ജീവനക്കാരിയുമായി ലൈംഗിക ബന്ധം; മക് ഡൊണാള്‍ഡ് സി.ഇ.ഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് തെറിച്ചു

മക് ഡൊണാള്‍ഡിന്റെ യു.എസ്.എ പ്രസിഡണ്ട് ക്രിസ് കെംപ്‌സിന്‍കി അദ്ദേഹത്തിന് പകരം ചുമതലയേല്‍ക്കും

ജീവനക്കാരിയുമായി ലൈംഗിക ബന്ധം; മക് ഡൊണാള്‍ഡ് സി.ഇ.ഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് തെറിച്ചു

ന്യൂയോര്‍ക്ക്: ജീവനക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം പുലര്‍ത്തിയ മക് ഡൊണാള്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്കിനെ കമ്പനി പുറത്താക്കി. കമ്പനി നയങ്ങള്‍ ലംഘിച്ചു എന്ന കുറ്റത്തിനാണ് ബ്രിട്ടീഷുകാരനായ ഇദ്ദേഹത്തെ യു.എസ് ഭക്ഷണഭീമന്‍ പുറത്താക്കിയത്.

കമ്പനിയുടെ മൂല്യത്തെ വിലവയ്ക്കുന്നുവെന്നും തീരുമാനം അംഗീകരിക്കുന്നു എന്നും സ്റ്റീവ് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

വിവാഹമോചിതനായി കഴിയുന്ന ഇദ്ദേഹം 1993ല്‍ ലണ്ടനിലെ മക് ഡൊണാള്‍ഡ് ഹോട്ടലില്‍ മാനേജര്‍ ആയാണ് ജോലിക്ക്ക കയറിയത്. 2011ല്‍ കമ്പനി വിട്ട് പിസ എക്‌സ്പ്രസിലും പിന്നീട് ഏഷ്യന്‍ ഭക്ഷണബ്രാന്‍ഡായ വാഗമാമയിലുമെത്തി. 2013ലാണ് മക് ഡൊണാള്‍ഡില്‍ തിരിച്ചെത്തിയത്. 2015 മുതല്‍ കമ്പനി സി.ഇ.ഒ ആണ്.

മക് ഡൊണാള്‍ഡിന്റെ യു.എസ്.എ പ്രസിഡണ്ട് ക്രിസ് കെംപ്‌സിന്‍കി അദ്ദേഹത്തിന് പകരം ചുമതലയേല്‍ക്കും. നേരത്തെ, ഇന്റല്‍ മേധാവി ബ്രയാന്‍ സനിച്ചിനെയും ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കമ്പനി പുറത്താക്കിയിരുന്നു.

1940ല്‍ സ്ഥാപിതമായ മക് ഡൊണാള്‍ഡ് 120 രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഭക്ഷണ ബ്രാന്‍ഡാണ്. 2018ലെ കണക്കുകള്‍ പ്രകാരം ലോകത്തുടനീളം കമ്പനിക്കു കീഴില്‍ 210,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. 37,855 റസ്റ്ററന്റുകളാണ് കമ്പനിക്കു കീഴിലുള്ളത്.

Next Story
Read More >>