സര്‍ക്കാറിന് നാണക്കേട്; തൊഴില്‍ നഷ്ടവും പ്രതിസന്ധിയും തുറന്നു പറഞ്ഞ് മില്ലുടമകളുടെ പത്രപ്പരസ്യം

രാജ്യത്തെ വാഹന, അതിവേഗ ഭക്ഷണ വിപണിയെ തൊഴില്‍ മാന്ദ്യം ഭീതിതമായി ബാധിച്ചതിനു പിന്നാലെയാണ് തുണി വ്യവസായവും മാന്ദ്യത്തിലേക്ക് നീങ്ങുന്നത്

സര്‍ക്കാറിന് നാണക്കേട്; തൊഴില്‍ നഷ്ടവും പ്രതിസന്ധിയും തുറന്നു പറഞ്ഞ് മില്ലുടമകളുടെ പത്രപ്പരസ്യം

ന്യൂഡല്‍ഹി: വ്യവസായ മേഖലയില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം, തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞ് തുണി മില്‍ വ്യവസായി സംഘടനകള്‍. രാജ്യത്തെ തുണി മില്‍ വ്യവസായം സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ദേശീയ മാദ്ധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസില്‍ നല്‍കിയ പരസ്യത്തില്‍ വ്യവസായികള്‍ ആവശ്യപ്പെട്ടു.

നോര്‍ത്തേണ്‍ ഇന്‍ഡ്യ ടെക്‌സ്‌റ്റൈല്‍ മില്‍സ് അസോസിയേഷനാണ് ഇന്ത്യന്‍ എക്‌സപ്രസിന്റെ രണ്ടാം പേജില്‍ മുഴുപ്പേജ് പരസ്യം നല്‍കിയത്. തങ്ങള്‍ ജോലി ചെയ്യുന്ന ഇടത്തെ പ്രതിസന്ധി ആദ്യമായാണ് ഒരു സംഘടിത സമൂഹം പരസ്യത്തിലൂടെ പുറംലോകത്തെ അറിയിക്കുന്നതെന്ന് കരുതപ്പെടുന്നു.

നികുതിയും ലെവിയും നിരക്ക് തളര്‍ത്തി, വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നു, അസംസ്‌കൃത വസ്തുക്കള്‍ക്ക് ആഗോള വിപണിയിലേക്കാള്‍ വില കൂടുതലാണ്, ഇതുമൂലം ഒരു കിലോഗ്രാമിന് 20-25 രൂപ വിതം മില്ലുകള്‍ക്ക് നഷ്ടമുണ്ടാകുന്നു, നൂലും തുണിത്തരങ്ങളും ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തൊനേഷ്യ എന്നിവിടങ്ങളില്‍ എത്തുന്നത് ആഭ്യന്തര വിപണിയെ ദോഷകരമായി ബാധിക്കുന്നു. ഇന്ത്യയെ അപേക്ഷിച്ച് അവിടങ്ങളില്‍ അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കുറവാണ്- എന്നാണ് പരസ്യത്തില്‍ പറയുന്നത്.

കോട്ടണ്‍ നൂലിന്റെ കയറ്റുമതിയില്‍ ഏപ്രില്‍-ജൂണ്‍ വരെയുള്ള കണക്കുകളും കൊടുത്തിട്ടുണ്ട്. കയറ്റുമതില്‍ ഒരു വര്‍ഷത്തിനിടെ വന്‍ കുറവു വന്നതായി കണക്കുകള്‍ പറയുന്നു. 2018 ഏപ്രിലില്‍ 337 ദശലക്ഷം യു.എസ് ഡോളറായിരുന്നു കയറ്റുമതി. ഇത് 2019ല്‍ എത്തിയപ്പോള്‍ 266 മില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം മെയില്‍ 349 മില്യണ്‍ ഡോളര്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 241 ആയി. 2018 ഏപ്രില്‍-ജൂണ്‍ മാസത്തില്‍ കയറ്റുമതി 1063 ദശലക്ഷം ഡോളര്‍ ആയിരുന്നെങ്കില്‍ ഈ വര്‍ഷം ഇതേ സമയം അത് 696 മില്യണ്‍ ഡോളര്‍ മാത്രമാണ്. യഥാക്രമം -21%, -30.8%, -50.1%, -34.6% എന്നിങ്ങനെയാണ് ഇക്കാലയളവില്‍ ഉത്പാദനത്തിലെ ഇടിവ്.

നിലവില്‍ വന്‍ നഷ്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇന്ത്യന്‍ പരുത്തി വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇപ്പോഴില്ലെന്നും പരസ്യം പറയുന്നു. നേരിട്ടും അല്ലാതെയും ഒരു കോടി പേര്‍ക്കാണ് കോട്ടണ്‍ വ്യവസായം ജോലി നല്‍കുന്നത്. തൊഴില്‍ നഷ്ടമാകാതിരിക്കാന്‍ സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധ ആവശ്യമാണ്. നിഷ്‌ക്രിയ ആസ്തി സൃഷ്ടിക്കുന്ന വ്യവസായമായി തുണി വ്യവസായത്തെ മാറ്റരുതെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

വായ്പകള്‍ക്ക് രണ്ടു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കുക, കേന്ദ്ര-സംസ്ഥാന റിബേറ്റുകള്‍ കോട്ടണ്‍ ഉത്പ്പന്നങ്ങള്‍ക്കും നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.

mill association advertisementരാജ്യത്തെ വാഹന, അതിവേഗ ഭക്ഷണ വിപണിയെ തൊഴില്‍ മാന്ദ്യം ഭീതിതമായി ബാധിച്ചതിനു പിന്നാലെയാണ് തുണി വ്യവസായവും മാന്ദ്യത്തിലേക്ക് നീങ്ങുന്നത്.

Read More >>