ഏകസിവില്‍ കോഡ്; സുപ്രിംകോടതി പരാമര്‍ശത്തിനെതിരെ മുസ്‌ലിം സംഘടനകള്‍

വൈവിധ്യങ്ങള്‍ ഏറെയുള്ള രാഷ്ട്രത്തില്‍ പൊതുസിവില്‍ കോഡ് പ്രായോഗികമോ നടപ്പാക്കാന്‍ സാധിക്കുന്നതോ അല്ലെന്ന് സംഘടനകള്‍ പറഞ്ഞു.

ഏകസിവില്‍ കോഡ്; സുപ്രിംകോടതി പരാമര്‍ശത്തിനെതിരെ മുസ്‌ലിം സംഘടനകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏകസിവില്‍ കോഡ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രിംകോടതി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് ന്യൂനപക്ഷ സംഘടനകള്‍. വൈവിധ്യങ്ങള്‍ ഏറെയുള്ള രാഷ്ട്രത്തില്‍ പൊതുസിവില്‍ കോഡ് പ്രായോഗികമോ നടപ്പാക്കാന്‍ സാധിക്കുന്നതോ അല്ലെന്ന് സംഘടനകള്‍ പറഞ്ഞു.

അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തെ ഉലമയേ ഹിന്ദ് തുടങ്ങിയ മുസ്‌ലിം സംഘടനകളാണ് സുപ്രിംകോടതി പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. വ്യക്തിനിയമത്തില്‍ മാറ്റങ്ങള്‍ക്ക് സമ്മതമല്ലെന്നും സംഘടനകള്‍ വ്യക്തമാക്കി.

'ഓഗസ്റ്റ് 31ന് നിയമ കമ്മിഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ഉപദേശക റിപ്പോര്‍ട്ടില്‍ പോലും ഏക സിവില്‍ കോഡ് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല എന്നാണ് പറയുന്നത്. ഇത് അപ്രായോഗികവുമാണ്' - മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വാലി റഹ്മാനി പറഞ്ഞു.

'വ്യക്തിനിയമത്തില്‍ ധാരാളം വൈവിധ്യങ്ങളുള്ള രാഷ്ട്രമാണ് നമ്മുടേത്. എല്ലാവര്‍ക്കും എങ്ങനെയാണ് ഒരു നിയമം നടപ്പാക്കൂക? പാര്‍ലമെന്റിലെ ഭൂരിപക്ഷം വച്ച് സര്‍ക്കാര്‍ അത്തരമൊന്ന് കൊണ്ടുവന്നാല്‍ അത് വലിയ പ്രശ്‌നത്തിലേക്കാകും വഴി തുറക്കുക' - വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പറഞ്ഞു. പൊതുസിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയില്ല എന്നായിരുന്നു ജംഇയ്യത്തുല്‍ ഉലമയേ ഹിന്ദിന്റെ മുതിര്‍ന്ന നേതാവ് നിയാസ് അഹ്മദ് ഫാറൂഖിയുടെ അഭിപ്രായപ്രകടനം.

>> കോടതി പറഞ്ഞത്

ഗോവയിലെ കുടുംബസ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് ജോസ് പൗളോ കുടിഞ്ഞോ വി.എസ് മരിയ ലീസ വാരന്റീന പെരേസ കേസിലായിരുന്നു കഴിഞ്ഞ ദിവസം പരമോന്നത കോടതിയുടെ പരാമര്‍ശങ്ങള്‍.

സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇപ്പോഴും ഏകസിവില്‍ കോഡ് കൊണ്ടുവരാന്‍ വിവിധ സര്‍ക്കാറുകള്‍ പരാജയപ്പെട്ടത് എന്തു കൊണ്ടെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. കോടതിയുടെ നിരന്തര അഭ്യര്‍ത്ഥനകള്‍ ഉണ്ടായിട്ടും ഏകീകൃത സിവില്‍ നിയമത്തിന് സര്‍ക്കാറുകള്‍ താത്പര്യമെടുത്തില്ലെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ കുറ്റപ്പെടുത്തല്‍.

മതം, ആചാരം തുടങ്ങിയവയില്‍ അധിഷ്ഠിതമായ വിവാഹം, വിവാഹമോചനം തുടങ്ങിയ വ്യക്തിനിയമങ്ങള്‍ക്ക് പകരം ഏകീകൃത നിയമം വേണമെന്ന് രാഷ്ട്രനിര്‍മാതാക്കളുടെ പ്രതീക്ഷയായിരുന്നു. അതു കൊണ്ടാണ് ഏകീകൃത സിവില്‍ കോഡ് ഭരണഘടനയിലെ നാലാം ഭാഗത്തില്‍ വകുപ്പ് 44 ആയി ഉള്‍പ്പെടുത്തിയത്. സംസ്ഥാനങ്ങള്‍ ഇതിന് മുന്‍കൈയെടുക്കും എന്നു കരുതിയാണ് ഇത് നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇതില്‍ പിന്നീട് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല- 31 പേജ് വരുന്ന വിധിയില്‍ കോടതി എഴുതി.

മതവും ആചാരവും പരിഗണിക്കാതെ എല്ലാവര്‍ക്കും ഒരുപോലെ സിവില്‍ കോഡ് പാസാക്കിയ ഗോവ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തിളങ്ങുന്ന ഉദാഹരണമാണ്. ഗോവയില്‍ മുസ്ലിംകള്‍ക്ക് ബഹുഭാര്യത്വം അനുവദിക്കാറില്ല. വാക്കുകള്‍ കൊണ്ട് വിവാഹ മോചനം ചെയ്യാനാകുമാകില്ല- കോടതി പറഞ്ഞു.

Read More >>