പെട്ടെന്ന് കരകയറാന്‍ ആവില്ല; ഈ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണം- മാന്ദ്യത്തില്‍ മോദി സര്‍ക്കാറിന് ഉപദേശവുമായി മന്‍മോഹന്‍

അഞ്ചു രൂപയുടെ ബിസ്‌കറ്റ് പായ്ക്കറ്റ് വാങ്ങാന്‍ ആളുകള്‍ രണ്ടു വട്ടം ആലോചിക്കുന്നു എന്നത് സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ പറയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പെട്ടെന്ന് കരകയറാന്‍ ആവില്ല; ഈ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണം- മാന്ദ്യത്തില്‍ മോദി സര്‍ക്കാറിന് ഉപദേശവുമായി മന്‍മോഹന്‍

ന്യൂഡല്‍ഹി: രാജ്യം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത് എന്നും പ്രതിസന്ധി തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ രാജ്യത്തെ വീണ്ടും വളര്‍ച്ചയിലേക്ക് തിരികെ എത്തിക്കാനാകൂ എന്നും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. പ്രതിസന്ധി ഉണ്ട് എന്ന് തിരിച്ചറിയുകയാണ് അത് പരിഹരിക്കാനുള്ള ആദ്യ വഴിയെന്നും ദൈനിക് ഭാസ്‌കര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പ്രതിസന്ധി പരിഹരിക്കാന്‍ അഞ്ചു നിര്‍ദ്ദേശങ്ങളും മന്‍മോഹന്‍ സര്‍ക്കാറിന്റെ മുമ്പില്‍ വച്ചു.

1- ജി.എസ്.ടി യുക്തിസഹമാക്കണം.

മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിനായി ആദ്യം ചെയ്യേണ്ടത് ചരക്കു സേവന നികുതി യുക്തിസഹമാക്കുകയാണ്. അതു മൂലം വരുന്ന വരുമാന നഷ്ടം താല്‍ക്കാലിമാണ് എന്നു മനസ്സിലാക്കണം.

2- കാര്‍ഷിക മേഖല പുനരുജ്ജീവിപ്പിക്കണം

ഗ്രാമീണ ഉപഭോഗം വര്‍ദ്ധിപ്പിക്കാനും കൃഷിയെ പുനരുജ്ജീവിപ്പിക്കാനും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണം. കാര്‍ഷിക വിപണി തുറന്ന് ജനങ്ങളുടെ കൈയിലേക്ക് പണമെത്തിക്കുകയാണ് വേണ്ടത്.

3- പണ ലഭ്യത വര്‍ദ്ധിപ്പിക്കണം

പണദൗര്‍ലഭ്യത്തില്‍ നിന്ന് ഉണ്ടായ പ്രതിസന്ധിയാണിത്. കാശ് കൊണ്ട് നടക്കുന്ന വലിയ അസംഘടിത സമ്പദ് വ്യവസ്ഥ ഇന്ത്യയിലുണ്ട്. ഇതില്‍ വലിയ ഭാഗം നിയമവിധേയവും എന്നാല്‍ നികുതിക്ക് കീഴില്‍ വരാത്തതുമാണ്. അത് കരിഞ്ചന്തയുമല്ല. ഉദാഹരണത്തിന് കൃഷി, ജി.ഡി.പിയുടെ 15 ശതമാനത്തോളം വരുമിത്. ഇത് കാശ് കൊണ്ട് നടക്കുന്നതാണ്. മിക്കതും നികുതിരഹിതമാണ്. നോട്ടുനിരോധനം മൂലം പണം പിന്‍വലിക്കപ്പെട്ടപ്പോള്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ അത് ബാധിച്ചു.

4- ടെക്‌സ്റ്റൈല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ്, ഹൗസിങ് മേഖലകളെ വളര്‍ച്ചയിലേക്ക് തിരികെ കൊണ്ടു വരാന്‍ പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കണം. എളുപ്പത്തിലുള്ള വായ്പാ സൗകര്യമാണ് പ്രധാനപ്പെട്ടത്. പ്രത്യേകിച്ചും ചെറുകിട-ഇടത്തര സംരഭങ്ങള്‍ക്ക്.

നിലവില്‍ യു.എസിനും ചൈനയ്ക്കും ഇടയിലുള്ള വ്യാപാര യുദ്ധം അനുകൂലമാക്കി മാറ്റിയെടുക്കാന്‍ ഇന്ത്യയ്ക്കാകണമെന്നും അദ്ദേഹം പറഞ്ഞു. ചാക്രികവും ഘടനാപരവുമായി പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് മൂന്നു നാലു വര്‍ഷം കൊണ്ട് വീണ്ടും വളര്‍ച്ചയുടെ വഴിയില്‍ തിരിച്ചെത്താനാകുക.

നിലവിലെ സാമ്പത്തിക പ്രതിസന്ധി അങ്ങേയറ്റം ഗൗരവമര്‍ഹിക്കുന്നതാണ് എന്നദ്ദേഹം പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ അഞ്ചു ശതമാനമാണ് വളര്‍ച്ച. ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. നോമിനല്‍ ജി.ഡി.പി വളര്‍ച്ചയും 15 വര്‍ഷത്തെ താഴ്ന്ന നിരക്കിലാണ്. സമ്പ്ദ വ്യവസ്ഥയുടെ മിക്ക മേഖലയെയും ഇതു ബാധിച്ചു കഴിഞ്ഞു- അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചു രൂപയുടെ ബിസ്‌കറ്റ് പായ്ക്കറ്റ് വാങ്ങാന്‍ ആളുകള്‍ രണ്ടു വട്ടം ആലോചിക്കുന്നു എന്നത് സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ പറയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story
Read More >>