വാജ്‌പേയിയെ ഉദ്ധരിച്ച് മോദി, മറുപടിയായി നെഹ്‌റുവിനെ ഓര്‍മിച്ചെടുത്ത് മന്‍മോഹന്‍ - രാജ്യസഭയില്‍ വാക് യുദ്ധം

രണ്ടു പേരും തങ്ങളുടെ പാര്‍ട്ടിയിലെ മുന്‍ പ്രധാനമന്ത്രിമാരെ മുന്നില്‍ നിര്‍ത്തിയാണ് ആശയപരമായ സംവാദത്തിന് തരി കൊളുത്തിയത്.

വാജ്‌പേയിയെ ഉദ്ധരിച്ച് മോദി, മറുപടിയായി നെഹ്‌റുവിനെ ഓര്‍മിച്ചെടുത്ത് മന്‍മോഹന്‍ - രാജ്യസഭയില്‍ വാക് യുദ്ധം

ന്യൂഡല്‍ഹി: രാജ്യസഭയുടെ 250-ാം സെഷനില്‍ പരോക്ഷമായി കൊമ്പു കോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും. രണ്ടു പേരും തങ്ങളുടെ പാര്‍ട്ടിയിലെ മുന്‍ പ്രധാനമന്ത്രിമാരെ മുന്നില്‍ നിര്‍ത്തിയാണ് ആശയപരമായ സംവാദത്തിന് തരി കൊളുത്തിയത്.

നരേന്ദ്രമോദി ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ ആണ് സ്മരിച്ചത് എങ്കില്‍ മന്‍മോഹന്‍ സിങ് ഓര്‍ത്തെടുത്തത് ആദ്യ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ.

>മോദി പറഞ്ഞത്

രണ്ടാം സഭ ആയല്ല രാജ്യസഭയെ കാണുന്നതെന്നും ദേശവികസനത്തില്‍ ക്രിയാത്മമായ സംഭാവനകള്‍ നല്‍കാന്‍ ഉപരിസഭയ്ക്കാകുമെന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മോദിയുടെ പ്രസ്താവന.

'ഈ സഭയില്‍ ഒരുപാട് ചരിത്രമുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദീര്‍ഘവീക്ഷണമുള്ള സഭയാണിത്. മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതു പാസായി. ജി.എസ്.ടി പോലും രാജ്യസഭ പാസാക്കിയ ശേഷമാണ് യാഥാര്‍ത്ഥ്യമായത്. 370, 35 (എ) വകുപ്പുകളില്‍ ഇതിന്റെ പങ്ക് വിസ്മരിക്കാവതല്ല' - പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ നാടകങ്ങള്‍ക്കിടെ ശരദ് പവാറിന്റെ നാഷണലിസ്റ്റ് പാര്‍ട്ടി(എന്‍.സി.പി)യെ മുക്തകണ്ഠം പ്രശംസിച്ചായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം. 'ഇന്ന് രണ്ട് പാര്‍ട്ടികളെ ഞാന്‍ അഭിനന്ദിക്കുന്നു. എന്‍.സി.പിയെയും ബി.ജെ.ഡിയെയും. ഈ കക്ഷികള്‍ കര്‍ശനമായി പാര്‍ലമെന്ററി ചടങ്ങള്‍ പാലിക്കുന്നു. അവര്‍ നടുത്തളത്തിലേക്ക് പോകുന്നില്ല. അവര്‍ അവരുടെ കാര്യങ്ങള്‍ ഫലപ്രദമായി ഉന്നയിക്കുന്നുണ്ട്. മറ്റു പാര്‍ട്ടികള്‍, എന്റെ പാര്‍ട്ടി അടക്കം അവരില്‍ നിന്ന് പഠിക്കേണ്ടതുണ്ട്' - എന്നായിരുന്നു മോദിയുടെ പ്രസ്താവന.

>മന്‍മോഹന്‍ പറഞ്ഞത്

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ രാജ്യസഭയുടെ സ്ഥാനം രണ്ടാമതായി മാറിയേനെ എന്നായിരുന്നു മന്‍മോഹന്റെ ' മറുപടി'. നെഹ്‌റുവിനെതിരെ മോദി സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് മന്‍മോഹന്‍സിങിന്റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.

'നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശ്രമങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍, രാജ്യസഭ വെറും പരിഷ്‌കരിച്ച ഒരു സഭയായി, ജനാധിപത്യത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമായിരുന്നു. രണ്ട് സഭകളും തമ്മിലുള്ള അടുത്ത സഹകരണം ഉറപ്പുവരുത്തിയത് അദ്ദേഹമാണ്. ആ സഹകരണം ഇല്ലായിരുന്നു എങ്കില്‍ അത് നമ്മുടെ ജനാധിപത്യത്തെ തന്നെ ബാധിക്കുമായിരുന്നു' ഡോ.സിങ് പറഞ്ഞു.

Read More >>