ഹൗഡി മോദിയെ പ്രകീര്‍ത്തിച്ച് മുംബൈ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ- സോണിയക്ക് നീരസം

ദിയോറയുടെ ട്വീറ്റിന് പിന്നാലെ നിരവധി ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തി

ഹൗഡി മോദിയെ പ്രകീര്‍ത്തിച്ച് മുംബൈ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ- സോണിയക്ക് നീരസം

മുംബൈ: ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി പ്രവാസി ഇന്ത്യയ്ക്കാര്‍ നടത്തിയ ഹൗഡി മോദി പരിപാടിയെ പ്രകീര്‍ത്തിച്ച് മുംബൈ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മിലിന്ദ് ദിയോറ. ട്വിറ്ററിലായിരുന്നു ദിയോറയുടെ പ്രശംസ. പ്രധാനമന്ത്രി ട്വിറ്ററില്‍ അതിന് നേരിട്ട് നന്ദിയറിയിക്കുകയും ചെയ്തു.

'ഇന്ത്യയുടെ മൃദുശക്തി നയതന്ത്രത്തിന്റെ (സോഫ്റ്റ്പവര്‍ ഡിപ്ലോമസി) ആദ്യത്തെ സംഭവമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൂസ്റ്റണ്‍ പ്രസംഗം. എന്റെ അച്ഛന്‍ മുരളീഭായ് (മുന്‍ കേന്ദ്രമന്ത്രി മുരളി ദിയോറ) ആയിരുന്നു ഇന്ത്യ-യു.എസ് ബന്ധത്തിന്റെ ആദ്യ സൂത്രധാകരില്‍ ഒരാള്‍. ഡൊണാള്‍ഡ് ട്രംപിന്റെ ആതിഥേയത്വവും ഇന്ത്യന്‍ അമേരിക്കന്‍ ജനതയുടെ സംഭാവനകള്‍ക്കുള്ള അംഗീകാരവും നമ്മെ അഭിമാനിതരാക്കുന്നു' - എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നല്‍കിയത് ഇങ്ങനെ; 'നന്ദി മിലിന്ദ് ദിയോറ. ഇന്ത്യ-യു.എസ് ബന്ധത്തില്‍ എന്റെ സുഹൃത്ത് മുരളി ദിയോറയുടെ പ്രതിബദ്ധതയെ കുറിച്ച് നിങ്ങള്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഇരു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത് അദ്ദേഹം കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം സന്തോഷിക്കുമായിരുന്നു. യു.എസ് പ്രസിഡണ്ടിന്റെ ഊഷ്മളമായ ആതിഥേയത്വം വിശിഷ്ടമായിരുന്നു'

ഇതിന് നന്ദി നരേന്ദ്രമോദി എന്നു പറഞ്ഞാണ് ദിയോറ മറുപടി നല്‍കുന്നത്. മുരളി ഭായ് രാജ്യത്തെ ആദ്യം കാണുകയും എല്ലാ സര്‍ക്കാറുകള്‍ക്കൊപ്പവും ഇന്ത്യ-യു.എസ് ബന്ധത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന് അദ്ദേഹം കുറിച്ചു. ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ സുഹൃത്തുക്കളുമായുള്ള തന്റെ സംഭാഷണത്തില്‍ 21-ാം നൂറ്റാണ്ടിന്റെ നേതൃത്വം ഇന്ത്യക്കാണ് എന്ന് അവര്‍ പറഞ്ഞതായും ദിയോറ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

ദിയോറയുടെ ട്വീറ്റിന് പിന്നാലെ നിരവധി ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തി. കേന്ദ്ര കായിക ക്ഷേമ വകുപ്പു സഹമന്ത്രി കിരണ്‍ റിജ്ജുവാണ് ആദ്യമായി പിന്തുണയുമായി എത്തിയത്. പക്വവും വിശ്വസ്തവുമായ രാഷ്ട്രീയപ്രതികരണം എന്നാണ് ദിയോറയുടെ വാക്കുകളെ റിജ്ജു വിശേഷിപ്പിച്ചത്.

ഹൂസ്റ്റണില്‍ യു.എസ് പ്രസിഡണ്ടിന്റെ അടുത്ത ഘട്ട സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മോദി സംസാരിച്ചതിന് എതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തു വന്ന വേളയിലാണ് ദിയോറ പ്രധാനമന്ത്രിക്ക് പിന്തുണയുമായി എത്തിയത്. അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന മോദിയുടെ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നത്. ഏതെങ്കിലും വിദേശരാഷ്ട്രീയ നേതാവിനു വേണ്ടി പ്രചാരണം നടത്തുന്നത് ഇന്ത്യയുടെ വിദേശനയത്തിന്റെ ലംഘനമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞിരുന്നത്.

അതിനിടെ, ദിയോറ ബി.ജെ.പിയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ തള്ളി. പ്രതികരണത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും നീരസമുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപമിന് പകരം മിലിന്ദ് ദിയോറ നഗരത്തിലെ പാര്‍ട്ടി അദ്ധ്യക്ഷനായത്. തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ, ദിയോറ അദ്ധ്യക്ഷ പദം രാജിവച്ചിരുന്നു.

Read More >>