാന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ

അപകടശേഷം രണ്ടു പേരെയും വ്യത്യസ്ത വാഹനങ്ങളിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കേറ്റ ആഘാതമാണ് മരണകാരണം.

എന്നാല്‍ ഇന്‍ക്വസ്‌റ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുണ്ട്.

മരണശേഷം മകന്റെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയ പാടുകള്‍ കണ്ടു.

അപകടത്തിന് ശേഷം മരുന്നുകളോട് പ്രതികരിക്കുന്നെണ്ടെന്നും ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

ഇരുകൈകളിലും കഴുത്തിലും കെട്ടുമുറുക്കിയ പോലെയുള്ള കറുത്തപാടുകളുമുണ്ടായിരുന്നു.

മകനെ ആശുപത്രില്‍ എത്തിച്ചവര്‍ ഇന്നും അജ്ഞാതര്‍.

അപകടം നടന്ന സമയത് നിലവിളിയോ മറ്റു ശബ്ദങ്ങളോ പരിസരവാസികള്‍ കേട്ടിട്ടില്ല.

Read More >>