മരട് വിഷയത്തില്‍ ഭിന്നത; പ്രധാനമന്ത്രിക്കയച്ച കത്തില്‍ രാഹുല്‍ഗാന്ധി അടക്കം മൂന്നു പേര്‍ ഒപ്പിട്ടില്ല

മരട് ഇരകള്‍ക്ക് നേരത്തെ എല്ലാ രാഷ്ട്രീയകക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മരട് വിഷയത്തില്‍ ഭിന്നത; പ്രധാനമന്ത്രിക്കയച്ച കത്തില്‍ രാഹുല്‍ഗാന്ധി അടക്കം മൂന്നു പേര്‍ ഒപ്പിട്ടില്ല

കൊച്ചി: മരട് ഫ്ളാറ്റ് ഒഴിപ്പിക്കുന്നതിന് എതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്് അയച്ച കത്തില്‍ മൂന്ന് എം.പിമാര്‍ ഒപ്പിട്ടില്ല. 17 എം.പിമാര്‍ ചേര്‍ന്ന് ഒപ്പിട്ടപ്പോള്‍ ടി.എന്‍.പ്രതാപന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, രാഹുല്‍ ഗാന്ധി എന്നിവരാണ് കത്തില്‍ ഒപ്പിടാതിരുന്നത്.

വിഷയത്തില്‍ വ്യത്യസ്ത നിലപാടുള്ളതിനാലാണ് ടി.എന്‍.പ്രതാപനും എന്‍.കെ.പ്രേമചന്ദ്രനും കത്തില്‍ ഒപ്പുവെയ്ക്കാതിരുന്നത്. എന്നാല്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് വയനാട് എം.പി. രാഹുല്‍ഗാന്ധി ഒപ്പിടാതിരുന്നതെന്നാണ് വിശദീകരണം. മരട് ഇരകള്‍ക്ക് നേരത്തെ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടി.എന്‍ പ്രതാപന്‍ വിട്ടു നിന്നത് എന്തു കൊണ്ടാണ് എന്നത് അദ്ദേഹം വിശദീകരിക്കേണ്ടി വരും.

350ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കേരളത്തിലെ 17 എം.പി.മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചത്. മരട് നഗരസഭ ഫ്ളാറ്റ് ഉടമകളില്‍നിന്ന് നികുതി സ്വീകരിക്കുന്നുണ്ടെന്നും നിയമലംഘനത്തെക്കുറിച്ച് ഉടമകള്‍ക്ക് അറിവില്ലായിരുന്നുവെന്നും കത്തില്‍ പറയുന്നു. മനുഷ്യത്വപരമായ സമീപനമാണ് വിഷയത്തില്‍ വേണ്ടത് എന്നാണ് എം.പിമാര്‍ പറയുന്നത്.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ സര്‍ക്കാര്‍ പൊളിക്കുന്നത്. ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി അവസാനിച്ചതോടെ മരട് നഗരസഭ അധികൃതര്‍ ഫ്ളാറ്റുകളിലെത്തി നോട്ടീസ് പതിച്ചു.

താത്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുമുന്‍പ് നഗരസഭയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചാണ് നഗരസഭ സെക്രട്ടറി നോട്ടീസ് പതിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രി വരെയാണ് ഫ്‌ളാറ്റ് ഒഴിയാനുള്ള സമയമുണ്ടായിരുന്നത്. നിലവില്‍ ഒരാള്‍ പോലും ഫ്‌ളാറ്റില്‍ നിന്ന് ഒഴിഞ്ഞു പോയിട്ടില്ല.

>നാളെ സര്‍വകക്ഷി യോഗം

മരട് ഫ്‌ലാറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗം നാളെ വൈകിട്ടു മൂന്നരയ്ക്കു തിരുവനന്തപുരത്തു ചേരും. തീരദേശച്ചട്ടം ലംഘിച്ച അഞ്ചു കെട്ടിടസമുച്ചയവും 20നകം പൊളിക്കണമെന്ന സുപ്രിം കോടതിയുടെ ഉത്തരവും ഫ്‌ലാറ്റ് ഒഴിയില്ലെന്നു പ്രഖ്യാപിച്ച് ഉടമകള്‍ നടത്തുന്ന സമരവും കണക്കിലെടുത്ത്, എന്തു നടപടിയെടുക്കാന്‍ കഴിയുമെന്ന് ആലോചിക്കാനാണു യോഗം.

അതിനിടയില്‍ പൊളിച്ചുനീക്കേണ്ട ഫ്‌ലാറ്റുകളില്‍നിന്ന് അഞ്ചു ദിവസത്തിനകം ഒഴിയാന്‍ നിര്‍ദേശിച്ചു മരട് നഗരസഭ താമസക്കാര്‍ക്കു നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ വൈകിട്ട് അവസാനിച്ചു. ഒരു കാരണവശാലും ഒഴിയില്ലെന്നും സമരം തുടരുമെന്നും ഫ്ളാറ്റുടമകള്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ തുടര്‍നടപടി സ്വീകരിക്കില്ലെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ഒഴിപ്പിക്കലുമായോ കണക്കെടുപ്പുമായോ താമസക്കാര്‍ സഹകരിക്കുന്നില്ല. അതിനാല്‍ തുടര്‍നടപടി എങ്ങനെ വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നു നഗരസഭ ആവശ്യപ്പെട്ടു. ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനോടു നഗരസഭയ്ക്കു യോജിപ്പില്ല.

സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കള്‍ ഉടമകളുടെ ഭാഗത്തു നില്‍ക്കുമ്പോള്‍, പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ സി.പി.ഐ. മാത്രമാണു കോടതിയുടെ ഉത്തരവു പാലിക്കപ്പെടണമെന്ന നിലപാടെടുത്തിരിക്കുന്നത്.

ഒഴിയാന്‍ മരട് നഗരസഭ നല്‍കിയ അഞ്ചു ദിവസത്തെ കാലാവധി ഇന്നലെ വൈകിട്ട് അവസാനിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ടെന്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം മാത്രമേ തുടര്‍നടപടി സ്വീകരിക്കൂ എന്നു നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

Read More >>