മരട് കേസില്‍ കേരളത്തിന് തിരിച്ചടി; സുപ്രിംകോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകില്ല

ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്

മരട് കേസില്‍ കേരളത്തിന് തിരിച്ചടി; സുപ്രിംകോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകില്ല

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ കേരള സര്‍ക്കാറിനു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഇക്കാര്യം മേത്ത സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകനെ അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് കേസില്‍ സര്‍ക്കാറിനു വേണ്ടി ഹാജരാകാന്‍ സുപ്രിംകോടതിയെ ഉയര്‍ന്ന അഭിഭാഷകനെ തന്നെ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നത്.

കേസില്‍ ഇടപെടില്ലെന്നും ഇത് സംസ്ഥാനത്തിന്റെ വിഷയമാണ് എന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. മേത്ത ഹാജരാകില്ലെന്ന് അറിയിച്ചതിനു പിന്നില്‍ കേന്ദ്രത്തിന്റെ നിലപാടാണ് എന്നാണ് സൂചന. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സെപ്തംബര്‍ 20നകം ഫ്‌ളാറ്റ് പൊളിച്ചു നീക്കണം എന്നാണ് സുപ്രിംകോടതി ഉത്തരവ്.

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കാന്‍ മേയ് എട്ടിനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുള്ളത്.

പാരിസ്ഥിതിക ആഘാതം സംബന്ധിച്ച ആശങ്ക സുപ്രീംകോടതിയെ ബോധ്യപ്പെടുത്തേണ്ട കടമ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിനാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ബന്ധപ്പെട്ടത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Read More >>