അവര്‍ക്കിഷ്ടം ഒലയും ഉബറും; വാഹന വിപണി മാന്ദ്യത്തില്‍ യുവാക്കളില്‍ കുറ്റം ചാര്‍ത്തി ധനമന്ത്രി നിര്‍മല

നിര്‍മലയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു

അവര്‍ക്കിഷ്ടം ഒലയും ഉബറും; വാഹന വിപണി മാന്ദ്യത്തില്‍ യുവാക്കളില്‍ കുറ്റം ചാര്‍ത്തി ധനമന്ത്രി നിര്‍മല

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണിയിലെ മാന്ദ്യത്തിന് വിചിത്ര കാരണം നിരത്തി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഒരു കാര്‍ വാങ്ങുന്നതിനേക്കാള്‍ യുവാക്കള്‍ക്ക് ഇഷ്ടം ഉബര്‍, ഒല ടാക്‌സികളോടാണ് എന്നാണ് നിര്‍മല പറഞ്ഞത്. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം ശക്തമായ ഇടപെടല്‍ നടത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാഹന വിപണി 22 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകവെയാണ് ധനമന്ത്രിയുടെ വിചിത്രമായ പ്രസ്താവന.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) തിങ്കളാഴ്ച പുറത്തു വിട്ട കണക്കു പ്രകാരം ഓഗസ്റ്റില്‍ യാത്രാ, വാണിജ്യ, മുച്ചക്ര, ഇരുചക്ര, നാലു ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ മൊത്തം 18.45 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2018 ഓഗസ്റ്റില്‍ 2,816,187 യൂണിറ്റ് വാഹനങ്ങള്‍ ഉല്‍പ്പാദകര്‍ നിര്‍മിച്ചപ്പോള്‍ ഈ വര്‍ഷം ഇത് 2,296,711 ആണ്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനിയില്‍ 34.22 ശതമാനം ഇടിവാണ് ഉണ്ടായത്.

മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 6.93 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുചക്ര വാഹന വില്‍പ്പനയില്‍ 22.24 ശതമാനം കുറവുണ്ടായി. വാനുകളുടെ വില്‍പ്പന 47.36 ശതമാനമായാണ് കുറഞ്ഞത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 38.71 ശതമാനംകുറവ് രേഖപ്പെടുത്തി.

'ഓട്ടോമൊബൈല്‍ മേഖലയെ പ്രത്യേകിച്ചും നിരവധി കാര്യങ്ങള്‍ ബാധിച്ചിട്ടുണ്ട്. ഭാരത് 6 മൂവ്‌മെന്റ് (വാഹനങ്ങള്‍ പുറന്തള്ളുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടുള്ള ഏറ്റവും പുതിയ നിയന്ത്രണങ്ങള്‍-ഉദാ.2020 ഓടെ ഡീസല്‍ കാറുകള്‍ നിര്‍ത്തുമെന്ന പ്രഖ്യാപനം), തവണ വ്യവസ്ഥകളില്‍ കാര്‍ വാങ്ങുന്നതിന് പകരം ഉബര്‍, ഒല അല്ലെങ്കില്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കുന്ന യുവാക്കളുടെ മനഃസ്ഥിതി. വിവിധ മേഖലയിലുള്ള ആളുകളുമായി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഡല്‍ഹില്‍ നിന്നു മാത്രമല്ല, രാജ്യത്തെ എല്ലായിടത്തു നിന്നും' - നരേന്ദ്രമോദി സര്‍ക്കാറിന്റെ നൂറു ദിന ആഘോഷച്ചടങ്ങിനിടെ ചെന്നൈയില്‍ മന്ത്രി പറഞ്ഞു.

നിര്‍മലയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു.

ബസ്സുകളും ട്രക്കുകളും ഉപയോഗിച്ചിരുന്ന യുവാക്കള്‍ അതു നിര്‍ത്തിയതാകും എന്നായിരുന്നു ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡ്‌ലില്‍ കോണ്‍ഗ്രസിന്റെ പരിഹാസം.

വന്‍ പ്രതിസന്ധിയാണ് നിലവില്‍ ഓട്ടോ മൊബൈല്‍ മേഖല നേരിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പറേഷന്റെ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ 20 ശതമാനം ഇടിവാണ് ഉണ്ടായത്. ഇതേകാലയളവില്‍ മാരുതി സുസുക്കിക്ക് കാര്‍ വില്‍പ്പനയില്‍ 34 ശതമാനം ഇടിവുണ്ടായി.

ട്രക്ക്, ട്രാക്ടര്‍ വില്‍പ്പനയെ മാന്ദ്യം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അശോക് ലെയ്‌ലന്‍ഡിന് വില്‍പ്പനയില്‍ 70 ശതമാനം ഇടിവാണ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. മഹേന്ദ്ര ആന്‍ഡ് മഹേന്ദ്രയ്ക്ക് വില്‍പ്പനയില്‍ 15 ശതമാനം കുറവു രേഖപ്പെടുത്തി.

പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട വാഹനനിര്‍മാതാക്കള്‍ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More >>