കോര്‍പറേറ്റുകള്‍ക്ക് നികുതി കൊടുക്കാന്‍ മടി; റിലയന്‍സ് ഒടുക്കുന്നത് 20% നികുതി മാത്രം

മിക്ക വന്‍കിട കമ്പനികള്‍ക്കും വന്‍തോതില്‍ നികുതി കുടിശ്ശിക

കോര്‍പറേറ്റുകള്‍ക്ക് നികുതി കൊടുക്കാന്‍ മടി; റിലയന്‍സ് ഒടുക്കുന്നത് 20% നികുതി മാത്രം

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കോര്‍പറേറ്റ് കമ്പനികളുടെ നികുതി കുറച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സര്‍ചാര്‍ജും സെസും നികുതിയും അടക്കം 25.17 ശതമാനം നികുതിയിളവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യയിലെ മിക്ക വന്‍കിട കമ്പനികള്‍ക്കും വന്‍തോതില്‍ നികുതി കുടിശ്ശികയുള്ളതായി പഠനങ്ങള്‍ പറയുന്നു.

ബജറ്റ് രേഖകള്‍ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് നികുതി (എഫക്ടവീവ് ടാക്‌സ് റേറ്റ്-ഇ.ടി.ആര്‍-) നല്‍കുന്നത് 20 ശതമാനത്തിന് താഴെ മാത്രമാണ്.

സെന്‍സെക്‌സില്‍ ലിസ്റ്റ് ചെയ്ത (ബാങ്കുകള്‍ ഒഴികെ) കമ്പനികളുടെ നികുതിയാണ് പരിശോധിച്ചത്. 2017-18ല്‍ രാജ്യത്ത് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത് ഏകദേശം 8.18 ലക്ഷം കമ്പനികളാണ്. മൊത്തം 29 ശതമാനം മാത്രമാണ് ഈ കമ്പനികള്‍ ഇ.ടി.ആര്‍ നല്‍കിയിട്ടുള്ളത്.

സെന്‍സെക്‌സിലെ 21 ധനകാര്യേതര സ്ഥാപനങ്ങളില്‍ പത്തെണ്ണം മാത്രമാണ് 25 ശതമാനത്തിന് മുകളില്‍ നികുതി നല്‍കിയിട്ടുള്ളത്. ബാക്കി 11ന്റെയും ഇ.ടി.ആര്‍ ഇതിന് താഴെയാണ്.

ടാറ്റ സ്റ്റീല്‍ ആണ് ഏറ്റവും കൂടുതല്‍ നികുതി നല്‍കിയിട്ടുള്ളത്. 38.8 ശതമാനം. രണ്ടാം സ്ഥാനത്തുള്ള ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍ 32 ശതമാനം നികുതി ഒടുക്കി. ഐ.ടി.സി 31.7 ശതമാനവും ഹിന്ദുസ്ഥാന്‍ ലിവര്‍ 30.1 ശതമാനവും നികുതി നല്‍കി.

ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ (29.2%), മാരുതി സുസുക്കി ഇന്ത്യ (28%), ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (27.9%), ഏഷ്യന്‍ പെയിന്റ്‌സ് (27.7%), ബജാജ് ഓട്ടോ (27.1%), ഇന്‍ഫോസിസ് (26%) എന്നിവയാണ് 25 ശതമാനത്തിന് മുകളില്‍ നികുതി ഒടുക്കിയ സ്ഥാപനങ്ങള്‍.

ഒരു വ്യക്തിയോ കോര്‍പറേറ്റ് സ്ഥാപനമോ ഒടുക്കിയിട്ടുള്ള ശരാശരി നികുതിയാണ് എഫക്ടീവ് ടാക്‌സ് റേറ്റ് എന്നു പറയുന്നത്. നികുതിക്ക് മുമ്പുള്ള വരുമാനത്തില്‍ നിന്നാണ് കോര്‍പറേറ്റുകള്‍ ഇ.ടി.ആര്‍ നല്‍കേണ്ടത്.

ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ്, എച്ച്.സി.എല്‍ ടെക്‌നോളജീസ്, എന്‍.ടി.പി.സി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയാണ് 25 ശതമാനത്തില്‍ താഴെ നികുതി നല്‍കിയവര്‍.

ഇതില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് നല്‍കിയത് 19.9 ശതമാനം ഇ.ടി.ആര്‍ ആണ്. സണ്‍ഫാര്‍മസ്യൂട്ടിക്കലിന്റേത് നെഗറ്റീവ് നികുതി ഭാരമാണ്; മൈനസ് 13.5 ശതമാനം.

വാര്‍ത്തയ്ക്ക് കടപ്പാട്- ടൈംസ് ഓഫ് ഇന്ത്യ

Read More >>