പ്രളയത്തില്‍ എത്ര പേര്‍ മരിച്ചു എന്നറിയില്ലേ? കേരളം നിയമലംഘകരെ സംരക്ഷിക്കുന്നു- മരടില്‍ രൂക്ഷ വിമര്‍ശവുമായി സുപ്രിംകോടതി

കേരളത്തിലെ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

പ്രളയത്തില്‍ എത്ര പേര്‍ മരിച്ചു എന്നറിയില്ലേ? കേരളം നിയമലംഘകരെ സംരക്ഷിക്കുന്നു- മരടില്‍ രൂക്ഷ വിമര്‍ശവുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ കേരളത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശം. ഫ്‌ളാറ്റ് പൊളിക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് ഇന്ന് കോടതിയില്‍ ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനോട് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ചോദിച്ചു. കേരളത്തിലെ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ട്. ഫ്‌ളാറ്റിലെ കുടുംബങ്ങളെ രക്ഷിക്കാനാണ് കേരളത്തിന്റെ ശ്രമം. സംസ്ഥാനത്തിന്റെ സത്യവാങ്മൂലം കണ്ടാല്‍ അതറിയാം. നിയമലംഘകരെ കേരളം സംരക്ഷിക്കുകയാണ്. ഈ നിലപാടില്‍ ഞെട്ടലുണ്ട്. പ്രളയത്തില്‍ എത്ര പേര്‍ മരിച്ചുവെന്നറിയില്ലേ. ഇത്തരം തീരുമാനങ്ങള്‍ കൊണ്ടാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്- കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ വെള്ളിയാഴ്ച വിധി പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

തീരദേശ നിയമം ലംഘിച്ചു നിർമിച്ച മരടിലെ ഫ്ലാറ്റുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയ്ക്കകം പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം. എന്നാൽ കോടതിയുത്തരവ് നടപ്പായില്ല. പകരം, ചീഫ് സെക്രട്ടറി ടോം ജോസ് ആറുപേജുള്ള സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.

വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും നടപടി തുടങ്ങിയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. കോടതിയലക്ഷ്യ നടപടിയിൽ നിന്ന് രക്ഷപ്പെടാൻ മുൻകൂറായി നിരുപാധികം മാപ്പും അപേക്ഷിച്ചു.

ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നത് കടുത്ത പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് കേരളം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊളിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന മരട് സ്വദേശിയുടെ ഹരജിയും കോടതി പരിഗണിച്ചേക്കും. സംസ്ഥാന സർക്കാർ ഫ്ലാറ്റ് നിർമാതാക്കളുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു പരിസ്ഥിതി സംഘടന നൽകിയ കത്തും കോടതിയുടെ പരിഗണനയില്‍ ഉണ്ട്.

പരമോന്നത കോടതിയില്‍ കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് ഹാജരാകുന്നത്. അതിനു മുമ്പ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ രംഗത്തിറക്കാന്‍ കേരളം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Read More >>