മരട് ഫ്‌ളാറ്റ്; നിര്‍മാതാക്കളുടെയും ഉടമകളുടെയും വാദം പൊളിയുന്നു- കുരുക്കിലായത് അറിവോടെ തന്നെ

നിർമാണം നിയമപ്രകാരമല്ലെന്നും ഏപ്പോൾ വേണമെങ്കിലും പൊളിച്ചുമാറ്റേണ്ടി വരുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് മരട് നഗരസഭ നിർമാതാക്കൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയത്.

മരട് ഫ്‌ളാറ്റ്; നിര്‍മാതാക്കളുടെയും ഉടമകളുടെയും വാദം പൊളിയുന്നു- കുരുക്കിലായത് അറിവോടെ തന്നെ

സി.വി.ശ്രീജിത്ത്

തിരുവനന്തപുരം: തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ പൊളിച്ചുമാറ്റാൻ സുപ്രിം കോടതി ഉത്തരവിട്ട ഫ്ലാറ്റുകളുടെ പേരിലുള്ള നിയമലംഘനങ്ങൾ തങ്ങൾ അറിഞ്ഞില്ലെന്ന നിർമ്മാതാക്കളുടെയും ഫ്ലാറ്റുടമകളുടെയും വാദം പൊളിയുന്നു. അനധികൃത നിർമാണത്തിന്റെ പേരിലുള്ള നിയമ നടപടിയിൽ കോടതി ഉത്തരവുണ്ടായാൽ ഒഴിപ്പിക്കേണ്ടി വരുമെന്നും ഫ്ലാറ്റുകൾ പൊളിച്ചുമാറ്റേണ്ടി വരുമെന്നും കാണിച്ച് മരട് നഗരസഭ നിർമാതാക്കൾക്ക് നേരത്തെ നോട്ടീസ് നൽകിയതായി രേഖകൾ.

ഫ്ലാറ്റ് നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ, നിർമാണം നിയമപ്രകാരമല്ലെന്നും ഏപ്പോൾ വേണമെങ്കിലും പൊളിച്ചുമാറ്റേണ്ടി വരുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് മരട് നഗരസഭ നിർമാതാക്കൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയത്. ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ നിബന്ധനകളും നിയമനടപടികളും അംഗീകരിക്കാമെന്ന് രേഖാമൂലം ഉറപ്പുനൽകിയാണ് നിർമാണം പൂർത്തിയാക്കിയതും ഫ്ലാറ്റുകൾ കൈമാറിയതും.

മരടിലെ ജെയിൻ, അൽഫ വെഞ്ചേഴ്‌സ്, ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ് നിർമാതാക്കൾക്ക് നഗരസഭ ഇത്തരത്തിൽ മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. നഗരസഭ മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിച്ചാണ് പിന്നീട് ഇവർക്ക് താൽക്കാലിക നമ്പർ നൽകിയതെന്നും രേഖകൾ വ്യക്തമാക്കുന്നു. യു.എ(അൺ ഓതറൈസ്ഡ്) നമ്പർ പ്രകാരമുള്ള ഫ്ലാറ്റുകളാണ് നിർമ്മാതാക്കൾ ഉടമകൾക്കു കൈമാറിയത്. ചട്ടലംഘനത്തിന്റെ പേരിൽ നിയമപ്രശ്‌നങ്ങൾ നിലനിൽക്കുന്ന ഫ്ലാറ്റുകളാണ് തങ്ങൾ വിലകൊടുത്തു വാങ്ങുന്നതെന്ന കാര്യം ഈ ഘട്ടത്തിൽ ഉടമകൾക്കും അറിയാമായിരുന്നുവെന്നാണ് നഗരസഭാ രേഖകൾ വ്യക്തമാക്കുന്നത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർമാതാക്കൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ, ഫ്ലാറ്റ് നിർമാണം നിയമവിരുദ്ധമാണെന്നു രേഖയിൽ വ്യക്തമാക്കിയിരുന്നു. കെട്ടിടങ്ങൾക്ക് യു.എ നമ്പർ അനുവദിച്ചതും ഈ നടപടിയുടെ ഭാഗമായാണ്. നിയമം ലംഘിച്ചു നിർമിക്കുന്ന കെട്ടിടങ്ങൾക്കാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ യു.എ നമ്പർ നൽകുന്നത്.

നിയമലംഘനം ക്രമവൽക്കരിക്കാതിരിക്കുകയോ കോടതി ഉത്തരവുണ്ടാവുകയോ ചെയ്യുന്നപക്ഷം കെട്ടിടം പൊളിച്ചുമാറ്റാൻ പഞ്ചായത്തുകൾക്കും നഗരസഭയ്ക്കും അധികാരം നൽകുന്ന വകുപ്പ് അനുസരിച്ചാണ് മരടിലെ ഫ്ലാറ്റുകൾക്കും നഗരസഭ താൽക്കാലിക നമ്പർ നൽകിയത്. ഈ സാഹചര്യത്തിൽ നിയമപ്രശ്‌നമുള്ള കാര്യം തങ്ങളറിഞ്ഞില്ലെന്ന ഉടമകളുടെ വാദം നിലനിൽക്കില്ല.

