എസ്.മണികുമാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

കഴിഞ്ഞ ഓഗസ്റ്റിലാണ് ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ ചെയ്തത്.

എസ്.മണികുമാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ്.മണികുമാർ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഗവർണർ പി.സദാശിവം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നിലവിലെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രിംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ ചെയ്തത്. സുപ്രിം കോടതി കൊളീജിയമാണ് ശുപാർശ ചെയ്തത്.

1983ൽ അഭിഭാഷക ജോലിയിൽ പ്രവേശിച്ച ജസ്റ്റിസ് മണികുമാർ 22 വർഷത്തോളം മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. 2004 ജൂലൈ മുതൽ കേന്ദ്ര സർക്കാരിന്റെ മുതിർന്ന അഭിഭാഷകനായിരുന്ന അദ്ദേഹം പിന്നീട് അസിസ്റ്റന്റ് സോളിസിറ്റർ ജനറലായും സീനിയർ സ്റ്റാൻഡിങ് കൗൺസലായും പ്രവർത്തിച്ചു. 2006 ജൂലൈ 31ന് മദ്രാസ് ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായും 2009 നവംബർ ഒമ്പതിന് സ്ഥിരം ജഡ്ജിയായും നിയമിക്കപ്പെട്ടു.

Read More >>