തീരദേശ പരിപാലന ചട്ടം ലംഘിച്ചതിന്റെ പേരിൽ മരട് നഗരസഭാ ഫ്ലാറ്റുകളുടെ നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ സ്റ്റോപ്പ് മെമ്മോ(നിർത്തിവയ്ക്കൽ നോട്ടീസ്) നൽകിയിരുന്നു. ഇതിനെതിരേ നിർമാതാക്കൾ ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ നേടിയാണ് തുടർ നിർമാണം പൂർത്തിയാക്കിയത്. ഇതിനിടയിൽ അനധികൃത നിർമാണം ചൂണ്ടിക്കാട്ടി നഗരസഭ നിർമാതാക്കൾക്ക് മൂന്നുതവണ നോട്ടീസ് നൽകി. താൽക്കാലിക പെർമിറ്റിന്റെ കാലാവധി അവസാനിച്ച ശേഷം നിർമാതാക്കൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് നേടിയത്.

തുടർന്നാണ് വ്യവസ്ഥകൾക്കു വിധേയമായി കെട്ടിടനമ്പർ അനുവദിക്കാൻ കോടതി നിർദ്ദേശിച്ചത്. ഫ്ലാറ്റ് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും നിയമലംഘനം ചൂണ്ടിക്കാട്ടി നഗരസഭ നോട്ടീസ് നൽകുകയും അതു കൈപ്പറ്റിയ ശേഷം ഹൈക്കോടതിയിൽ നിന്നു താൽക്കാലിക ഉത്തരവ് സമ്പാദിച്ചു നിർമാണം പൂർത്തിയാക്കുകയും ചെയ്ത ശേഷം നിയമപ്രശ്‌നങ്ങൾ അറിയില്ലെന്ന നിർമാതാക്കളുടെയും ഫ്ലാറ്റുടമകളുടെയും വാദം ശരിയല്ലെന്നാണ് മരട് നഗരസഭയിലെ രേഖകൾ സൂചിപ്പിക്കുന്നത്.

>വിയോജിച്ച് വി.എസ്; വിധി നടപ്പാക്കണം

തിരുവനന്തപുരം: മരട് ഫ്ലാറ്റ് വിഷയത്തിൽ സി.പി.എം നിലപാട് തള്ളി ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. നിയമവിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രിം കോടതി ഉത്തരവ് നടപ്പാക്കണമെന്നും അഴിമതിക്ക് കൂട്ടുനിൽക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും വി.എസ് വ്യക്തമാക്കി.

ഇപ്പോൾ നിയമ നടപടി തുടരുന്ന ഫ്ലാറ്റുകളുടെ വിൽപ്പനയുടെ കാര്യത്തിലും സർക്കാർ നിലപാടെടുക്കണം.

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരടിലെ ഫ്‌ളാറ്റു സമുച്ചയം പൊളിക്കണമെന്ന സുപ്രിംകോടതിയുടെ വിധി ഉണ്ടായിട്ടുള്ളത്. എന്നാൽ നിയമങ്ങൾ ലംഘിച്ച് ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളിൽനിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബിൽഡർമാർ ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ചില വമ്പൻമാർക്ക് സൗജന്യമായി ഫ്‌ളാറ്റുകൾ നൽകുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ലാറ്റുകൾ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം.ഈ രീതി തുടരുന്ന നിരവധി ബിൽഡർമാർ വേറെയുമുണ്ട്. പാറ്റൂർ ഫ്ലാറ്റ് ഇത്തരത്തിൽ അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി താൻ നിയമ നടപടി സ്വീകരിച്ചുവരികയാണ്.

മറ്റ് ചില കക്ഷികളും ഇതേ വിഷയത്തിൽ കേസ് നടത്തുന്നുണ്ട്. നിർമാണത്തിന്റെയും വിറ്റഴിക്കലിന്റെയും ഘട്ടങ്ങളിൽ ഇടപെടാതിരിക്കുകയും പിന്നീട് നിയമ നടപടി പൂർത്തിയാവുമ്പോൾ അതിന്റെ ബാദ്ധ്യത പൊതുജനം ഏറ്റെടുക്കണം എന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടു നിൽക്കലാവും. ഉപഭോക്താക്കളെ വഞ്ചിച്ച നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തുകയും അവർക്ക് വഴിവിട്ട് അനുമതികൾ നൽകിയവരും അവർക്ക് പ്രചോദനം നൽകിയവരുമായ എല്ലാവർക്കും എതിരായി നിയമ നടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Read More >>